Connect with us

Articles

വെള്ളം കുടിച്ചും കുടിപ്പിച്ചും ഈ വാഹനത്തിന് തൊട്ടു പിന്നാലെ...

Published

|

Last Updated

ഇളനീരിനെ മറക്കാനാകില്ല ആര്‍ക്കും. ദാഹശമനി. ക്ഷീണമകറ്റി. ഈ ചൂടുകാലത്ത് നിന്നെ ഓര്‍ക്കാത്തവരായി ആരുമുണ്ടാകില്ല. ഇളം പച്ചപ്പിട്ട കരിക്ക് ചുണ്ടോട് ചേര്‍ത്ത് കുടിക്കുമ്പോഴുള്ള സുഖം ഒന്നു വേറെത്തന്നെ. തൊടിയില്‍ നിന്ന് പറിച്ചതാണെങ്കില്‍ നന്നായി. പ്രകൃതിയുടെ പാക്കറ്റ്.

വിവാഹാവസരങ്ങളില്‍ പഞ്ചസാര വെള്ളം വേണം. പഞ്ചസാര വെള്ളത്തിലിട്ട് കലക്കുകയാണ്. ഉള്ളി മുറിച്ചിടും. ഷുഗര്‍ വാട്ടര്‍. അതിഥികള്‍ക്കാണ്. വരന്റെ കൂടെ വരുന്നവര്‍ക്കും കൊടുക്കണം. ഇല്ലെങ്കില്‍ കുറച്ചിലാണ്. കല്യാണത്തിന് വന്നിട്ട് വെള്ളം കിട്ടിയില്ലെങ്കില്‍… അന്ന് ഷുഗര്‍ അത്രയൊന്നും പ്രശസ്തനായിരുന്നില്ല. കാലം കഴിഞ്ഞപ്പോള്‍ പഞ്ചസാര ലായനിയെ തണുപ്പിച്ചു. ഐസ് കഷ്ണങ്ങളിട്ട് കൂളാക്കി. നാട്ടുകാര്‍ കൂളായി. അവര്‍ പറഞ്ഞു, കല്യാണത്തിന് പോയപ്പോള്‍ കിട്ടിയ വെള്ളം, സൂപ്പര്‍. ഉപ്പിട്ട നാരങ്ങ വെള്ളവും വന്നു. വിത്തൗട്ടുകാരെയും പരിഗണിക്കണമല്ലോ.

പൊടി വന്നത് ഓര്‍മയുണ്ടാകും. വെള്ളത്തില്‍ ഇത്തിരി പൊടിയിട്ട് കലക്കിയാല്‍ മതി. കുടിവെള്ളം റെഡി. വേഗം തയ്യാറാക്കാം. പൊടിവെള്ളം കുടിക്കാം. പഞ്ചസാരക്കും ഉള്ളിക്കുമായി പരതി നടക്കേണ്ട. അപ്പോഴും സംഭാരം നാട്ടിന്‍ പുറത്തുണ്ട്, നന്മയായി. മോരു വെള്ളമാണ് സംഭവമായത്. അതിന്റെ എരിവും പുളിയും ചവര്‍പ്പും…

കരിങ്ങാലിയുടെ കാര്യം. ഏത് കരിങ്കാലിക്കും കുടിക്കാം. കരിങ്ങാലി പൊടി ചേര്‍ത്താല്‍ വെള്ളത്തിന്റെ രുചി മാറും. ഇലകളിട്ട് തിളപ്പിച്ച വെള്ളവുമുണ്ടായി നാട്ടുകാരെ വെള്ളം കുടിപ്പിക്കാന്‍. സര്‍ബത്ത് സോഡ കടകളുണ്ട് പണ്ടേ നമ്മുടെ നാട്ടില്‍. നാരങ്ങ വെള്ളവും കാണും. പഞ്ചസാര ഇട്ട് അടിച്ചാല്‍ ലൈംജ്യൂസായി.
വത്തക്ക തന്നെ വെള്ളമാണ്. തണ്ണിമത്തന്‍ എന്നല്ലേ പേര്. നമ്മള്‍ വത്തക്കയെ വെള്ളത്തിലാക്കി. സ്‌ട്രോ ഇടാന്‍ പറ്റുന്നില്ലല്ലോ. ഇതാ വന്നു, തണ്ണിമത്തന്‍ ജ്യൂസ്. ഇപ്പോള്‍ വിവാഹ വീടുകളില്‍ പഴയ പഞ്ചസാര വെള്ളമില്ല. വേഷം മാറിയാണ് വരവ്. കളര്‍ഫുള്‍ സാധനം. പച്ചവെള്ളം, ചുവപ്പു വെള്ളം, മഞ്ഞ വെള്ളം. രാഷ്ട്രീയം പോലെ വെള്ളവും..! കുടിച്ചാലോ, വയറ്റില്‍ ഗ്രൂപ്പ് വഴക്ക്. ചവിട്ടും കുത്തും.

