Connect with us

Gulf

എക്‌സ്‌പോ 2020 യു എ ഇ സമ്പദ്ഘടനക്ക് 12,200 കോടിയുടെ പിന്തുണ ഉറപ്പാക്കും

Published

|

Last Updated

ദുബൈ: യു എ ഇയുടെ വിശിഷ്യാ ദുബൈയുടെ വന്‍കുതിപ്പിന് കാരണമായേക്കുമെന്ന് വിലയിരുത്തപ്പെടുന്ന എക്‌സ്‌പോ 2020ക്ക് ഒന്നര വര്‍ഷം മാത്രം ബാക്കിയിരിക്കേ, രാജ്യത്തിന്റെ സമ്പദ്ഘടനക്ക് ആഗോള വ്യാപാര മേള വലിയ രീതിയില്‍ പിന്തുണ നല്‍കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കി.
യു എ ഇ സാമ്പത്തിക മേഖലക്ക് 12,260 കോടി ദിര്‍ഹമിന്റെ ദീര്‍ഘകാല പിന്തുണ ലഭിക്കുമെന്ന് പഠനം വെളിപ്പെടുത്തുന്നു. “ഏണസ്റ്റ് ആന്‍ഡ് യംഗ്” എന്ന സാമ്പത്തിക രംഗത്തെ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പഠന റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വന്‍ മുതല്‍കൂട്ടാകുന്ന ദീര്‍ഘകാല വിവിധ നിക്ഷേപങ്ങളിലൂടെയാണ് ഇത്രയും തുക എക്‌സ്‌പോ 2020യിലൂടെ ലഭിക്കുകയെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

ആറ് മാസം നീണ്ടുനില്‍ക്കുന്ന, 190 രാജ്യങ്ങളുടെ പ്രാതിനിധ്യമുണ്ടാകുന്ന ആഗോള വ്യാപാരമേള 2020 ഒക്‌ടോബറിലാണ് ആരംഭിക്കുക. 2013 മുതല്‍ 2031 വരെയുള്ള കാലയളവിലാണ് വിവിധ മേഖലകളിലായുള്ള ദീര്‍ഘകാല നിക്ഷേപങ്ങളിലൂടെ 12,260 കോടി ദിര്‍ഹമിന്റെ സാമ്പത്തിക പിന്തുണ യു എ ഇ നേടുക. മേല്‍ കാലയളവില്‍ എക്‌സ്‌പോയുമായി ബന്ധപ്പെട്ട് നടക്കുന്ന ഇവന്റ്‌സ്, ബിസിനസ് എന്നിവയിലൂടെ ഏറ്റവും വലിയ നിക്ഷേപം രാജ്യത്തെത്തും. 6,890 കോടി ദിര്‍ഹമാണ് ഇതുവഴി യു എ ഇക്ക് ലഭിക്കുകയെന്ന് പഠനം വ്യക്തമാക്കുന്നു.
നിര്‍മാണ രംഗത്തുള്ള നിക്ഷേപമാണ് രണ്ടാമതായി ഏറ്റവും കൂടുതലായി പ്രതീക്ഷിക്കുന്നത്. 2700 കോടി ദിര്‍ഹമിന്റെ നിക്ഷേപമാണ് മേല്‍കാലയളവില്‍ എക്‌സ്‌പോയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിര്‍മാണ മേഖലയില്‍ നടക്കുക.
ഹോട്ടല്‍, റസ്റ്റോറന്റ് മേഖലയിലൂടെ മേല്‍കാലയളവില്‍ 1140 കോടി ദിര്‍ഹം ലഭിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ചെറുകിട, ഇടത്തരം വ്യാപാര സ്ഥാപനങ്ങളിലൂടെ 470 കോടിയും നിക്ഷേപമുണ്ടാകും. മാത്രമല്ല 2031 വരെയുള്ള കാലയളവില്‍ എക്‌സ്‌പോയുമായി ബന്ധപ്പെട്ട് പ്രാദേശിക ഉത്പാദന രംഗത്ത് ഒന്നര ശതമാനത്തിന്റെ വര്‍ധനവും രേഖപ്പെടുത്തുമെന്ന് ഏണസ്റ്റ് ആന്‍ഡ് യംഗ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

ഇതിനെല്ലാം പുറമെ, യു എ ഇയുടെ തൊഴില്‍ മേഖലയില്‍ വന്‍ കുതിപ്പിനും രണ്ടര കോടി സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന ആഗോള വ്യാപാര മേള കാരണമാകുമെന്ന് പഠനം പറയുന്നുണ്ട്. 2031 വരെയുള്ള കാലയളവില്‍ 49,700 ദീര്‍ഘകാല തൊഴിലസവരങ്ങളാണ് സൃഷ്ടിക്കപ്പെടുക. എക്‌സ്‌പോ നടക്കുന്ന 2020 ഒക്‌ടോബര്‍ മുതല്‍ 2021 ഏപ്രില്‍ വരെയുള്ള ആറ് മാസക്കാലയളവിലെ ആയിരക്കണക്കായ താത്കാലിക തൊഴിലവസരങ്ങള്‍ക്ക് പുറമെയാണിത്.
വ്യാപാര മേളക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പ്രദേശം എക്‌സ്‌പോക്ക് ശേഷം 2021 മെയ് മുതല്‍ 2031 ഡിസംബര്‍ വരെയുള്ള കാലയളവില്‍ “ഡിസ്ട്രിക് 2020” എന്ന പേരില്‍ പ്രത്യേക വ്യാപാര കേന്ദ്രമായി നിലനില്‍ക്കും. പ്രദേശത്തേക്ക് ഇക്കാലയളവില്‍ ലോകോത്തരമായ വന്‍കിട കമ്പനികളുടെ വരവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഏണസ്റ്റ് ആന്ഡ് യംഗിന്റെ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Latest