Connect with us

International

ലോകകപ്പ് 2019: പടക്കൊരുങ്ങി ഓസീസ്; കരുത്തു പകര്‍ന്ന് വാര്‍ണറും സ്മിത്തും തിരികെയെത്തി

Published

|

Last Updated

സിഡ്‌നി: ഇംഗ്ലണ്ടിലും വെയില്‍സിലുമായി മെയ് 30ന് ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള ആസ്‌ത്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ആരോണ്‍ ഫിഞ്ചിന്റെ നായകത്വത്തിലാണ് ഓസീസ് പട ലോകകപ്പ് കിരീടം തേടി പടക്കിറങ്ങുക. പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്കിനു ശേഷം ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും മടങ്ങിയെത്തുന്നത് ടീമിന് കരുത്താകും.

ഫിഞ്ചിനെ കൂടാതെ മറ്റു ബാറ്റിംഗ് തുരുപ്പുചീട്ടുകളായ ഉസ്മാന്‍ ഖ്വാജ, ഷോണ്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ ഓള്‍റൗണ്ടര്‍മാരായ ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിന്‍സ് എന്നിവര്‍ ടീമിലുണ്ട്. പാറ്റ് കമ്മിന്‍സ്, മൈക്കേല്‍ സ്റ്റാര്‍ക്ക്, നഥാന്‍ കോള്‍ട്ടര്‍ നീല്‍, ജെ റിച്ചാര്‍ഡ്‌സണ്‍, നഥാന്‍ ലിയോണ്‍, ആദം സാംബ, ജോണ്‍സണ്‍ ബെഹ്‌റന്‍ഡോഫ് എന്നിവരടങ്ങിയ ബൗളിംഗ് നിര പുകള്‍പെറ്റ ഏതു ബാറ്റിംഗ് പ്രതിഭകളെയും പെട്ടെന്നു കൂടാരം കയറ്റാന്‍ കെല്‍പ്പുള്ളവരാണ്. അലക്‌സ് ക്യാരി വിക്കറ്റിനു പിന്നില്‍ നിലയുറപ്പിക്കുക.

എന്നാല്‍, മികച്ച പ്രകടനം നടത്തിവരുന്ന പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിനും പേസ് ബൗളര്‍ ജോഷ് ഹേസല്‍വുഡിനും ടീമില്‍ സ്ഥാനം ലഭിച്ചില്ല. പരിചയ സമ്പത്ത് പരിഗണിച്ചതിനെ തുടര്‍ന്ന് േേഹസല്‍ വുഡിനെ മറികടന്ന് ഷോണ്‍ മാര്‍ഷ് ടീമിലെത്തിയത്. പരുക്കാണ് ഹേസല്‍വുഡിനെ തഴയാനിടയാക്കിയത്. ജൂണ്‍ ഒന്നിന് ബ്രിസ്റ്റളില്‍ അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടി ആസ്‌ത്രേലിയ 2019 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ക്കു തുടക്കം കുറിക്കും.