Connect with us

Ongoing News

മൂന്ന് വർഷത്തോളമായി  ഈ മണ്ഡലത്തിന് പ്രതിനിധിയില്ല

Published

|

Last Updated

ശ്രീനഗർ: രാജ്യ ചരിത്രത്തിൽ ഏറ്റവും നീണ്ട കാലം പ്രതിനിധിയില്ലാതെ ഒഴിഞ്ഞുകിടന്ന മണ്ഡലമാണ് ജമ്മു കശ്മീരിലെ അനന്ത്‌നാഗ്. മുഖ്യമന്ത്രിയാകുന്നതിന് വേണ്ടി മെഹ്ബൂബ മുഫ്തി 2016 ജൂണിൽ എം പി സ്ഥാനം രാജിവെച്ചതോടെയാണ് മണ്ഡലത്തിന് ലോക്‌സഭയിൽ പ്രതിനിധിയില്ലാതായത്. സ്വാഭാവികമായി ആറ് മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഇതുവരെ അത് സാധ്യമായിട്ടില്ല.

രാജ്യം വീണ്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ ഒരു തവണ കൂടി മെഹ്ബൂബ മുഫ്തി കച്ചകെട്ടി ഇറങ്ങിക്കഴിഞ്ഞു. മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി ഡി പി) പ്രസിഡന്റുമായ അവർ കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിച്ചു.

മുഫ്തിക്ക് പുറമേ കോൺഗ്രസിന് വേണ്ടി സംസ്ഥാന അധ്യക്ഷൻ ഗുലാം അഹ്മദ് മീർ, നാഷനൽ കോൺഫറൻസിന് വേണ്ടി ഹുസ്‌നൈൻ മസൂദി എന്നിവരും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. ബി ജെ പിയടക്കം നാല് പ്രധാന സ്ഥാനാർഥികളാണ് ഇത്തവണ മത്സര രംഗത്തുണ്ടാകുക. ബി ജെ പിക്ക് വേണ്ടി ഇത്തവണ ജനവിധി തേടിയിറങ്ങുന്നത് സോഫി യൂസഫാണ്. സഫർ അലി (ജെ കെ പി സി), മിർസാ സജാദ് ഹുസൈൻ ബീഗ് (ജെ ഡി യു), സഞ്ജയ് കുമാർ ധർ (മാനവ് അധികാർ പാർട്ടി), നാല് സ്വതന്ത്രർ എന്നിവരും പത്രിക നൽകിയിട്ടുണ്ട്.
പിതാവിന്റെ നിർദേശങ്ങളില്ലാതെ ആദ്യ തിരഞ്ഞെടുപ്പാണ് താൻ നേരിടാൻ പോകുന്നതെന്ന് പത്രികാ സമർപ്പണത്തിന് ശേഷം മെഹ്ബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു.

2014ൽ 53.41 ശതമാനം വോട്ടുകൾ നേടിയാണ് മുഫ്തി അനന്ത്‌നാഗിൽ നിന്ന് ജയിച്ചത്. നാഷനൽ കോൺഫറൻസിന് 35.98 ശതമാനം വേട്ട് ലഭിച്ചപ്പോൾ ബി ജെ പിയുടെ വോട്ട് വിഹിതം 1.26 മാത്രമായിരുന്നു. കനത്ത സുരക്ഷ കണക്കിലെടുത്ത് ഇത്തവണ മൂന്ന് ഘട്ടങ്ങളിലായാണ് മണ്ഡലം പോളിംഗ് ബുത്തിലെത്തുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചു.