പാലാക്കാരുടെ മാണിസാര്‍; മാണി സാറിന്റെ സ്വന്തം പാലാ

പാലായ്ക്ക് കെ എം മാണി ആദ്യം കുഞ്ഞുമാണിയായിരുന്നു. പിന്നീടാണ് ജനഹൃദയം അദ്ദേഹത്തെ മാണി സാറാക്കിയത്. അന്തരിച്ച മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ പോലും ഒരു പൊതു ചടങ്ങില്‍ വച്ച് നിങ്ങളെല്ലാം മാണി സാറെന്നുവിളിക്കുന്ന കെ എം മാണിയെ ഞാനും മാണി സാറെന്നാണ് വിളിക്കുന്നത് എന്ന് പറയുകയുണ്ടായി.
Posted on: April 9, 2019 5:44 pm | Last updated: April 9, 2019 at 8:51 pm

കോട്ടയം: പാലായെന്നാല്‍ കെ എം മാണി. ഭാര്യയായ കുട്ടിയമ്മ കഴിഞ്ഞാല്‍ പിന്നെ കെ മാണിക്ക് ഏറെപ്രിയം പാലായോടായിരുന്നു. രാഷ്ട്രീയ പാപ്പരസികള്‍ പാലായെ മാണിസാറിന്റെ രണ്ടാംഭാര്യയെന്നാണ് വിശേഷിപ്പിച്ചിരുന്നത്. അത് ഒരുകണക്കിന് നോക്കിയാല്‍ സത്യമാണ്. പാലായെ ഭാര്യയെ ചേര്‍ത്തുപിടിക്കുന്ന പോലെ മാണിസാര്‍ ഒപ്പം ചേര്‍ത്തുനിര്‍ത്തി. പാലാ നിവാസികള്‍ അദ്ദേഹത്തിന്റെ മക്കളുമായി മാറി.

കെ എം മാണിക്ക് മുന്‍പ് പാലാ എന്നൊരു നിയോജക മണ്ഡലം ഉണ്ടായിരുന്നില്ല. മീനച്ചിലെന്നും പുലിയന്നൂര്‍ എന്നും പേരുണ്ടായിരുന്ന മണ്ഡലം പാലാ ആയത് 1965ലാണ്. പാലാ എന്ന പേരിലുള്ള ആദ്യനിയോജകമണ്ഡലത്തിന്റെ ആദ്യതിരഞ്ഞെടുപ്പ്്. കെ എം മാണി ആദ്യം സ്ഥാനാര്‍ത്ഥിയായതും ജയിച്ചതും ആവര്‍ഷം തന്നെ. അന്നുമുതല്‍ പാലാ മണ്ഡലം കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു.

മരങ്ങാട്ടുപള്ളിക്കാരനും വക്കീലും കോണ്‍ഗ്രസില്‍ പി ടി ചാക്കോയുടെ ശിഷ്യനുമായിരുന്ന കെ എം മാണി ഒരു വര്‍ഷം മുന്‍പ് മാത്രം പിറന്ന കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായാണ് പാലായില്‍ കന്നിയങ്കത്തിന് ഇറങ്ങിയത്. ജയിച്ചെങ്കിലും നിയമസഭ രൂപീകൃതമായില്ല. രണ്ടുവര്‍ഷം കഴിഞ്ഞു വീണ്ടും തിരഞ്ഞെടുപ്പ്. പാലായില്‍ നിന്നും അദ്ദേഹം എല്‍എംഎയായി. അന്നുതൊട്ട് ഇന്നോളം മുടങ്ങാതെ 13 തവണ എംഎല്‍എയായി. തലമുറകൈമാറി പാലാ വിരലില്‍ മഷിപുരട്ടുന്നത് കെ എം മാണിയെന്ന പാലാക്കാരുടെ സ്വന്തം മാണി സാറിനെ വിജയിപ്പിക്കാന്‍വേണ്ടി മാത്രമായി.

