ജെറ്റ് എയര്‍വേസ് സര്‍വീസ് നിര്‍ത്തി; അവസാന വിമാനം ഇന്ന് രാത്രി മുംബൈയില്‍ ഇറങ്ങും

Posted on: April 17, 2019 7:37 pm | Last updated: April 18, 2019 at 9:12 am

മുംബൈ: കടക്കെണിയില്‍ അകപ്പെട്ട സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ ജെറ്റ് എയര്‍വേസ് സര്‍വീസ് തത്കാലത്തേക്ക് പൂര്‍ണമായും നിര്‍ത്തി. അവസാന വിമാനം ബുധനാഴ്ച രാത്രി 10.20ന് അമൃത്സറില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടും. സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെക്കുകയല്ലാതെ തങ്ങള്‍ക്ക് മുന്നില്‍ തത്കാലം മറ്റു വഴികള്‍ ഇല്ലെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

8000 കോടി രൂപയുടെ ബാങ്ക് വായ്പാ കുടിശ്ശിക അടക്കാന്‍ കഴിയാതെ വന്നതോടെയാണ് ജെറ്റ് എയര്‍വേസ് പ്രതിസന്ധിയിലായത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ശമ്പളം മുടങ്ങുകയും ജീവനക്കാര്‍ സമരത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഘട്ടം ഘട്ടമായി സര്‍വീസുകള്‍ കമ്പനി നിര്‍ത്തിവെച്ചിരുന്നു. അന്താരാഷ്ട്ര സര്‍വീസുകള്‍ നേരത്തെ തന്നെ പൂര്‍ണമായും നിര്‍ത്തിയിരുന്നു.

ഇതിനിടെ, ജെറ്റ് എയര്‍വേസിന് 1500 കോടി രൂപയുടെ സാമ്പത്തിക രക്ഷാ പാക്കേജ് സ്‌റ്റേറ്റ് ബാങ്ക് ഓഫ ഇന്ത്യയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ കമ്പനിയില്‍ പണം മുടക്കാന്‍ തയ്യാറുള്ള നിക്ഷേപകനെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇത് നടപ്പിലാക്കാനായിട്ടില്ല. ഇടക്കാല ആശ്വാസമായി 400 കോടി രൂപ ജെറ്റ് എയര്‍വേസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതും നിരസിക്കപ്പെട്ടു. ജെറ്റ് എയര്‍വേസിനെ തത്കാലം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്തി പിന്നീട് വീണ്ടും പ്രതിസന്ധി ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.