മകൾക്ക് സുഖപ്രസവം; മാണി സാർ പുകവലി നിർത്തി

Posted on: April 9, 2019 7:26 pm | Last updated: April 9, 2019 at 7:26 pm

കോളജ് പഠന കാലം മുതല്‍ പുകവലി കൂടക്കൊണ്ട് നടന്ന വ്യക്കതിയായിരുന്നു കെ എം മാണി. കേരളത്തിലെ പല മുന്‍കാല നേതാക്കളെയും പോലെ ഒരു ചെയിന്‍ സ്‌മോക്കര്‍. ദിവസേന പത്ത് പാക്കറ്റ് (നൂറ് സിഗരറ്റുകള്‍) വരെ ഒരു ദിവസം വലിക്കുമായിരുന്നെന്ന് മാണി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പുകവലിക്കാരാനായ മാണി ഇത് നിര്‍ത്തിയതിന് പിന്നിലൊരു കഥയുണ്ട്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മൂത്ത മകള്‍ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കാലം. ലേബര്‍ റൂമിന് പുറത്ത് ആശങ്കയോടെ മാണിയും ഭാര്യ കുട്ടിയമ്മയും. മകളെക്കുറിച്ചോര്‍ത്ത് പിരിമുറക്കത്തില്‍ മാണി നിരന്തരം പുകവലിക്കുന്നു. ഒടുവില്‍ കുട്ടിയമ്മ മാണിക്ക് അരികിലെത്തി പുകവലി ഒന്ന് നിര്‍ത്തുമോയെന്ന് ആവശ്യപ്പെട്ടു.

ഉടന്‍ തന്നെ മാണി കുട്ടിയമ്മയുടെ തല കൈവച്ച് പറഞ്ഞു.മകള്‍ക്ക് സുഖ പ്രസവമായാല്‍ ഇനി മേലില്‍ ഞാന്‍ വലിക്കില്ല. മകളുടെ പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ മാണി കുട്ടിയമ്മക്ക് നല്‍കിയ ഈ വാക്ക് പിന്നീട് ഒരിക്കലും തെറ്റിച്ചിട്ടില്ല.