Connect with us

Ongoing News

രാഹുൽ തരംഗം പ്രതീക്ഷിച്ച് യു ഡി എഫ്; മുഖ്യമന്ത്രിയെ മുന്നിൽ നിർത്തി ഇടതുമുന്നണി

Published

|

Last Updated

ജനാധിപത്യത്തിന്റെ ഭാവി ഭാഗധേയം നിർണയിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് പതിനാറ് നാൾ ശേഷിക്കേ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ഛസ്ഥായിയിൽ. ദേശീയ-സംസ്ഥാന വിഷയങ്ങൾ ചർച്ചയായ തിരഞ്ഞെടുപ്പിൽ അന്തരീക്ഷ ചൂടിനെ വെല്ലുന്ന പ്രചാരണ ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് അവസാനമായി എത്തിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ചുറ്റിപറ്റിയാണ് യു ഡി എഫിന്റെ പ്രതീക്ഷകൾ. പ്രധാന കക്ഷികളായ യു ഡി എഫും എൽ ഡി എഫും തന്നെയാണ് കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുന്നത്.
വയനാട്ടിൽ രാഹുൽ മത്സര രംഗത്തിറങ്ങുന്നതോടെ സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും രാഹുൽ തരംഗമുണ്ടാകുമെന്നും ഇതിലൂടെ കേരളത്തിൽ പരമാവധി നേട്ടം കൊയ്യാമെന്നുമാണ് യു ഡി എഫ് കരുതുന്നത്. നേരത്തേ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഗ്രൂപ്പുകൾക്കിടയിൽ ഉടലെടുത്ത അസ്വാരസ്യങ്ങളും മുന്നണിയിലെ ഘടക കക്ഷികൾ തമ്മിൽ താഴേത്തട്ടിലുണ്ടായ പൊരുത്തക്കേടുകളും പരിഹരിക്കാൻ രാഹുലിന്റെ വരവിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ് യു ഡി എഫ് ക്യാമ്പ് വിലയിരുത്തുന്നത്. വയനാട് മണ്ഡലത്തിലെ രാഹുലിന്റെ സ്ഥാനാർഥിത്വത്തിലൂടെ കേരളത്തിലുണ്ടാകുന്ന തരംഗത്തിൽ കേരളം തൂത്തുവാരാനാകുമെന്നാണ് യു ഡി എഫിന്റെ പ്രതീക്ഷ. രാഹുൽഗാന്ധി മത്സരിക്കുന്നതിനാൽ വയനാട് മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷമുറപ്പാക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്.

പ്രത്യേക ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷ ഐക്യ നിരയിൽ വിള്ളൽ വീഴ്ത്തുന്ന രീതിയിലുള്ള കോൺഗ്രസിന്റെ നീക്കങ്ങളെ ഇടതുപക്ഷം ശക്തിയുക്തം എതിർക്കുമെന്നതിനാൽ പ്രതീക്ഷിച്ച പോലെ ഏകപക്ഷീയ മത്സരമായിരിക്കില്ല വയനാട്ടിലേതെന്ന് യു ഡി എഫ് ക്യാമ്പിന് നിശ്ചയമുണ്ട്. ഇത് മുൻകൂട്ടി കണ്ട് തിരഞ്ഞെടുപ്പ് ഫലം മോശമാകാതിരിക്കാനുള്ള ആസൂത്രിത നടപടികളാണ് പ്രചാരണ പരിപാടികളിലുൾപ്പെടെ യു ഡി എഫ് സ്വീകരിച്ചിരിക്കുന്നത്.

