Connect with us

Education

അഭിരുചി നിര്‍ണയിക്കാം; വിജയം നേടാം

Published

|

Last Updated

“നിങ്ങളുടെ കുട്ടികളെ നിങ്ങളുടെ അറിവുകളിൽ ബന്ധിതരാക്കരുത്. കാരണം അവർ ജനിച്ചത് മറ്റൊരു കാലത്തിലാണ്.”
-ചൈനീസ് പഴമൊഴി

“എന്റെ മകൻ/മകൾ പത്താംക്ലാസിൽ /പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്നു. അവർക്ക് ഭാവിയിൽ ജോലി സാധ്യതയുള്ള കോഴ്‌സുകളെ പറ്റി പറഞ്ഞുതരാമോ? സ്ഥിരമായി ലഭിക്കുന്ന ചോദ്യമാണിത്. അവരവരുടെ അഭിരുചിക്കനുസരിച്ച കോഴ്‌സും സ്ഥാപനവുമാണ് ഓരോരുത്തർക്കും ഉയർന്ന ജോലിയും വിജയവും നൽകുക”

പുതിയ ലോകം പുതുമയാർന്ന മത്സരങ്ങളുടേതാണ്. അഭിരുചി തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ പരാജയം നമ്മെതേടിയെത്തും. സ്വന്തം അഭിരുചി തിരിച്ചറിയാൻ എളുപ്പമാണോ? പത്താംതരം പൂർത്തിയാക്കിയ ഓരോ വിദ്യാർഥിയും അവനവന്റെ അഭിരുചി അനുസരിച്ച് സയൻസ്, ഹ്യൂമാനിറ്റീസ് , കൊമേഴ്‌സ്, ടെക്‌നിക്കൽ, ഹ്രസ്വകാല ഡിപ്ലോമ കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതിന് കേരള ഡിഫ്രൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (K DAT) നിങ്ങളെ സഹായിക്കും. എന്താണ് അഭിരുചി (Aptitude) എന്നും താത്പര്യവുമായി (Interest) ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു വെന്നും നോക്കാം.

ഒരാളുടെ അഭിരുചി എന്നാൽ അയാളിൽ സ്ഥായിയായി നിലനിൽക്കുന്നതാണ്. എന്നാൽ, താത്പര്യം എന്നത് സാഹചര്യത്തിനും പ്രയാസത്തിനും മറ്റും അനുസരിച്ച് മാറിവരാം. ഉദാഹരണത്തിന് എൽ പി സ്‌കൂൾ വിദ്യാർഥിയോട് എന്താകാനാണ് ആഗ്രഹമെന്ന് ചോദിച്ചാൽ പുതിയ സാഹചര്യത്തിൽ സൂപ്പർമാനോ ബാലവീറോ ഒക്കെയാകും ഉത്തരം. അല്ലെങ്കിൽ ടീച്ചറോ, പോലീസോ ആയെന്നും വരാം. എന്നാൽ, അതേ വിദ്യാർഥിയോട് എട്ടിലും പത്തിലും എത്തുമ്പോൾ ഇതേ ചോദ്യം ചോദിച്ചാൽ ഡോക്ടർ, എൻജിനീയർ എന്നൊക്കെയായിരിക്കും ഉത്തരം.
എന്നാൽ, ചില ആളുകളോട് അവനവന്റെ സ്വഭാവം അനുസരിച്ച് നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ, എന്നു പറയാറില്ലേ? അതിനു കാരണം അവന്റെ സംസാര ശൈലി, എഴുത്ത് , വര, സംഗീതം, പ്രകടനം, ചിന്തകൾ എന്നിവ വർഷങ്ങൾ കഴിഞ്ഞാലും മാറ്റമില്ലാതെ കാണാം.
മറ്റൊരു ഉദാഹരണം നോക്കാം. ഇന്ത്യയിലെ എണ്ണംപറഞ്ഞ ബിസിനസ് മാഗ്നറ്റ് ആയിരുന്നല്ലോ ആർദേശർ ഗോദ്‌റേജ്. “godrej Group” സ്ഥാപകനായ അദ്ദേഹം ഒരു എൽ എൽ ബി കഴിഞ്ഞ വക്കീലായിരുന്നു. പ്രാക്ടീസാരംഭിച്ചപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത് ഇത് തന്റെ അഭിരുചിക്കനുസരിച്ച തൊഴിലല്ലെന്ന്. ഇന്ത്യൻ ബിസിനസിൽ “Made In India” എന്ന ആശയം കൊണ്ടുവന്നതും “ലോക്മാൻ ഓഫ് ഇന്ത്യ” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നിലയിലെത്തിയതും വൈകിയാണെങ്കിലും അദ്ദേഹം തന്റെ സ്വന്തം അഭിരുചി തിരിച്ചറിഞ്ഞതുകൊണ്ടാണ്. കഴിഞ്ഞ മാസം കോഴിക്കോട് Indian Institute Of Management (IIMK) ൽ അവരുടെ കോഴ്‌സിന്റെ ഭാഗമായുള്ള Social Development Project (S D P) എക്‌സിബിഷനിൽ പങ്കെടുത്തപ്പോൾ അവിടുത്തെ വിദ്യാർഥികളുമായി സംവദിക്കാൻ സാധിച്ചു. അവരിലധികവും എൻജിനീയറിംഗ്, മെഡിക്കൽ തുടങ്ങിയ വ്യത്യസ്ത ബിരുദദാരികളാണ്. അഞ്ച് വർഷം വരെ അതേ ഫീൽഡിൽ ജോലി ചെയ്തവരും കൂട്ടത്തിലുണ്ട.് പിന്നീടാണവർക്ക് മനസ്സിലായത് സ്വന്തം തൊഴിൽ അഭിരുചി മാനേജ്‌മെന്റാണെന്ന്. നോക്കൂ മുകളിൽ പറഞ്ഞ രണ്ട് ഉദാഹരണത്തിനും അഭിരുചിക്കനുസരിച്ച മേഖല കണ്ടെത്താൻ 4 മുതൽ 8 വർഷം വരെ എടുത്തു എന്നല്ലേ ? എന്നാൽ, അഭിരുചി മനസ്സിലാക്കാതെ അസംതൃപ്തരായി സാഹചര്യങ്ങളെയും വിധിയെയും പഴിച്ച് കഴിയുന്നവരാണ് സമൂഹത്തിൽ വലിയ പങ്കും.

“അറിവും നൈപുണ്യവും കരസ്ഥമാക്കാനും വികസിപ്പിക്കാനുമുള്ള ഒരു വ്യക്തിയുടെ അന്തർലീനമായ കഴിവിനെ അളക്കുന്ന വ്യവസ്ഥാപിതമായ പരിശോധനയാണ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്” ഒരു വ്യക്തിയുടെ അഭിരുചി തിരിച്ചറിഞ്ഞു കഴിഞ്ഞാൽ സ്വയം വളരുന്നതിനും മെച്ചപ്പെടുത്തുന്നതിനും സാധിക്കുന്നതോടൊപ്പം ഒരു സംതൃപ്തമായ സമൂഹം രൂപപ്പെടുകയും ചെയ്യും. വ്യക്തിയുടെ അഭിരുചിയുമായി പൊരുത്തപ്പെടുന്ന തൊഴിൽ മേഖലകളിലാണ് അദ്ദേഹം നന്നായി “പെർഫോം” ചെയ്യുന്നതെന്നാണ് ഡോ. ഹോളണ്ട് അഭിപ്രായപ്പെടുന്നത്.