Connect with us

Uae

അബുദാബി പുസ്തകോത്സവം 24 മുതൽ;  50 രാജ്യങ്ങളിൽ നിന്നും 1000 പ്രസാധകർ പങ്കെടുക്കും 

Published

|

Last Updated

അബുദാബി : അബുദാബി അന്തരാഷ്ട്ര പുസ്തകോത്സവം ഏപ്രിൽ 24 മുതൽ 30 വരെ അബുദാബി പ്രദർശന നഗരിയിൽ നടക്കുമെന്ന് ഭാരവാഹികൾ അബുദാബി മനാറത്തൽ സാദിയത്തിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 50 രാജ്യങ്ങളിൽ നിന്നുള്ള 1000 ൽ പരം പ്രസാധകരാണ് മേളയിൽ പങ്കെടുക്കുക. 29 മത് പുസ്തകോത്സവത്തിൽ ഇന്ത്യയാണ് അതിഥി രാജ്യം. യു എ ഇ  സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായി നിരവധി പ്രത്യേകതകളോടെയാണ് പുസ്തകോത്സവം നടക്കുകയെന്ന് വിനോദസഞ്ചാര സാംസ്കാരികവകുപ്പ് അറിയിച്ചു. സമാനമനസ്കരായ എഴുത്തുകാർക്കും പ്രസാധകർക്കും പണ്ഡിതർക്കുമെല്ലാം ഒത്തുചേർന്ന് ആശയവിനിമയം നടത്താനുമുള്ള വലിയ വേദിയാണ് പുസ്തകോത്സവത്തിനായി നാഷണൽ എക്സിബിഷൻ സെന്ററിൽ ഒരുങ്ങുന്നത്. സാഹിത്യം, കല, സംസ്കാരം, സംഗീതം, നൃത്തം, സിനിമ എന്നിവയെല്ലാം സമ്മേളിക്കുന്ന വേദിയായിരിക്കും പുസ്തകോത്സവം. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നാണിത്. മൂന്ന് പുതിയ ഇൻററാക്ടീവ് സോണുകൾ ഈ  വർഷത്തെ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇ സോൺ, കോമിക് കോർണർ, വിനോദ സോൺ എന്നിവയാണ് ഇവ. പഠനത്തിനും നവീന ആശയങ്ങൾ പരിചയപ്പെടുന്നതിനും വിനോദത്തിനും ഉപകരിക്കുന്നതാണ് ഈ  സോണുകൾ. ഡിജിറ്റൽ ഉള്ളടക്ക നിർമാണത്തിൽ ഏറ്റവും പുതിയ പ്രവണതകൾ മനസ്സിലാക്കാൻ സാധിക്കുന്നതാണ് ഇ സോൺ.
ഡിജിറ്റൽ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിദഗ്ധർ തത്സമയം അവതരിപ്പിക്കും. വിനോദ സോണിൽ ലോകത്തെ വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നുള്ള ഭക്ഷണവും സംഗീതവും ആസ്വദിക്കാം. മറ്റു സംസ്കാരങ്ങളിലേക്ക് നമുക്ക് വഴി തുറക്കുന്നതിൽ വലിയ പങ്കാണ് അബൂദബി അന്താരാഷ്ട്ര പുസ്തകമേള വഹിക്കുന്നതെന്ന് അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് അണ്ടർ സെക്രട്ടറി സെയ്ഫ് സഈദ്  ഗോബാശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേന ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാധികാരത്തിലാണ് മേള നടക്കുന്നത്. 35,000 ചതുരശ്ര മീറ്റര്‍ വിസ്താരത്തില്‍ നടക്കുന്ന അക്ഷര മേളയിൽ സെമിനാറുകള്‍, ശില്‍പ്പശാലകള്‍ തുടങ്ങി 830 സാംസ്‌കാരിക പരിപാടികളും വിദഗ്ധരുടെ പാനല്‍ ചര്‍ച്ചകളും അരങ്ങേറും.പ്രദർശന ഏരിയ മുഴുവനും വിവിധ രാജ്യങ്ങളും, പ്രസാധകരും ഏറ്റെടുത്തു കഴിഞ്ഞു. മുൻകൂട്ടി ബുക്ക് ചെയ്തവരിൽ 100 പ്രസാധകരെ കാത്തിരിക്കുകയാണെന്നും അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. അന്തർദേശീയതലത്തിൽ പ്രശസ്തരായ നോബൽ സമ്മാനജേതാവായ മലാല യൂസഫ്സായിയുടെ പിതാവ് സിയാഉദ്ദീൻ യൂസഫ്സായി, ബുക്കർ പ്രൈസ് വിജയി ബിൻ ഒക്രി, രചയിതാവ് സാറ ബ്രിറിലി എന്നിവരും ഈ വർഷം പുസ്തകോത്സവത്തിന് എത്തും. ഉക്രെയിൻ, ചെക്ക് റിപ്പബ്ലിക്ക്, എസ്തോണിയ, മാൾട്ട, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രദർശകർ ആദ്യമായാണ് പ്രദർശനത്തിന് എത്തുന്നത്.

