Connect with us

Kerala

വക്കീല്‍ കുപ്പായമണിഞ്ഞു; പക്ഷേ തിളങ്ങിയത് വെള്ള ജുബ്ബയില്‍

Published

|

Last Updated

കോട്ടയം: മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപള്ളിയെന്ന കൊച്ചുഗ്രാമത്തിലെ സാധാരണ കര്‍ഷകകുടുംബത്തില്‍ കരിങ്ങോഴയ്ക്കല്‍ തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടെയും മകനായാണ് കെ എം മാണിയുടെ ജനനം. മരങ്ങാട്ടുപള്ളി സെന്റ് തോമസിലും കടപ്ലാമറ്റം സെന്റ് ആന്റണീസിലും കുറവിലങ്ങാട് സെന്റ് മേരീസിലും പാലാ സെന്റ് തോമസിലും ഒക്കെയായിരുന്നു കെ എം മാണിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ പങ്കാളിയായി. തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്‌സിലും തേവര സേക്രഡ് ഹാര്‍ട്‌സിലുമായിരുന്നു കോളജ് വിദ്യാഭ്യാസം.

കലാലയത്തിലെ മത്സരപ്രസംഗത്തില്‍ തുടങ്ങിയതാണ് പിന്നീട് പ്രസിദ്ധമായ വാഗ്‌ധോരണി. 1960കളിലാണ് കെ എം മാണി ജനസേവന രംഗത്തേക്ക് കടന്നുവരുന്നത്. മദ്രാസ് ലോ കോളജില്‍ നിന്നും 1955ല്‍ നിയമബരുദം നേടി. നാട്ടില്‍ തിരിച്ചെത്തിയ മാണിയെ അച്ഛന്‍ മരങ്ങാട്ടുപള്ളി കരിങ്ങോഴയ്ക്കല്‍ തൊമ്മന്‍ മാണി, കോഴിക്കോട് കൂടരഞ്ഞിയിലുള്ള റബ്ബര്‍തോട്ടം നോക്കിനടത്താന്‍ ഏല്‍പ്പിച്ചു. വക്കീല്‍പ്പണിയോട് ഏറെ താത്പര്യമുണ്ടായിരുന്നതിനാല്‍, കോഴിക്കോട്ടുപോയി പരേതനായ ഹൈക്കോടതി ജഡ്ജി പി ഗോവിന്ദമേനോന്‍ അഭിഭാഷകനായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കീഴില്‍ പ്രാക്ടീസ് ആരംഭിച്ചു. കോഴിക്കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്നു ഗോവിന്ദമേനോന്‍. സീനിയര്‍ ആയിരുന്ന ഗോവിന്ദമേനോനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നഗരസഭാ വാര്‍ഡിലെ ചെറിയ ആള്‍ക്കൂട്ടത്തില്‍ പ്രസംഗകനായി കെ എം മാണി മാറി. പിന്നീട് ഒരു വര്‍ഷത്തെ പ്രാക്ടീസിന് ശേഷം പാലായിലേക്ക് മടങ്ങിയെത്തി.

ആ തിരിച്ചുവരവ് സജീവ രാഷ്ട്രീയത്തിലേക്കുള്ള മാണിയുടെ വരവുകൂടീയായിരുന്നു. അക്കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പിടി ചാക്കോയുടെ പ്രവര്‍ത്തനങ്ങളില്‍ കെ എം മാണി ആകൃഷ്ട്‌നാകുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായി മാറിയിട്ടും വക്കീലായി പ്രാക്ടീസ് തുടര്‍ന്നു. ഏറ്റെടുത്ത ഒരു കേസിലും തോറ്റില്ല. വക്കീല്‍പ്പണിയും കൃഷിയും പൊതുപ്രവര്‍ത്തനവും തുടര്‍ന്നു. ഇതിനിടെ, ഇടുക്കിയിലെ ചുരുളി കീരിത്തോട്ടില്‍ കൈവശഭൂമിയില്‍നിന്ന് കുടിയേറ്റകര്‍ഷകരെ സര്‍ക്കാര്‍ ഇറക്കിവിട്ടു. അവര്‍ക്കുനേരേ ലാത്തിച്ചാര്‍ജും നടന്നു.

കെ.പി.സി.സി. അംഗംകൂടിയായിരുന്ന കെ എം മാണിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ കീരിത്തോട്ടില്‍ പോയി. ഹൃദയഭേദകമായിരുന്നു അവിടത്തെ കാഴ്ച. ആ വേദനയില്‍നിന്നുകൂടിയാണ് കേരള കോണ്‍ഗ്രസിന്റെ പിറവി. രാജ്യത്ത്, ഡി.എം.കെ. മാത്രമാണ് കേരളാകോണ്‍ഗ്രസിന് മുമ്പേ വന്ന പ്രാദേശിക രാഷ്ട്രീയപാര്‍ട്ടി. പ്രാദേശികപാര്‍ട്ടിയായിരിക്കുമ്പോഴും ദേശീയവീക്ഷണം നിലനിര്‍ത്തി. 1964ല്‍ കെ മാണി കോട്ടയം ഡിസിസിയുടെ സെക്രട്ടറിയായി. അതേവര്‍ഷമാണ് പി ടി ചാക്കോയുടെ വിയോഗം. 1964ല്‍ തിരുനക്കരയില്‍ മന്നത്തു പത്മനാഭന്‍ കേരള കോണ്‍ഗ്രസിന് തിരികൊളുത്തി. കോട്ടയം ഡിസിസി അതേപടി കേരള കോണ്‍ഗ്രസിന്റെ ജില്ലാകമ്മിറ്റിയായി.

1979ല്‍ പി ജെ ജോസഫുമായുള്ള അഭിപ്രായ ഭിന്നതയില്‍ കെ എം മാണി പാര്‍ട്ടിവിട്ടു. അങ്ങിനെ കേരള കോണ്‍ഗ്രസ് എം പാലായുടെ മണ്ണിലേക്ക് ജനിച്ചുവീണു. ഉടയാത്ത വെള്ള ജുബ്ബയും ആത്മവിശ്വാസവും മാണിയെ വളര്‍ത്തി. രാഷ്ട്രീയ ജീവിതത്തില്‍ കരുത്തനായ ആ നേതാവിന് ജീവിതത്തില്‍ സഫലമാകാതെ പോയെ ഏറ്റവും വലിയ ആഗ്രഹമായിരിക്കും മുഖ്യമന്ത്രിപദവി. മോഹിച്ചിട്ടും മോഹിപ്പിച്ചിട്ടും കിട്ടാതെ പോയ പദവിയായി അദ്ദേഹത്തിന്റെ ജീവിത്തില്‍ അത് എന്നും അണയാത്ത കനലായിരുന്നു.