Connect with us

Ongoing News

കഥാകാരൻ ഇല്ലാത്ത കഥവീട്

Published

|

Last Updated

അശ്രഫ് ആഡൂർ.

ജീവിതസന്ദർഭങ്ങളിൽ നമ്മൾ വീണ്ടും വീണ്ടും കാണണമെന്നാഗ്രഹിക്കുന്ന ചിലരുണ്ട്. അവരുമായി വർഷങ്ങളുടെ സൗഹൃദം ഉണ്ടാകണമെന്നില്ല, എങ്കിലും പേർത്തും പേർത്തും അവരുടെ സാന്നിധ്യം അഭിലഷിക്കും. അത്തരമൊരു യുവകഥാകൃത്താണ് കഴിഞ്ഞ ദിവസം നമ്മെ വിട്ടുപോയ അശ്രഫ് ആഡൂർ.
പകൽ കുടുംബം പോറ്റാൻ കൊടുംവെയിലത്ത് വാർക്കപ്പണിയെടുക്കുന്ന കഠിനാധ്വാനിയായ തൊഴിലാളി. രാത്രി ജീവൻ പിടക്കുന്ന കഥകളെഴുതുന്ന എഴുത്തുകാരൻ. ഒഴിവുദിനങ്ങളിലും സായാഹ്നങ്ങളിലും സൗഹൃദവും സാഹിത്യ കൂട്ടായ്മയുമായി കണ്ണൂരിലും പരിസര പ്രദേശങ്ങളിലും കൂട്ടുകാരുമൊത്ത് ഒത്തുകൂടുകയും ചുറ്റിനടക്കുകയും ചെയ്യുന്ന സഹൃദയനും സംഘാടകനും. ഇതെല്ലാമായിരുന്നു അശ്രഫ്.

കണ്ണൂർ സിറ്റി ചാനലിന്റെ റിപ്പോർട്ടറായി ജോലിയിൽ നിരതനായിരിക്കുമ്പോഴായിരുന്നു ആ മഹാദുരന്തം സംഭവിച്ചത്. നാലുവർഷം മുമ്പ്. പെട്ടെന്ന് തലക്കുള്ളിൽ ഒരു മിന്നൽ. ഇരുട്ട്. അശ്രഫ് ബോധക്ഷയനായി നിലത്തുവീണു. സ്‌ട്രോക്ക്. ഡോക്ടർമാർ വിധിയെഴുതി. പരിയാരം മെഡിക്കൽകോളജിൽ ഒരു വർഷം നീണ്ട ചികിത്സ. മെഡിക്കൽ സയൻസ് നിസ്സഹായമായപ്പോൾ തുടർന്ന് മൂന്ന് വർഷത്തെ അനക്കമറ്റ ജീവിതമായിരുന്നു. കാലവും ലോകവും മരവിച്ച് വീടിനകത്തെ മുറിക്കുള്ളിൽ നിശ്ചലനായി, നിശ്ചേതനായി ഒരേ കിടപ്പ്.


“അക്ഷരങ്ങൾ കൂട്ടായില്ലായിരുന്നുവെങ്കിൽ”

അശ്രഫിനെ ഓർക്കുമ്പോൾ സൗഹൃദവലയത്തെ പരാമർശിക്കാതെ കടന്നുപോകാനാവില്ല. ഭാര്യക്കും കുട്ടികൾക്കും കരുതിവെക്കാൻ യാതൊന്നുമില്ലാതിരുന്നിട്ടും പ്രതികരണങ്ങളൊന്നുമില്ലാത്ത കുടുംബനാഥന്റെ കിടപ്പിൽ, അവരായിരുന്നു അശ്രഫിന്റെ തുണയും ശക്തിയും. കഥവീട്ടിന്റെ പാലുകാച്ചലിന് ഞാനുമുണ്ടായിരുന്നു. പക്ഷെ അണുബാധ ഭയന്ന് അശ്രഫിനെ അപ്പോൾ വീട്ടിൽ കൊണ്ടുവന്നിരുന്നില്ല.
“ഞങ്ങൾ ആഴ്ചയിൽ ഒരിക്കൽ കഥാവീട്ടിൽ ചെന്നു. വിശേഷങ്ങൾ അശ്രഫിനെ അറിയിച്ചു.” ഉറ്റസ്‌നേഹിതനും കഥാകൃത്തുമായ ഇയ്യ വളപട്ടണം പറയുന്നു. “അതിൽ നാട്ടുവിശേഷങ്ങൾ, സാഹിത്യ കാര്യങ്ങൾ, എല്ലാം ഉണ്ടായിരിക്കും. ഓൻ അതെല്ലാം കേട്ട് കിടക്കും. പ്രതികരണങ്ങൾ ഉണ്ടാവില്ല. കൺപോളകൾ ഇടക്കിടെ ചിമ്മിക്കൊണ്ടിരിക്കുന്നുണ്ടാകും.” എങ്കിലും ഒരത്ഭുതം സംഭവിക്കുമെന്നും സ്‌നേഹിതൻ എന്നെങ്കിലുമൊരിക്കൽ ജീവിതത്തിലേക്ക് മടങ്ങിവരുമെന്നും അവർ പ്രതീക്ഷിച്ചിരുന്നു.

ഞാൻ അശ്രഫില്ലാത്ത വീട്ടിലേക്ക് ചെല്ലാൻ കൂത്തുപറമ്പ് ബസിൽ കയറി ആഡൂർ പാലത്തിൽ ഇറങ്ങുമ്പോൾ നിരപ്പില്ലാത്ത ഗ്രാമപാത തിരിയുന്നിടത്ത് കണ്ണുകൾ പാഞ്ഞുചെന്നു, വെറുതെ. മാവിലും തെങ്ങിലുമായി വലിച്ചുകെട്ടിയ “കഥവീട്” എന്ന ഫ്ലക്‌സ് അവിടെ കണ്ടില്ല. മൂന്ന് വർഷം മുമ്പ് ഗൃഹനാഥന്റെ അസാന്നിധ്യത്തിൽ നടന്ന പാലുകാച്ചൽ ദിവസം അതവിടെ കണ്ടത് ഞാനോർത്തു.
മരണം മണക്കുന്ന വീട്, കരഞ്ഞുപെയ്യുന്ന മഴ, കുഞ്ഞാമന്റെ പുതപ്പ്, മുറ്റമില്ലാത്ത കുട്ടികൾ, പെരുമഴയിലൂടൊരാൾ, മരിച്ചവന്റെ വേരുകൾ, തിരഞ്ഞെടുത്ത കഥകൾ; തന്റെ അരഡസൻ പുസ്തകങ്ങൾ ഈ ലോകത്തിൽ ബാക്കിവെച്ചാണ് അശ്രഫ് പോയത്. എല്ലാം സ്വന്തം ജീവിതാനുഭവങ്ങളുടെ കനൽവഴിയിൽ നിന്ന് കോരിയെടുത്ത തീക്കട്ടകളായിരുന്നു. തിരഞ്ഞെടുത്ത കഥകൾ ആറ് പതിപ്പുകളിറങ്ങി. അതിജീവനത്തിന്റെ കരുത്താണ് എനിക്കെന്റെ എഴുത്ത് എന്ന് അശ്രഫ് ആമുഖത്തിൽ പറയുന്നുണ്ട്. കഥയിൽ തനിക്ക് ആരുടെയും ആശയം കടംകൊള്ളേണ്ടിവന്നിട്ടില്ലെന്ന നിലപാട്, അനുഭവങ്ങൾ സമ്മാനിച്ച ആത്മവിശ്വാസവും ഉൾക്കരുത്തുമാണ്. ചെറുപ്പത്തിലേ തലയിലേറ്റേണ്ടിവന്ന കുടുംബഭാരത്തെ കുറിച്ച്, “അക്ഷരങ്ങൾ കൂട്ടായില്ലായിരുന്നുവെങ്കിൽ ആത്മഹത്യ ചെയ്യേണ്ടിവന്നേനെ” എന്നാണെഴുതിയത്. ആ ഇളംജീവിതത്തിന് ചുമക്കേണ്ടിവന്ന ദുസ്സഹമായ ഭാരത്തെ കുറിച്ചാണ് നമ്മൾ അറിയുന്നത്. ആരോരുമില്ലാത്തവർക്ക് അക്ഷരങ്ങളും തുണയാണെന്ന് അശ്രഫ് സമാധാനിച്ചു. പ്രാർഥനക്ക് ശേഷം മക്കളായ ആദിലിനോടും അദ്‌നാനോടും യാത്ര ചോദിച്ച് ഞാനിറങ്ങി: പടച്ചവനേ, നീയാണ് അവർക്കിനി തുണ!
.

എസ് എ ഖുദ്സി
saqudsi@gmail.com