ഇളനീര്‍ ഇപ്പോള്‍ മറ്റു നാടുകളില്‍ നിന്നാണ് വരവ്. തൊഴിലാളികളെ പോലെ. വാടിത്തളര്‍ന്നുള്ള വരവ്. ഇള നീരൊന്നുമല്ല. എന്നാലും അതും കാത്തിരിപ്പാണ് നാം. കുടിക്കാനാളുണ്ട്. ഇളനീര്‍ പാര്‍ലറുണ്ട്. ഇളനീര്‍ ജ്യൂസ്. പ്രകൃതി നല്‍കിയ പാക്കറ്റ് ജ്യൂസിനെ നമ്മള്‍ പുതിയ രുചി ചേര്‍ത്ത് അവതരിപ്പിക്കുകയാണ്.
ഈ തിരഞ്ഞെടുപ്പ് കാലത്ത് റോഡ് ഷോ പതിവാണ്. സ്ഥാനാര്‍ഥിയും അനുയായികളും വിയര്‍ത്ത് കുളിക്കും. അപ്പോള്‍ വണ്ടിയില്‍ വേണം കുപ്പി വെള്ളം. കുടിക്കാം, തലയിലൊഴിക്കാം. കടുത്ത ചൂടാണ്. മത്സരവും അതേ പോലെ.
ആ സി പി ഐക്കാരുടെ കാര്യമാണ് കഷ്ടം. അനന്തപുരിയില്‍ തരൂരും, കുമ്മനവും. പാവം ദിവാകരന്‍. വയനാട്ടില്‍ രാഹുല്‍ വന്നതോടെ കളി മാറി. ഇപ്പോഴിതാ സിറ്റിംഗ് സീറ്റായ തൃശൂരിലും ദാ വന്നു, കടുത്ത മത്സരം. സാക്ഷാല്‍ സുരേഷ് ഗോപി തന്നെ. യെവന്‍ പുലിയാണ് കെട്ടോ എന്നായിരുന്നു മുമ്പ്. ഇപ്പോള്‍ പുലി ചര്‍ച്ചക്ക് പോകുന്നു. ഉള്ളിലും പുറത്തും ചൂടാണ്.

രാഹുല്‍ അമേഠിയില്‍ നിന്ന് ഇങ്ങ് വന്നത് വെള്ളം കുടിക്കുമെന്ന് പേടിച്ചാണത്രേ. അവിടെ പ്രതിപക്ഷക്കാര് തന്നെ പാര വെച്ചാലോ എന്ന ഭയം. ഇവിടെ മാവോവാദികളുണ്ടായാലും പ്രശ്‌നമില്ല എന്നാണ്. അമേ…ഠീ എന്ന് പൊട്ടിയാലോ? ആര്‍ക്കും ഒന്നും പറയാനാകില്ല. ആരു വാഴും, ആര് വീഴും എന്ന്. വെള്ളം കുടിച്ചും കുടിപ്പിച്ചും പ്രചാരണം. ഇടക്കിടെ വരുന്ന പ്രവചനങ്ങളാണ് ഈ കൊടുംചൂടില്‍ ആശ്വാസം. പണ്ടത്തെ ഇളനീര്‍ കുടിച്ച സുഖം. ഇപ്പോഴിതാ പ്രളയം തന്നെ പ്രചാരണമാകുന്നു. കത്തുന്ന ചൂടില്‍ ആശ്വാസമായി പ്രളയജലം!

നാണു ആയഞ്ചേരി