താപനില മൂന്ന് മുതൽ നാല് ഡിഗ്രി വരെ ഉയരും; ജാഗ്രത പാലിക്കണം

Posted on: April 8, 2019 11:48 am | Last updated: April 8, 2019 at 11:48 am


തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് മൂന്ന് മുതൽ നാല് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്.

സൂര്യാഘാതം ഒഴിവാക്കാൻ രാവിലെ 11 മുതൽ ഉച്ചക്ക് ശേഷം മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം എൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. പരമാവധി ശുദ്ധജലം കുടിക്കുക, മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക, അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
സംസ്ഥാനത്ത് ഇന്നലെ സൂര്യാതപമേറ്റ് ചികിത്സതേടിയത് നാല് പേരാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആലപ്പുഴയിൽ മൂന്ന് പേർക്ക് ചൂടേറ്റ് ശരീരത്തിൽ പാടുകളും രൂപപ്പെട്ടു. കോഴിക്കോട്, കൊല്ലം, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഒരാൾക്ക് വീതമാണ് സൂര്യാതപമേറ്റത്.