ബിജു മരിച്ചു; മൂന്നാം നാള്‍ വില്ലന്‍ വേഷമണിഞ്ഞ് അവളുടെ ജീവത്തില്‍ അരുണ്‍ എത്തി

Posted on: April 6, 2019 7:55 pm | Last updated: April 6, 2019 at 7:55 pm

തൊടുപുഴ: ഓട്ടോമൊബൈല്‍ എന്‍ജിനീയറായ, കുട്ടിയുടെ പിതാവ് ബിജുവും ബിടെക് ബിരുദധാരിയായ യുവതിയും തമ്മില്‍ നല്ല നിലയിലാണ് ജീവിച്ചു വന്നിരുന്നത്. അധ്യാപികയായി വിരമിച്ച അമ്മയുടെ സുഹൃത്തിന്റെ മകളെ ബിജു വിവാഹം കഴിക്കുകയായിരുന്നു. വിവാഹ ശേഷം വര്‍ക്ക് ഷോപ്പ് നടത്താനാണ് ബിജു തൊടുപുഴയിലേക്ക് താമസം മാറിയത്.

ബിജുവും അരുണും കൂട്ടുകാരായിരുന്നു. ബിജുവിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു അയാള്‍. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിജുവില്‍ നിന്ന് കടം വാങ്ങിയ പണം തിരിച്ചുചോദിച്ചതുമായി ബനധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതിന് ശേഷം ഇരുവരും തമ്മില്‍ അകന്നു. പിന്നീട് ബിജു മരിച്ച ശേഷമാണ് അരുണ്‍ വീണ്ടും തൊടുപുഴയിലെത്തുന്നത്.

2018 മെയ് 23ന് ഹൃദയാഘാതത്തെ തുടര്‍ന്ന് ഉടമ്പന്നൂരിലെ ഭാര്യവീട്ടില്‍വെച്ചാണ് ബിജു മരിക്കുന്നത്. മരണത്തില്‍ അന്ന് ചിലര്‍ സംശയം ഉന്നയിച്ചിരുന്നുവെങ്കിലും ആരും അത് കാര്യമായി എടുത്തിരുന്നില്ല. ബിജു മരിച്ച അന്നും പിന്നീടുള്ള രണ്ട് ദിവസങ്ങളിലും അരുണ്‍ വീട്ടിലെത്തി യുവതിയെ കണ്ട് സംസാരിച്ചിരുന്നു. പിന്നീട് മരിച്ചതിന്റെ മൂന്നാം ദിനം യുവതി അരുണിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അരുണിന്റെ ക്രിമിന്‍ല്‍ പശ്ചാത്തലവും വഴിവിട്ട ജീവിതവും അറിയുന്ന ബിജുവിന്റെ മാതാപിതാക്കള്‍ ഇതിനെ നിരുത്സാഹപ്പെടുത്തിയെങ്കിലും യുവതി നിലപാട് മാറ്റിയില്ല. പിന്നീട് മരിച്ച് ഒന്നര മാസം പൂര്‍ത്തിയാകും മുമ്പ് തന്നെ യുവതി അരുണിനോടൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. പിന്നീട് കുമാരമംഗലത്തെ വീട്ടില്‍ ഇരുവരും യുവതിയുടെ രണ്ട് മക്കളും താമസിച്ച് വരികയായിരുന്നു. ഇരുവരും വിവാഹം കഴിച്ചിരുന്നില്ല.

അരുണിനോടൊപ്പമുള്ള ജീവിതം നരകതുല്യമായിരുന്നുവെന്ന് യുവതി പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. പലപ്പോഴും യുവതിയെ ഇയാള്‍ മര്‍ദിക്കുക പതിവായിരുന്നു. കുട്ടിയെ ക്രൂരമായി മര്‍ദിച്ച അന്ന് ബാറിന് മുന്നില്‍വെച്ചും ഇയാള്‍ യുവതിയെ കരണത്തിടിച്ചിരുന്നു. കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴും യുവതിക്ക് മര്‍ദനമേറ്റു. ഇയാളെ പേടിച്ച് യുവതി ഈ സംഭവങ്ങള്‍ ഒന്നും പുറത്ത് പറഞ്ഞിരുന്നില്ല.