രാഹുലിന്റെ ഇടത് പ്രശംസ: സംസ്ഥാന കോണ്‍ഗ്രസ് പ്രതിരോധത്തില്‍

തിരുവനന്തപുരം
Posted on: April 18, 2019 1:03 pm | Last updated: April 18, 2019 at 1:03 pm

നിർണായകമായ പൊതു തിരഞ്ഞെടുപ്പിന്റെ പ്രചാരണം സംസ്ഥാന രാഷ്ട്രീയത്തിലും ഇടത് വിരുദ്ധതയിലും കേന്ദ്രീകരിച്ച നടത്തുന്ന സംസ്ഥാനത്തെ കോൺഗ്രസിന് പാർട്ടി ദേശീയ അധ്യക്ഷൻ രാഹുൽഗാന്ധിയുടെ നിലപാട് തിരിച്ചടിയായി.

ആദ്യഘട്ടത്തിൽ ഇടതുപക്ഷത്തെ കുറിച്ച് ഒന്നും പറയില്ലെന്ന് പറഞ്ഞ രാഹുൽ രണ്ടാംഘട്ട പര്യടനത്തിൽ കുറച്ചുകൂടി കടന്ന് സി പി എമ്മിനെ പ്രശംസിക്കുക കൂടി ചെയ്തതാണ് ദേശീയ രാഷ്ട്രീയം വിട്ട് കമ്മ്യൂണിസ്റ്റ് വിരുദ്ധതയും പ്രാദേശിക വിഷയങ്ങളും പ്രചാരണായുധമാക്കിയ കോൺഗ്രസ് നേതൃത്വത്തിന് തരിച്ചടിയായിരിക്കുന്നത്.

അതേസമയം ഇടതുമുന്നണിക്ക് ലഭിക്കാൻ സാധ്യതയുളള ബി ജെ പി വിരുദ്ധ വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് രാഹുൽ ഗാന്ധിയുടെ നീക്കമെങ്കിലും സംസ്ഥാനത്ത് യു ഡി എഫിന്റെ ഇടതുവിരുദ്ധ പ്രചാണത്തിന്റെ മുനയൊടിച്ചിരിക്കുകയാണ്.
ബി ജെ പിയെ പോലെ എതിർക്കേണ്ട പാർട്ടിയല്ല ഇടതുപക്ഷമെന്ന് പറഞ്ഞ രാഹുൽ , ബി ജെ പി ഭരണഘടനാ സ്ഥാപനങ്ങൾ തകർക്കാൻ ശ്രമിക്കുമ്പോൾ ഇടതുപക്ഷം അത് ഒരിക്കലും ചെയ്യില്ലെന്നും ഉറപ്പിച്ച് പറയുന്നു. ദേശീയ അധ്യക്ഷൻ ആർ എസ് എസിനെയും ബി ജെ പിയെയും കടന്നാക്രമിക്കുമ്പോൾ സംസ്ഥാന നേതാക്കൾ പ്രധാനമായും ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനേയും സി പി എമ്മിനെയും മാത്രമാണ്. എന്നാൽ ആദ്യഘട്ടത്തിൽ ഇടതുപക്ഷത്തിനെതിരെ പറയില്ലെന്ന രാഹുലിന്റെ നിലപാടിനെ രാഷ്ട്രീയ ഔന്നിത്യമായും വിനയമായും ന്യായീകരിച്ച നേതാക്കൾ കഴിഞ്ഞ ദിവസം ഇടതിനെ പ്രശംസിച്ച നിലപാടിനെ വിശദീകരിക്കാനാകാതെ കുഴങ്ങുകയാണ്.

ജനാധിപത്യത്തിനും മതേതരത്വത്തിനും പോറലേറ്റ ദേശീയ രാഷ്ട്രീയത്തെ കുറിച്ചും തൊഴിലില്ലായ്മ, ദാരിദ്ര്യം, സാമ്പത്തിക ക്രമക്കേട്, അഴിമതി എന്നിവയെപ്പറ്റിയും ദേശീയ അധ്യക്ഷൻ സംസാരിക്കുമ്പോൾ സംസ്ഥാന നേതാക്കൾ ലാവലിൻ കേസ് മുതൽ കൊലപാത രാഷ്ട്രീയം വരെയുള്ള വിഷയങ്ങളാണ് പ്രചാരണത്തിനായി ഉപോയോഗിച്ചുവരുന്നത്. ഇതോടൊപ്പം ഇടതുവിരുദ്ധ ഹിന്ദുവോട്ടുകൾ ലക്ഷ്യമിട്ട് ശബരിമലയും പരോക്ഷമായി ഉന്നയിക്കുന്നുണ്ട്.

മലബാറിൽ പ്രധാനമായും കോൺഗ്രസിന്റെ പ്രചാരണ വിഷയം രാഷ്ട്രീയ കൊലപാതകമാണ്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽഗാന്ധി മൂന്നുതവണ മലബാറിൽ എത്തിയെങ്കിലും ഒരിക്കൽ പോലും രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് പരാമർശിച്ചില്ലെന്നത് ശ്രദ്ധേയമാണ്.

കാസർക്കോട് പെരിയയിൽ കൊലചെയ്യപ്പെട്ട യുവാക്കളുടെ വീടുകൾ സന്ദർശിച്ചപ്പോൾ പോലും ഇടതുപക്ഷത്തെയോ സി പി എമ്മിനെയോ കടന്നാക്രമിച്ചിരുന്നില്ല. കണ്ണൂരിൽ വെച്ച് വടക്കൻ മലബാറിലെ കൊലപാതകങ്ങളെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് കേരളത്തിൽ നടക്കുന്നത് എന്താണെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു പ്രതികരണം. ഒപ്പം കേരളത്തിൽ നിന്ന് ഇന്ത്യക്ക് ഏറെ പഠിക്കാനുണ്ടെന്ന് കൂടി രാഹുൽ പറഞ്ഞിരുന്നു.
മലബാറിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് യു ഡി എഫ് സംസ്ഥാന നേതൃത്വം സി പി എമ്മിനെ പ്രതിസ്ഥാനത്ത് നിർത്തി കാസർകോട്, വടകര മണ്ഡലങ്ങളിൽ പ്രചാരണം കൊഴുപ്പിക്കുമ്പോഴാണ് ഇത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രാഹുൽഗാന്ധി ഉത്തരം ഒറ്റവാക്കിൽ ഒതുക്കിയത്.

തിരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപവത്കരണത്തിന് ഇടതുപിന്തുണ ആവശ്യമാണെന്ന തിരിച്ചറിവിനൊപ്പം പ്രധാന ശത്രു ബി ജെ പി തന്നെയാണെന്ന് ആവർത്തിച്ച് ബി ജെ പി വിരുദ്ധ വോട്ട് സമാഹരിക്കുകയെന്ന രാഷ്ട്രീയതന്ത്രം കൂടിയാണ് രാഹുൽ പയറ്റുന്നത്.

കേരളത്തിൽ എതിരാളി ഇടതു മുന്നണിയാണെങ്കിലും സംസ്ഥാന നേതൃത്വത്തെ മറികടന്ന് കൊലപാതക രാഷ്ട്രീയമുൾപ്പെടെയുള്ള കാര്യങ്ങളിൽ സി പി എം വിമർശം ഒഴിവാക്കുന്ന രാഹുൽ, ഇടതു മുന്നണിയുടെ പ്രാധാന്യം അംഗീകരിക്കുന്നുവെന്നതാണ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്.