പാലായ്ക്ക് കെ എം മാണി ആദ്യം കുഞ്ഞുമാണിയായിരുന്നു. പിന്നീടാണ് ജനഹൃദയം അദ്ദേഹത്തെ മാണി സാറാക്കിയത്. അന്തരിച്ച മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ പോലും ഒരു പൊതു ചടങ്ങില്‍ വച്ച് നിങ്ങളെല്ലാം മാണി സാറെന്നുവിളിക്കുന്ന കെ എം മാണിയെ ഞാനും മാണി സാറെന്നാണ് വിളിക്കുന്നത് എന്ന് പറയുകയുണ്ടായി. കെ എം മാണിക്കൊപ്പം പാലായുടെ രാഷ്ട്രീയവും വളര്‍ന്നു. മാണിയെ എതിര്‍ക്കുന്നവര്‍ കേരള കോണ്‍ഗ്രസിലും പാലായിലും ഉണ്ടായിട്ടുണ്ട്. എന്നാലും പാലാക്കാര്‍ക്ക് മാണി സാര്‍ തന്നെയാണ് പ്രിയപ്പെട്ടവന്‍. പാലായുടെ രാഷ്ട്രീയ ഭൂപടത്തില്‍ വിഭജനരേഖ കെ എം മാണിയായിരുന്നു.

1975 ഡിസംബര്‍ 21നാണ് കെ എം മാണി ആദ്യം മന്ത്രിയാകുന്നത്. ധനകാര്യവകുപ്പില്‍ തുടങ്ങിയ അദ്ദേഹം കൈകാര്യ ചെയ്യാത്ത വകുപ്പുകള്‍ ഇല്ല. ആഭ്യന്തരം, റവന്യു, ജലസേചനം, നിയമം, ഭവനം, വൈദ്യുതി അങ്ങിനെ പലവകുപ്പുകളിലായി വെളിച്ച വിപ്ലവം, പാര്‍പ്പിട പദ്ധതി, കാരുണ്യ ചികിത്സാ പദ്ധതി മുതല്‍ അദ്ദേഹത്തിന്റെ ഭരണകാലത്തെ വിപ്ലവകരമായ നേട്ടങ്ങളായിരുന്നു. ധനമന്ത്രിയായിരുന്ന കാലത്ത് 13 ബജറ്റുകള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. മാണിയുടെ ബജറ്റ് അവതരണം നിയമസഭയും മാധ്യമങ്ങളും ജനങ്ങളും പലപ്പോഴും കൗതുകത്തോടെയാണ് കണ്ടിരുന്നത്. കാരണം കമ്മി മിച്ചമാക്കുന്ന കണ്‍കെട്ടുവിദ്യകള്‍ വരെ അദ്ദേഹം അവതരിപ്പിച്ചിരുന്നു.

പാലായിക്ക് ഒരു രാഷ്ട്രീയമേ ഉള്ളൂ അത് മാണിയുടെ കേരള കോണ്‍ഗ്രസ് ആണ്. പാലായുടെ രാഷ്ട്രീയം ആരംഭിക്കുന്നത് കെ മാണിക്ക് മുമ്പും ശേഷവുമാണ്. കേരള കോണ്‍ഗ്രസ് പിളര്‍ന്ന് കേരള കോണ്‍ഗ്രസ് എം വിഭാഗം രൂപികൃതമായപ്പോഴും പാലായുടെ രാഷ്ട്രീയം മാണിയെന്ന ഉദയസൂര്യനെ ചുറ്റിയായിരുന്നു. കെ എം മാണിയെന്ന ഒരു വ്യക്തിയുടെ അധ്വാനവും കഠിനപ്രയത്‌നവും കൊണ്ടാണ് അദ്ദേഹം സ്വന്തം പേര് ബ്രായ്ക്കറ്റില്‍ വഹിച്ച പാര്‍ട്ടിയെ കേരള രാഷ്ട്രീയത്തിന്റെ താക്കോല്‍ സ്ഥാനത്ത് നിലനിര്‍ത്തിയത്.