അന്ന് രാത്രിയില്‍ ആ കുഞ്ഞിന് സംഭവിച്ചത്

Posted on: April 6, 2019 8:03 pm | Last updated: April 6, 2019 at 8:03 pm

തൊടുപുഴ: 2019 മാര്‍ച്ച് 28. സമയം പുലര്‍ച്ചെ ഒരു മണി. ബാറില്‍ നിന്ന് മൂക്കറ്റം മദ്യപിച്ച് ലക്കുകെട്ട് അരുണും യുവതിയും വീട്ടിലെത്തുന്നു. രാത്രി ഒന്നരയോടെ യുവതിയുടെ ഏഴ് വയസ്സുകാരനായ മൂത്ത മകനെയും നാല് വയസ്സുകാരനായ ഇളയ മകനെയും വീട്ടില്‍ പൂട്ടിയിട്ട് രണ്ടു പേരും പുറത്തേക്ക്. വെങ്ങല്ലൂരിലെ തട്ടുകടയില്‍ നിന്ന് ഭക്ഷണവും കഴിച്ച് രാത്രി മൂന്നരയോടെ വീണ്ടും വീട്ടിലെത്തി. പിന്നെ ആ വീട്ടില്‍ നടന്നത് ഹൃദയഭേദകമായ രംഗങ്ങള്‍.

വീട്ടിലെത്തിയ അരുണ്‍ കണ്ടത് ഇളയ മകന്‍ വസ്ത്രത്തില്‍ മൂത്രമൊഴിച്ചതാണ്. പിഞ്ചുകുഞ്ഞാണെന്ന് പോലും ചിന്തിക്കുന്നതിന് മുമ്പ് അയാളിലെ മൃഗം ഉണര്‍ന്നു. നേരെ പോയത് ഏഴ് വയസ്സുകാരന്റെ നേരെ. പുഞ്ചിരിച്ച് ഉറങ്ങുകയായിരുന്ന ആ കുരുന്നിനെ അയാള്‍ വിളിച്ചുണര്‍ത്തി. സിബിഐയെ പോലും വെല്ലുന്ന ചോദ്യം ചെയ്യലായിരുന്നു പിന്നെ. അവന്‍ ചെയ്ത തെറ്റെന്തെന്ന് പോലും അവനറിയില്ല. ഇളയ മകനെ ഉറങ്ങുന്നതിന് മുമ്പ് മൂത്രമൊഴിപ്പിച്ചില്ല എന്ന് പറഞ്ഞായിരുന്നു ചോദ്യം ചെയ്യല്‍.

മദ്യത്തിന്റെ ലഹരിയില്‍ ആ കുരുന്നിന്റെ അടിവയറ്റില്‍ അയാള്‍ ആഞ്ഞുചവിട്ടി. ഒറ്റച്ചവിട്ടില്‍ കുട്ടി തെറിച്ചുപോയി തലയടിച്ച് വീണു. അയാളുടെ കലിയടങ്ങിയില്ല. കുട്ടിയെ വീണ്ടും കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. ഇതിനിടയില്‍ സമീപത്തെ സ്റ്റീല്‍ അലമാരയില്‍ തലയിടിച്ച് തലയോട്ടി പൊട്ടി ഒന്നരയിഞ്ച് നീളത്തില്‍ പൊട്ടി. പിന്നെയും കുട്ടിയെ അയാള്‍ പലയിടങ്ങളില്‍ ഇടിച്ചു. പലമുറികളിലേക്കും ആ കാപാലികള്‍ കുട്ടിയെ വലിച്ചുകൊണ്ടുപോയി. ഇതിനിടയില്‍ മൂത്രമൊഴിച്ച ഇളയെ കുട്ടിയെ മര്‍ദിക്കാനും അയാള്‍ മറന്നില്ല. അരുണിന്റെ മര്‍ദനത്തില്‍ ആ കുട്ടിയുടെ പല്ലു പൊട്ടി. ശേഷം കലിയൊന്നടങ്ങിയപ്പോള്‍ മുറി വൃത്തിയാള്ളി നാല് വയസ്സുകാരനെ വീട്ടില്‍ ഒറ്റക്ക് പൂട്ടിയിട്ട് അയാളും അവളും കുട്ടിയേയുമായി ആശുപത്രിയിലെത്തി. അപ്പോള്‍ 3.55.

തലയോട്ടി പൊട്ടി തലച്ചോറ് പുറത്തുവന്ന സ്ഥിയിലായിരുന്നു ആ കുരുന്ന് അപ്പോള്‍. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുട്ടിയുടെ തലച്ചോറില്‍ ചോര കട്ടകുത്തിയിരുന്നു. സോഫയില്‍ നി്ന്ന് വീണ് പരുക്ക് പറ്റിയെന്നാണ് അരുണും യുവതിയും ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ മുറിവിന്റെ ആഴം കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ വിളിപ്പിക്കുകയായിരുന്നു.