Connect with us

Ongoing News

ബെംഗളൂരുവിലെ പോളിംഗ് കൂട്ടാൻ "മുണ്ട് മുറുക്കി' തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

|

Last Updated

കർണാടകയിൽ പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തുകളിലെത്തിച്ച് പോളിംഗ് ശതമാനം വർധിപ്പിക്കാൻ നൂതന പദ്ധതികളുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. പോളിംഗ് ദിവസം ലഭിക്കുന്ന അവധി ദിനം ഉല്ലാസ യാത്രകൾക്കും കുടുംബപരമായ മറ്റു കാര്യങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നത് ഒഴിവാക്കാനും എല്ലാവരെയും ബൂത്തുകളിലെത്തിക്കാനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ജാഗ്രമായ ഇടപെടൽ നടത്തുന്നത്. ഐ ടി ഹബ്ബായ ബെംഗളൂരുവിൽ കഴിഞ്ഞകാല തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുകയാണെങ്കിൽ പോളിംഗ് ശതമാനം പൊതുവെ കുറവാണ്. ഇത്തവണ ഇത് ആവർത്തിക്കുന്നത് ഇല്ലാതാക്കുക എന്നതാണ് കമ്മീഷന്റെ ലക്ഷ്യം.

യുവാക്കളെ പോളിംഗ് ബൂത്തിലെത്തിക്കാൻ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജീവ് കുമാർ പറഞ്ഞു. പരമാവധി വോട്ടർമാരെ പോളിംഗ് സ്റ്റേഷനിൽ എത്തിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. നഗരത്തിൽ വോട്ടിംഗ് കുറയുന്നതിനുള്ള പ്രധാന കാരണമായി തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തുന്നത് ഐ ടി മേഖലയിലും മറ്റു തൊഴിൽ മേഖലയിലുമായി ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നതാണ്. ജനസംഖ്യയിൽ 60 ശതമാനത്തോളം പുറത്തുനിന്നുള്ളവരാണ്. ഇവരിൽ ഏറിയ പേർക്കും വോട്ടവകാശമുണ്ടെങ്കിലും രാഷ്ട്രീയത്തിൽ താത്പര്യം കാണിക്കുന്നവർ കുറവാണ്. ഇവരെ വോട്ടെടുപ്പിലേക്ക് ആകർഷിക്കാനും വോട്ടിംഗ് ശതമാനം ഉയർത്താനും ബോധവത്ക്കരണമാണ് കമ്മീഷൻ പ്രധാനമായും നടത്തുന്നത്.

സാമൂഹിക മാധ്യമങ്ങൾ വഴിയാണ് കാര്യമായ ബോധവത്ക്കരണം. ഇതിന് ഫേസ്ബുക്കുമായി ധാരണയിലെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോയും സന്ദേശങ്ങളും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരിൽ എത്തിക്കും. സന്നദ്ധ സംഘടനകളുടെ പിന്തുണയും തേടിയിട്ടുണ്ട്.
ബി എം ടി സി, കെ എസ് ആർ ടി സി ബസുകളിലും വോട്ട് ചെയ്യുന്നതിന്റെ ആവശ്യകത വ്യക്തമാക്കുന്ന സന്ദേശം ഉൾക്കൊള്ളിച്ച് പോസ്റ്ററുകൾ സ്ഥാപിക്കും. പോളിംഗ് ദിവസം നഗരത്തിലെ മാളുകളും തിയറ്ററുകളും അടച്ചിടാൻ ആവശ്യപ്പെടും. കഴിഞ്ഞ വർഷം മെയിൽ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാൾ ഉടമകളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച ചെയ്ത് വോട്ടെടുപ്പ് ദിവസം മാളുകളും മൾട്ടി പ്ലക്‌സ് തിയറ്ററുകളും അടച്ചിട്ടിരുന്നു. ഇത്തവണയും ഇത് തുടരും.

പോളിംഗ് ദിവസം മുൻകൂർ ബുക്കിംഗ് സ്വീകരിക്കരുതെന്ന് മൈസൂരു, ശിവമൊഗ, കുടക് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും ഇവിടുത്തെ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും അതാത് ജില്ലാകലക്ടർമാർ നിർദേശം നൽകിയിട്ടുണ്ട്. വിനോദ യാത്രകൾക്കുള്ള അവസരങ്ങൾ കുറച്ചുകൊണ്ട് പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം.