Connect with us

National

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം: ഐ എസ് ആര്‍ ഒയുമായുള്ള സഹകരണം നാസ നിര്‍ത്തിവച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനുമായി (ഐ എസ് ആര്‍ ഒ) സഹകരിച്ചുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ നാസ താത്കാലികമായി അവസാനിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട കത്ത് മാര്‍ച്ച് 29ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രെയ്ഡന്‍സ്‌റ്റൈന്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന് കെ ശിവന് കത്ത് നല്‍കിയതായാണ് പുറത്തുവന്ന വിവരം. വൈറ്റ് ഹൗസ് നിര്‍ദേശപ്രകാരമാണ് കത്ത് നല്‍കിയതെന്നാണ് സൂചന.

മാര്‍ച്ച് 27ന് ഇന്ത്യ നടത്തിയ മിസൈല്‍ പരീക്ഷണം (മിഷന്‍ ശക്തി) ബഹിരാകാശത്ത് ചെറുതും വലുതുമായ 400ഓളം അവശിഷ്ടങ്ങള്‍ സൃഷ്ടിച്ചതായി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ത്തന്നെ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്റെ ഉയരത്തിലാണ് നിരവധി അവശിഷ്ടങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്. ഇത് ഭീതിദമായ അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും കത്തില്‍ പറയുന്നു.

ഭൗമോപരിതലത്തില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള കാലാവധി കഴിഞ്ഞ ഇന്ത്യയുടെ തന്നെ ഉപഗ്രഹത്തെയാണ് ഡി ആര്‍ ഡി ഒ നിര്‍മിച്ച ബാലിസ്റ്റിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ ഉപയോഗിച്ച് മൂന്നു മിനുട്ടിനുള്ളില്‍ തകര്‍ത്തത്.

Latest