Connect with us

Sports

ഫിഫയില്‍ ഇന്ത്യന്‍ ചരിതം

Published

|

Last Updated

ഫിഫ എക്‌സിക്യൂട്ടീവ് സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രഫുല്‍ പട്ടേലിനെ ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോ അനുമോദിക്കുന്നു

ക്വാലലംപുര്‍: ഫിഫ എക്‌സിക്യുട്ടീവ് സമിതിയില്‍ ഇടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതിക്ക് അര്‍ഹനായി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ ഐ എഫ് എഫ്) പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍സ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രഫുല്‍ പട്ടേല്‍ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ക്വാലാലംപുരില്‍ നടന്ന 29ാമത് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ്.

വോട്ടിംഗ് അവകാശമുള്ള 46 അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ പ്രഫുല്‍ പട്ടേല്‍ 38 വോട്ടുകള്‍ നേടി. 2019 മുതല്‍ 2023 വരെയാണ് കാലാവധി.
ഖത്തര്‍, സൗദി അറേബ്യ, ഫിലിപ്പൈന്‍സ്, കൊറിയ റിപ്പബ്ലിക്ക്, ചൈന, ഇറാന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ളവരും എക്‌സിക്യൂട്ടീവ് കൗണ്‍സിലിലേക്കുള്ള വോട്ടെടുപ്പില്‍ മത്സരിച്ചിരുന്നു.

എ എഫ് സി പ്രസിഡന്റ് പദവിയില്‍ അടുത്ത നാല് വര്‍ഷത്തേക്ക് ഷെയ്ക് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ തുടരും.

2023 വരെയുള്ള കാലാവധിയിലേക്ക് അദ്ദേഹത്തെ ഏകപക്ഷീയമായി തിരഞ്ഞെടുത്തു. 2013 മെയിലായിരുന്നു ഷെയ്ക് സല്‍മാന്‍ എ എഫ് സി പ്രസിഡന്റ് പദവിയിലെത്തിയത്.ഫിഫ കൗണ്‍സില്‍ അംഗം എന്നത് വലിയ ദൗത്യമാണെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. രാജ്യത്തെ മാത്രമല്ല, ഏഷ്യന്‍ ഭൂഖണ്ഡത്തെയാണ് പ്രതിനിധാനം ചെയ്യേണ്ടത്. എന്നിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഫുല്‍ പട്ടേലിന്റെ തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ഫുട്‌ബോളിലെ നാഴികക്കല്ലാണെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സുബ്രതാ ദത്ത പറഞ്ഞു.

പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തിലാണ് ഗ്രാസ്‌റൂട്ട് തലത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് എ എഫ് സി പ്രസിഡന്റ് പുരസ്‌കാരം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് ലഭിച്ചത്.

2014ല്‍ മനിലയില്‍ വെച്ച് നടന്ന വാര്‍ഷിക ചടങ്ങില്‍ പട്ടേല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ കുതിപ്പ് സൂചിപ്പിക്കുന്നതായി.
2016 ല്‍ എ എഫ് സി ബെസ്റ്റ് ഡെവലപ്പിംഗ് മെമ്പര്‍ അസോസയേഷന്‍ അവാര്‍ഡും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് ലഭിച്ചത് പ്രഫുല്‍ പട്ടേലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി.

ഫിഫ അണ്ടര്‍ 17 ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ചത് നേട്ടമായി.
2020 ല്‍ ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് വേദി ഇന്ത്യക്ക് അനുവദിക്കപ്പെട്ടത് മികവിനുള്ള അംഗീകാരമാണ്. ഏഷ്യയിലെ ഏറ്റവും മികച്ച ക്ലബ്ബ് ലൈസന്‍സിംഗ് സമ്പ്രദായം ഇന്ത്യക്കുണ്ട്.

Latest