യൂനിഫോമിനായി 37 ലക്ഷം മീറ്റർ കൈത്തറിത്തുണി സൗജന്യമായി നൽകും

Posted on: April 15, 2019 11:13 am | Last updated: April 15, 2019 at 11:13 am

പാലക്കാട്: സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ വിദ്യാർഥികളുടെ യൂനിഫോമിനായി ഇക്കുറി 37,32,578.2 മീറ്റർ കൈത്തറിത്തുണി സൗജന്യമായി വിതരണം ചെയ്യാൻ തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരമാണ് തുണി എത്തിക്കുക. വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളായ ഹാൻവീവും ഹാൻടെക്‌സുമാണ് യൂനിഫോമിനാവശ്യമായ തുണി ലഭ്യമാക്കുന്നത്.

ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഒരുജോഡി യുനിഫോമിനുള്ള തുണിയാണ് സൗജന്യമായി നൽകുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള കൈത്തറി സഹകരണ സംഘങ്ങൾ ഉത്പാദിപ്പിച്ച തുണി മുഴുവനും ഇതിനായി ശേഖരിക്കും. ഇതിൽ 2,58,452.62 മീറ്റർ തുണി ഹാൻടെക്‌സും 1,76,480.20 മീറ്റർ തുണി ഹാൻവീവും ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. മേയ് പകുതിയോടെ യൂനിഫോം വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഹാൻടെക്‌സും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലേക്ക് ഹാൻവീവുമാണ് തുണി ലഭ്യമാക്കുന്നത്.

സംസ്ഥാനത്തെ നാന്നൂറോളം കൈത്തറി സംഘങ്ങളിലായി അയ്യായിരത്തിലധികം തൊഴിലാളികളാണ് യൂനിഫോം തുണി ഉത്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 2016ലാണ് സ്‌കൂളുകളിൽ സൗജന്യ കൈത്തറി യൂനിഫോം പദ്ധതി തുടങ്ങിയത്.