വണ്ടൂരിനെ ജില്ലയാക്കി കോൺഗ്രസ്

Posted on: April 17, 2019 11:56 am | Last updated: April 18, 2019 at 11:59 am

മലപ്പുറം: വയനാട് മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ വണ്ടൂരിനെ മറ്റൊരു ജില്ലയാക്കി മാറ്റി ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഔദ്യോഗിക വെബ് സൈറ്റ്. www.inc.in എന്ന വെബ് സൈറ്റിലെ ഇവെന്റ് കലണ്ടറിൽ ഇന്നലത്തെ പരിപാടിയിലാണ് മലപ്പുറം ജില്ലയുടെ ഭാഗമായ നിയമസഭാ മണ്ഡലത്തെ ജില്ലയായി സൈറ്റിൽ കാണിച്ചിരിക്കുന്നത്.

രണ്ട് മണിക്ക് വണ്ടൂരിൽ സിയന്ന ഓഡിറ്റോറിയത്തിന് സമീപം പൊതുപരിപാടി നടക്കുമെന്നും വണ്ടൂർ ജില്ലയാണ് ഇതെന്നുമാണ് സൈറ്റിൽ വീശദീകരിക്കുന്നത്. എന്നാൽ ഇത് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പ്രശ്‌നം പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് അറിയിച്ചു. സൈറ്റിൽ കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ നടക്കുന്ന പരിപാടി കൃത്യമായി വിശദീകരിക്കുന്നുണ്ട്.

നിലവിൽ വണ്ടൂർ നിയമസഭയെ പ്രതിനിധീകരിക്കുന്നത് കോൺഗ്രസിന്റെ മുൻ മന്ത്രിയായ എ പി അനിൽകുമാർ എം എൽ എയാണ്. പാർട്ടി സൈറ്റിൽ നിയമസഭാ മണ്ഡലത്തെ ജില്ലയാക്കിയതോടെ സാമൂഹിക മാധ്യമങ്ങളിലടക്കം സംഭവം വലിയ ചർച്ചയായി.

എൽ ഡി എഫ് അടക്കമുള്ള പാർട്ടികൾ സംഭവത്തിൽ ട്രോളുകളുമായി രംഗത്തെത്തി. മറ്റു ജില്ലകളുടെ പേര് പറഞ്ഞിട്ടും സന്ദർശന ലിസ്റ്റിൽ നിന്ന് മലപ്പുറത്തിന്റെ പേര് പരാമർശിക്കാതിരുന്നത് ഉത്തരേന്ത്യയിലെ സംഘ്പരിവാർ പ്രചാരണത്തെ ഭയന്നിട്ടാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രധാന വിമർശനം.

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിനെതിരെ ബി ജെ പി കേന്ദ്ര നേതാക്കളുടെ നേതൃത്വത്തിൽ വ്യാജപ്രചാരണമുണ്ടായിട്ടും രാഹുൽഗാന്ധി അതിനെ പ്രതിരോധിച്ചിരുന്നില്ലെന്നും വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് കോൺഗ്രസിന്റെ വെബ് സൈറ്റിൽ പുതിയ ജില്ലയാക്കി മാറ്റി വണ്ടൂരിനെ അവതരിപ്പിച്ചിരിക്കുന്നത്.