സ്മിത പാന്ഥ്

പുസ്തകമേളയിലെ ഏറ്റവും വലിയ പവലിയൻ ഇന്ത്യയുടേത് 
അബുദാബി : പ്രസിദ്ധരായ എഴുത്തുകാർ, പ്രസാധകർ, സാഹിത്യപ്രതിഭകൾ, കലാകാരന്മാർ ഉൾപ്പെടുന്ന നൂറുകണക്കിന് സാംസ്‌കാരിക പ്രവർത്തകർ പുസ്തക മേളയിൽ പങ്കെടുക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പാന്ഥ് പറഞ്ഞു.  ഇന്ത്യയും യു എ ഇയും തമ്മിലുള്ള അഘാധവും,തന്ത്രപ്രധാനമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇന്ത്യയെ അതിഥി രാജ്യമായി ക്ഷണിച്ചതെന്ന് അവർ പറഞ്ഞു. രണ്ട് പ്രധാന നേതാക്കൾ പങ്കുവെക്കുന്ന സാംസ്കാരിക സഹകരണത്തി ഒരു മാതൃകയാണ് മനാറത്ത് അൽ സാദിയത്തിൽ  സമീപകാലത്ത് തുറന്ന ശൈഖ് സായിദ് ഗാന്ധി ഡിജിറ്റൽ മ്യൂസിയമെന്ന് അവർ കൂട്ടിച്ചേർത്തു. ഇന്ത്യൻ പവലിയനിൽ  സാംസ്കാരിക പരിപാടികൾ, കവിത സെഷനുകൾ, വർക്ക്ഷോപ്പുകൾ എന്നിവയുണ്ടാകും. ഇംഗ്ലീഷിന് പുറമെ  മറ്റ് പ്രാദേശിക ഭാഷകളിലെ പ്രമുഖരായ എഴുത്തുകാരും പരിപാടിയിൽ പങ്കെടുക്കും, പുസ്തകമേളയിലെ ഏറ്റവും വലിയ പവലിയൻ ഇന്ത്യയുടേതായിരിക്കും അവർ പറഞ്ഞു. ഇന്ത്യയിൽ നിന്നും പ്രധാനവേദിയിൽ ഇന്ത്യൻ സ്ഥാനപതി നവദീപ് സൂരി, പ്രീതി ഷേണായ് , ദീപക് ഉണ്ണികൃഷ്ണൻ, മനോജ് ദാസ് , ഗാന്ധി പ്രഭാഷകൻ ബിരാഡ് രാജാറാം യാഗ്നിക് എന്നിവർ പങ്കെടുക്കും.  ഇന്ത്യൻ പവിലിയനിൽ ഇന്ദു മേനോൻ, പ്രൊഫസർ സിക്കുറുർ റഹ്മാൻ, ഉറുദു എഴുത്തുകാരൻ രത്തൻ സിങ്, ഹിന്ദി എഴുത്തുകാരൻ ദിവിക് രമേശ്, അഞ്ജന ചൊട്ടപധ്യായ, പ്രൊഫസർ ലളിത് ബിഹാരി, ശ്രീധർ പരാധകർ, ഉറുദു പ്രഭാഷകൻ അക്വിൽ അഹ്‌മദ്‌, വിക്യ ആര്യ, മലയാളം എഴുത്തുകാരി എസ് ശാരദക്കുട്ടി എന്നിവർ പങ്കെടുക്കും.
കേരളത്തിൽ നിന്നും ഇന്ദുമേനോനും, ഡോ എസ് ശാരദക്കുട്ടിയും 
അബൂദബി: അബൂദബി അന്താരാഷ്ട്ര പുസ്തകമേളയിൽ കേരളത്തിൽനിന്ന് സാഹിത്യകാരി ഇന്ദുമേനോനും എഴുത്തുകാരി ഡോ എസ് ശാരദക്കുട്ടിയും പെങ്കടുക്കും. 25ഓളം  ഇന്ത്യൻ പ്രസാധകരാണ് മേളയിൽ സ്റ്റാൾ ഒരുക്കുന്നത്. മലയാളത്തിൽനിന്ന് ഡി സി കറൻറ് ബുക്സ്, ലിപി പബ്ലിക്കേഷൻസ്, പുസ്തകം, സാഹിത്യ അക്കാദമി എന്നിവയുടെ സ്റ്റാളുകളുണ്ടാകും. നാഷനൽ ബുക് ട്രസ്റ്റ് ഇന്ത്യ, യു എ ഇയിലെ ഇന്ത്യൻ എംബസി, ഗീത പബ്ലിഷിങ് ഹൗസ്, ഡി ആർ ഡി ഒ, കെ ഡബ്ല്യു പബ്ലിഷേഴ്സ്, സെഡ് 4 ബുക്സ്, ക്രിയേറ്റീവ് എജുക്കേഷനൽ എയ്ഡ്സ്, എൻ സി പി യു എൽ, സംസ്കൃത ഭാരതി, ഏഞ്ചൽ പബ്ലിഷിങ് ഹൗസ്, എൻ സി ഇ ആർ ടി, ഐ ജി എൻ സി എ, റൈസിങ് സൺ പബ്ലിഷിങ് കമ്പനി, ഓം  ബുക്സ് ഇൻറർനാഷനൽ, കാപക്സിൽ, എൻ ഐ  ഡി, വാർത്താവിതരണ മന്ത്രാലയത്തിനെറ പബ്ലിക്കേഷൻ വിഭാഗം, സി ഐ എസ് സി  എ ആർ തുടങ്ങിയവയാണ് പെങ്കടുക്കുന്ന മറ്റുള്ളവ.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest