Connect with us

Malappuram

കേരളത്തിൽ വിധിയെഴുതുന്നത് 2.61 കോടി വോട്ടർമാർ

Published

|

Last Updated

സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടികയിൽ ഇടംപിടിച്ചത് 2,61,46,853 പേർ. ജനുവരി 30ന് ശേഷം അപേക്ഷിച്ച ഒമ്പത് ലക്ഷം പേരിൽ 5,50,000 പേരും യുവവോട്ടർമാരാണ്. ഏറ്റവും കൂടുതൽ മലപ്പുറത്താണ്. 60,469 വോട്ടർമാർ. രണ്ടാം സ്ഥാനം കോഴിക്കോട്, 45,000 വോട്ടർമാർ. മൂന്നാം സ്ഥാനത്തുള്ള കണ്ണൂരിൽ 32,241 യുവവോട്ടർമാരുണ്ട്. തൃശൂരും തിരുവനന്തപുരവും തൊട്ടു പിന്നാലെയുണ്ട്. കേരളത്തിൽ 2,230 വോട്ടർമാർ 100 വയസിന് മുകളിലുള്ളവരാണെന്നത് ശ്രദ്ധേയമാണ്. 173 ട്രാൻസ്‌ജെൻഡർ വോട്ടർമാരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇവരിൽ 19 പേരും 18 നും 19 നും ഇടയിലുള്ളവരാണ്. ജനുവരി 30നു ശേഷം വോട്ടർപട്ടികയിൽ പേര് ചേർക്കാനായി അപേക്ഷിച്ച ഒമ്പത് ലക്ഷം പേരെ ഉൾപ്പെടുത്തിയാണ് പട്ടിക പുതുക്കിയത്.

പ്രവാസി വോട്ടർമാർ 73,000 പേരുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ കോഴിക്കോടാണ്, 26,000 വോട്ടർമാർ. തൊട്ടടുത്ത് നിൽക്കുന്ന മലപ്പുറത്ത് 16,000 പ്രവാസി വോട്ടർമാരുള്ളപ്പോൾ കണ്ണൂരിൽ 11,000 പേരുണ്ട്. പ്രവാസി വോട്ടർമാർ ഏറ്റവും കുറവുള്ളത് ഇടുക്കി ജില്ലയിലാണ്. 225 പേർ. ഭിന്നശേഷി വോട്ടർമാരുടെ എണ്ണം 1,25,189 ആണ്. കോഴിക്കോടാണ് കൂടുതൽ ഭിന്നശേഷി വോട്ടർമാരുള്ളത്, 23,750 പേർ. രണ്ടാം സ്ഥാനത്തുള്ള മലപ്പുറം ജില്ലയിൽ 20,214 വോട്ടർമാരുണ്ട്. പുതുക്കിയ കണക്കനുസരിച്ച് സംസ്ഥാനത്ത് 2,61,46,853 വോട്ടർമാരാണുള്ളത്. 1,26,81,992 പുരുഷവോട്ടർമാരും, 1,34,64,688 സ്ത്രീവോട്ടർമാരുമാണുള്ളത്. പ്രവാസി വോട്ടർമാരുടെ എണ്ണം 73,308 ആയി ഉയർന്നു. എൻ ആർ ഐ വോട്ടർമാർ കൂടുതലുള്ളത് കോഴിക്കോടാണ്. 25,972 പേർ. പുതിയ വോട്ടർമാരിൽ 18-19 പ്രായപരിധിയിലുള്ള 5,49,969 വോട്ടർമാരുണ്ട്.

സംസ്ഥാനത്ത് ആകെ 4,482 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. അതിൽ 817 ഗുരുതര പ്രശ്‌ന ബാധിത ബൂത്തുകളും 425 അതീവ ഗുരുതരബാധിത ബൂത്തുകളുമുണ്ട്. വോട്ടെടുപ്പ് ദിവസമായ ഈ മാസം 23നു ശമ്പളത്തോടു കൂടിയുള്ള പൊതുഅവധിയായിരിക്കും. ഇത് എല്ലാ സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും. ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നാട്ടിലെത്തി വോട്ട് ചെയ്യാനാണിത്.

വോട്ടെടുപ്പ് നടക്കുന്ന ദിവസം സംസ്ഥാനത്ത് പൊതു അവധിയായിരിക്കും. മെയ് 23 ന് എട്ട് മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. ഏഴുകോടി രൂപ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് ഇതുവരെ പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ വിവിധ സ്‌ക്വാഡുകൾ നടത്തിയ പരിശോധനയിൽ സംസ്ഥാനത്ത് ഇതുവരെ 14 കോടി രൂപയുടെ പണമുൾപ്പെടെയുള്ള വസ്തുവകകൾ പിടിച്ചെടുത്തു. ഇതിൽ ഏഴുകോടി രൂപയോളം സ്വർണവും മദ്യവും മയക്കുമരുന്നുമെല്ലാം ഉൾപ്പെടും. ഉറവിടം വ്യക്തമാക്കാൻ കഴിയാതിരുന്നവരിൽ നിന്നാണ് പണം പിടിച്ചെടുത്തത്. രേഖകൾ ഹാജരാക്കി കാരണം ബോധിപ്പിച്ചാൽ പണം തിരികെ നൽകുമെന്നും തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.