ഒപ്പം ദേശീയ രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി ഒന്നുകിൽ കോൺഗ്രസ് അല്ലെങ്കിൽ ബി ജെ പി എന്ന ലളിതവും തന്ത്രപ്രധാനവുമായ പ്രചാരണ രീതിയാണ് കോൺഗ്രസ് പ്രധാനമായും അവലംബിച്ചിരിക്കുന്നത്. ദേശീയ രാഷ്ട്രീയമാണ് പ്രധാനമെന്ന് പറയുമ്പോഴും സംസ്ഥാന സർക്കാറിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾക്കാണ് സംസ്ഥാന നേതാക്കൾ പ്രചാരണത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത്.
സംസ്ഥാന നേതാക്കൾ ബി ജെ പിയുടെ ഭരണ പരാജയം, നോട്ട് നിരോധനം, സാമ്പത്തിക നയങ്ങളിലെ പരാജയം തുടങ്ങിയ വിഷയങ്ങൾക്ക് പകരം സി പിഎമ്മിനെ ലക്ഷ്യമിട്ടുള്ള കൊലപാതക രാഷ്ട്രീയം, ലാവ്‌ലിൻ കേസ് തുടങ്ങിയ സർക്കാറിനെതിരായ വിഷയങ്ങൾ മാത്രമാണ് പ്രചാരണത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം നടന്ന യു ഡി എഫ് നേതാക്കളുടെ പത്രസമ്മേളനങ്ങളിലും പൊതുപരിപാടികളിലും പ്രധാനമായും വിമർശിച്ചിരുന്നത് പിണറായി വിജയനേയും സർക്കാറിനേയും മാത്രമായിരുന്നു. എന്നാൽ യോഗി ആതിഥ്യനാഥ് മുസ്‌ലിം ലീഗിനെ വിമർശിച്ചതിനുള്ള മറുപടിയിൽ മാത്രമാണ് ബി ജെ പിയെ എതിർത്തുകണ്ടത്.

അതേസമയം, പ്രചാരണം കൊഴുക്കുന്നതിനിടെ കോഴിക്കോട്ടെ കോൺഗ്രസ് സ്ഥാനാർഥി എം കെ രാഘവൻ ഒളിക്യാമറാ വിവാദത്തിൽപ്പെട്ടത് യു ഡി എഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ദേശീയ തിരഞ്ഞെടുപ്പായതിനാൽ സംസ്ഥാന വിഷയങ്ങളേക്കാൾ ദേശീയ വിഷയങ്ങൾക്ക് പ്രാധാന്യം ലഭിക്കുമെന്നതും പൊതുവെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലാത്തതും എൽ ഡി എഫിന് ഏറെ ആശ്വാസമാണെന്നതിനാൽ രാഹുൽ തരംഗത്തിലാണ് യു ഡി എഫ് പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും ഏറെ വൈകിയതിനാൽ പ്രചാരണത്തിൽ പിന്നിലായ യു ഡി എഫ് രാഹുലിന്റെ സാന്നിധ്യം പരമാവധി വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ മുൻ നിർത്തിയുള്ള പ്രചാരണ തന്ത്രങ്ങളാണ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനായി മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയുടെ പരിപാടികൾ കൂടുതൽ ഉൾപ്പെടുത്തിയും ബി ജെ പിയേയും കോൺഗ്രസിനേയും ഒരുപോലെ ആക്രമിച്ചും പ്രചാരണത്തിൽ പിണറായിയുടെ സാന്നിധ്യം ഉറപ്പാക്കുന്നതിൽ ഇടതുമുന്നണി ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. ഒപ്പം മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദന്റേയും ദേശീയ നേതാക്കളുടേയും സാന്നിധ്യവും മണ്ഡലങ്ങളിൽ ഉറപ്പാക്കുന്ന പ്രചാരണ രീതിയാണ് പരീക്ഷിക്കുന്നത്.

ബി ജെ പിയെ എതിർക്കാനെന്ന പേരിൽ ദേശീയ അധ്യക്ഷൻ സുരക്ഷിത മണ്ഡലം തിരഞ്ഞെടുക്കുക വഴി രാജ്യത്ത് ഫാസിസ്റ്റ് വിരുദ്ധ നീക്കങ്ങളിൽ ആത്മാർഥതയില്ലെന്ന് കോൺഗ്രസ് തെളിയിച്ചിരിക്കുകയാണെന്ന് സമർഥിക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. ഇതിനിടെ ആലത്തൂരിലെ യു ഡി എഫ് സ്ഥാനാർഥിക്കെതിരായ എൽ ഡി എഫ് കൺവീനറുടെ വിവാദ പരാമർശം ചെറിയ ക്ഷീണം ചെയ്‌തെങ്കിലും ഇത് മറികടക്കാനായിട്ടുണ്ടെന്നാണ് എൽ ഡി എഫ് ക്യാമ്പിന്റെ വിലയിരുത്തൽ. എന്നാൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്ന ആശങ്ക എൽ ഡി എഫ് ക്യാമ്പിലുണ്ട്. അതേസമയം, ദേശീയ കക്ഷിയായ ബി ജെ പി കേരളത്തിൽ വലിയ തോതിൽ പ്രതീക്ഷകൾ വെച്ച് പുലർത്തുന്നുണ്ടെങ്കിലും മിക്കമണ്ഡലങ്ങളിലും കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പ്രചാരണങ്ങൾ തെളിയിക്കുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം