കുഞ്ഞാവയുടെ കാത്തിരിപ്പ് വെറുതെയായി; അപ്പന് പിന്നാലെ പപ്പിയും പോയി…

Posted on: April 6, 2019 8:01 pm | Last updated: April 6, 2019 at 9:16 pm

തൊടുപുഴ: ഏഴ് വയസ്സുകാരനായ സഹോദരന്‍ കൊടുംക്രൂരതക്ക് ഇരയാകുമ്പോള്‍ അതിനെല്ലാം സാക്ഷിയായി മറ്റൊരു കുരുന്നുണ്ടായിരുന്നു ആ വീട്ടില്‍. താന്‍ ഒന്ന് മൂത്രമൊഴിച്ചുപോയതിന്റെ പേരിലാണ് തന്റെ പ്രിയപ്പെട്ട പപ്പിയെ അച്ഛന്റെ സ്ഥാനത്ത് കണ്ടയാള്‍ ക്രൂരമായി മര്‍ദിക്കുന്നതെന്ന് പോലും തിരിച്ചറിയാനുള്ള പ്രായനം അവനില്ല. നാല് വയസ്സായ അവന് ജീവന്റെ ജീവനായിരുന്നു പപ്പി. കുഞ്ഞാവയെന്നാണ് അവനെ വിളിച്ചിരുന്നത്.

കുഞ്ഞാവയുടെ മൊഴിയാണ് ക്രൂരതയിലേക്ക് വെളിച്ചം വീശാന്‍ പോലീസിന് സഹായകമായത്. ‘പപ്പിയെ അച്ച അടിച്ചു. കാലില്‍ പിടിച്ചു വലിച്ചു. വീണ പപ്പി എഴുന്നേറ്റില്ല. ചോര ഞാനാണ് തൂത്തത്…’ ഹൃദയം നുറുങ്ങുന്ന ഈ വാക്കുകളാണ് അരുണെന്ന കൊലയാളിയുടെ ക്രൂരമുഖം പോലീസിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ടത്.

പപ്പിയേയും കുഞ്ഞാവയേയും അരുണ്‍ സ്ഥിരം മര്‍ദിക്കുന്നത് പതിവായിരുന്നു. ചെറിയ കുട്ടിയെ പലപ്പോഴും ഇയാള്‍ ലൈംഗികമായും ഉപദ്രവിച്ചിരുന്നു. കുട്ടിയുടെ ശരീരത്തിലും ജനനേന്ദ്രിയത്തിലും നിരവധി മുറിവുകളുണ്ടായുരുന്നു. മദ്യപിച്ച് ലക്കുകെട്ട് യുവതിയേയും അരുണ്‍ മര്‍ദിക്കല്‍ നിത്യകാഴ്ചയായിരുന്നു. ഇയാളെ പേടിച്ച് അവള്‍ അതൊന്നും പുറത്തുപറഞ്ഞിരുന്നില്ല.