വേനൽ: ഒരു മാസത്തിനിടെ ചത്തത് 183 വളർത്തുമൃഗങ്ങൾ

കൊച്ചി
Posted on: April 6, 2019 2:35 pm | Last updated: April 6, 2019 at 2:36 pm

വേനലിന്റെ കാഠിന്യം കൂടിയതോടെ സംസ്ഥാനത്തെ പൊതു ജലസ്രോതസ്സുകളിൽ നിന്നുള്ള ജല ലഭ്യതയും കുറയുന്നു. നിലവിൽ ജലം ശേഖരിക്കുന്ന ഡാമുകളിൽ വലിയ തോതിലുള്ള ജലലഭ്യതക്കുറവില്ലെങ്കിലും പുഴ ഉൾപ്പെടെയുള്ള ജലസ്രോ തസ്സുകളിൽ ജലക്കുറവുണ്ടാകുമെന്നാണ് ജല അതോറിറ്റി കണക്കാക്കുന്നത്.
വേനൽ മഴയില്ലാതിരിക്കുകയും വേനൽച്ചൂട് ഇതേരീതിയിൽ തുടരുകയും ചെയ്താൽ ജലനിയന്ത്രണം ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ജലവകുപ്പ്. സംസ്ഥാനത്തുടനീളം ജല അതോറിറ്റിക്ക് 24 ലക്ഷം കണക്‌ഷനുകളാണ് നിലവിലുള്ളത്. 273 ജലസ്രോതസ്സുകളിൽ നിന്നാണ് ഇത്രയും ഇടങ്ങളിലേക്കുള്ള ജലവിതരണം നടക്കുന്നത്. ഇത്തരം ജലശേഖരണ കേന്ദ്രങ്ങളിൽ വേനൽച്ചൂട് നിമിത്തമുള്ള ജലശോഷണം കുറക്കാൻ 63 ഓളം തടയണകൾ നേരത്തേ ജലവകുപ്പ് നിർമിച്ചിട്ടുണ്ട്. എന്നാൽ വേനൽ അധികരിച്ചാൽ ഇവിടെയും ജലനിരപ്പ് കുറയുമെന്നാണ് കണക്കാക്കുന്നത്. അത്തരമൊരു സാഹചര്യമുണ്ടായാൽ എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കാൻ സമയം ക്രമീകരിച്ചുകൊണ്ടുള്ള നിയന്ത്രണമാകും കൊണ്ടുവരികയെന്നാണ് ജല അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്.
ചൂട് ഇതേ രീതിയിൽ തുടർന്നാൽ ഈ മാസം പതിനഞ്ചിന് ശേഷം പമ്പിംഗ് കുറക്കേണ്ടി വരുമെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്.പൊതു ജലസ്രോതസ്സുകളിൽ നിന്ന് കാർഷികാവശ്യങ്ങൾക്കും മറ്റും മോട്ടോർ ഉപയോഗിച്ച് ജലം പമ്പ് ചെയ്യുന്നതിനും മറ്റും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രിക്കേണ്ട പമ്പ് ഉടമകളുടെ ലിസ്റ്റ് സമർപ്പിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിമാർക്ക് മിക്ക ജില്ലകളിലും നേരത്തേ നിർദേശം നൽകിയിരുന്നു. ഈ പമ്പുകളുടെ വൈദ്യുതി കണക്‌ഷൻ താത്കാലികമായി വിച്ഛേദിക്കുന്നതിനുള്ള നടപടികളടക്കമാണ് സർക്കാർ കൈക്കൊള്ളുന്നത്. അതിനിടെ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുഴൽക്കിണർ നിർമാണത്തിന് ലൈസൻസ് നൽകുന്നത് നിർത്തിവെച്ചിട്ടുണ്ട്. ജലം കൂടുതലായി ഉപയോഗിക്കുന്ന വ്യവസായങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.അതേ സമയം സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ജലക്ഷാമം ഇപ്പോൾ തന്നെ രൂക്ഷമാണ്. ഇടുക്കി, കോട്ടയം പോലുള്ള മലയോര ജില്ലകളിൽ വലിയ തോതിലുള്ള ജലദൗർലഭ്യമാണ് അനുഭവപ്പെടുന്നത്. ആദിവാസി കോളനികളിലടക്കം ജല വിതരണം സുഗമമല്ലെന്ന ആക്ഷേപവുമുണ്ട്.

താത്കാലിക തടയണകൾ നിർമിച്ചും കിണർ, കുളം തുടങ്ങിയവ പുനരുജ്ജീവിപ്പിച്ചും പൈപ്പ് ലൈനുകൾ ദീർഘിപ്പിച്ചുമെല്ലാം ശുദ്ധ ജലവിതരണം കാര്യക്ഷമമാക്കാൻ നേരത്തേ തന്നെ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും ഇതിനൊന്നും ആവശ്യമായ നടപടിയുണ്ടായില്ല. കുടിവെള്ള ക്ഷാമമുള്ള സ്ഥലങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികളും പലയിടത്തും ആരംഭിച്ചിട്ടില്ല. കൊടുംവരൾച്ച ജനങ്ങളുടെ ജീവിതത്തിന്റെ സമസ്ത മേഖലയെയും പ്രതിസന്ധിയിലാക്കുന്നു. സ്വന്തം ഉപയോഗത്തിന് പുറമെ വളർത്തുമൃഗങ്ങൾക്കും വെള്ളമെത്തിക്കുകയെന്നത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. കന്നുകാലികളെ ഉപജീവനമാർഗമായി സ്വീകരിച്ചവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. പലയിടത്തും കന്നുകാലികൾ അടക്കമുള്ള വളർത്തുമൃഗങ്ങൾ വെള്ളം കിട്ടാതെ കുഴഞ്ഞു വീഴുന്നു.
കത്തുന്ന വേനൽച്ചൂടിൽ പുൽമേടുകളിലെയും മൊട്ടക്കുന്നുകളിലെയും പച്ചപ്പുകൾ നശിച്ചതിനൊപ്പം തീ പടർന്നതും പ്രതിസന്ധി രൂക്ഷമാക്കി. നിലവിൽ കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്താകെ 183 വളർത്തുമൃഗങ്ങളാണ് ചത്തത്. ഇതിൽ 113 എണ്ണം കന്നുകാലികളാണ്. എട്ട് എരുമകളും 22 ആടുകളും ചത്തതായാണ് മൃസംരക്ഷണവകുപ്പിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും കൂടുതൽ കന്നുകാലികൾ ചത്തത് പാലക്കാടാണ്. 36 എണ്ണം. ആലപ്പുഴ (25),കോട്ടയം(20), എന്നിവിടങ്ങളിലും കൂടുതൽ കന്നുകാലികൾ ചത്തു. കടുത്ത വേനൽച്ചൂടിൽ അങ്ങാടിക്കുരുവികളടക്കം ചത്തുവീഴുന്നുണ്ട്. എറണാകുളം പിറവത്ത് കാക്കകളും വേനൽച്ചൂടിൽ ചത്തുവീഴുന്നുണ്ട്. അസാധാരണമായ വിധം വേനൽ കടുത്തതും കുടിവെള്ളം കിട്ടാത്തതുമാകാം ഇതിന് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.