Connect with us

Kerala

ഇന്ന് രാത്രി മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്ത് ബുധനാഴ്ച രാത്രി മുതല്‍ 21 വരെ കനത്ത ഒറ്റപ്പെട്ട വേനല്‍മഴക്ക് സാധ്യതയുണ്ടെന്ന് വിവിധ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാസര്‍കോട് ഒഴികെ ജില്ലകളിലാണ് ശക്തമായ മഴ ലഭിക്കുകയെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ വെബ്‌സൈറ്റായ കേരളാവെതര്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്തു. നാളെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുള്ളറ്റിനിലും വ്യക്തമാക്കുന്നു.

കേരളത്തില്‍ മലപ്പുറം ജില്ലയില്‍ ഒറ്റപ്പെട്ട കനത്തമഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. എന്നാല്‍ അന്താരാഷ്ട്ര കാലാവസ്ഥാ പ്രവചന മാതൃകകളും കാറ്റിന്റെ ഗതിയും മറ്റു കാലാവസ്ഥാ വിവര്ങ്ങളും വിലയിരുത്തുമ്പോള്‍ മിക്ക ജില്ലകളിലും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒറ്റപ്പെട്ട കനത്തമഴക്കുള്ള സാഹചര്യം നിലനില്‍ക്കുന്നതായി കേരളവെതര്‍.ഇന്‍ നിരീക്ഷിക്കുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂമധ്യ രേഖക്ക് സമീപത്തായി തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോടും തെക്കന്‍ ആന്‍ഡമാന്‍ കടലിനും സമീപത്തായി ലോ ലെവല്‍ ട്രഫ് രൂപപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഴമേഘങ്ങളുടെ സമൂഹമായ എം.ജെ.ഒയും നിലനില്‍ക്കുന്നു. തെക്കന്‍ കര്‍ണാടക മുതല്‍ കന്യാകുമാരി വരെ സമുദ്രനിരപ്പില്‍ നിന്ന് 0.9 കി.മി ഉയരത്തിലായി ട്രഫ് രൂപപ്പെട്ടതിനാല്‍ കാറ്റിന്റെ ഗതിമുറിവ് (LWD) രൂപപ്പെട്ടിട്ടുണ്ട്. കിഴക്കു നിന്നുള്ള കാറ്റും പടിഞ്ഞാറന്‍ കാറ്റും സജീവമായി വരികയാണ്.

മേല്‍പറഞ്ഞ സാഹചര്യം മൂലം കേരളത്തിലും പരിസരത്തും wind confluence എന്നറിയപ്പെടുന്ന കാറ്റിന്റെ ശ്രേണികള്‍ തിരശ്ചീന ദിശയില്‍ ഒന്നിച്ചു നീങ്ങുന്ന സാഹചര്യം രൂപപ്പെടാന്‍ സാധ്യത കാണുന്നുവെന്ന് കേരളവെതര്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഒറ്റപ്പെട്ട കനത്തമഴക്ക് കാരണമാകും. ഒരേ ദിശയില്‍ നിന്നുള്ള കാറ്റുകള്‍ ഇത്തരത്തില്‍ കൂടിച്ചേര്‍ന്ന് ഒഴുകുന്ന സാഹചര്യം വരുമ്പോള്‍ ഈ മേഖലയിലെത്തുന്ന കാറ്റിന് പെട്ടെന്ന് വേഗം കൂടുകയും മേഘങ്ങളെ പെട്ടെന്ന് ഘനീഭവിപ്പിക്കുകയും ഒരു പ്രദേശത്ത് ശക്തമായ മഴപെയ്യിക്കുകയും ചെയ്യും. ഈ സാഹചര്യം നീങ്ങിയാല്‍ കനത്തമഴ സാധ്യതയും ഇല്ലാതാകും.

Latest