കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ ശശി തരൂരിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു

Posted on: April 16, 2019 9:46 am | Last updated: April 16, 2019 at 11:25 am

തിരുവനന്തപുരം: തുലാഭാര വഴിപാട് നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയില്‍ വീണ് പരുക്കേറ്റതിരെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ അവര്‍ ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി തരൂരിനെ കണ്ടത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപൂര്‍വ മര്യാദയുടെ ഭാഗമാണ് കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനമെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. സന്ദര്‍ശനത്തിന്റെ ചിത്രവും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. എതിര്‍ സ്ഥാനാര്‍ഥി എല്‍ ഡി എഫിന്റെ സി ദിവാകരന്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞതായും അദ്ദേഹം ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാര വഴിപാടിനിടെയാണ് ത്രാസ് തരൂരിന്റെ തലയില്‍ പതിച്ചത്.