Connect with us

Editors Pick

ലോകത്ത് 11.3 കോടി പട്ടിണിപ്പാവങ്ങള്‍; കാരണം യുദ്ധവും പ്രകൃതിദുരന്തങ്ങളുമെന്ന് യുഎന്‍

Published

|

Last Updated

പാരീസ്: ലോകത്ത് 11.3 കോടി ജനങ്ങള്‍ കൊടിയ ദാരിദ്ര്യം അനുഭവിക്കുന്നതായി ഐക്യരാഷ്ട്ര സംഘടന. 53 രാജ്യങ്ങളില്‍ നിന്നുള്ള കണക്കാണിത്. യുദ്ധവും കാലാവസ്ഥാ ദുരന്തങ്ങളുമാണ് ഇവരെ കൊടുംപട്ടിണിയിലേക്ക് തള്ളിവിട്ടതെന്നും യുഎന്നിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറന്‍ ഓര്‍ഗനൈസേഷന്റെ (എഫ്എഒ) വാര്‍ഷിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ളത്. ഇവിടെ 7.2 കോടി പേര്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. യെമന്‍, കോംഗോ, അഫ്ഗാനിസ്ഥാന്‍, സിറിയ എന്നീ രാജ്യങ്ങളും ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള എട്ട് രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സംഘര്‍ഷങ്ങളും അരക്ഷിതാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥാ പ്രശ്‌നങ്ങളുമാണ് ജനങ്ങളെ പട്ടിണിപ്പാവങ്ങള്‍ ആക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ അടിവരയിടുന്നു. ദാരിദ്ര്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന രാജ്യങ്ങളില്‍ 80 ശതമാനം പേരും ആശ്രയിക്കുന്നത് കാര്‍ഷിക മേഖലയെ ആണ്. അതുകൊണ്ട് തന്നെ കൃഷി മെച്ചപ്പെടുത്താന്‍ അവര്‍ക്ക് മാനുഷിക സഹായം എത്തിക്കേണ്ടത് അനിവാര്യമാണെന്ന് എഫ്എഒ ഡയറക്ടര്‍ ഡൊമിനിക് ബര്‍ഗോണ്‍ പറഞ്ഞു.

വന്‍തോതില്‍ അഭയാര്‍ഥികളെ ഉള്‍ക്കൊള്ളുന്ന രാജ്യങ്ങളിലും ദാരിദ്ര്യം രൂക്ഷമാണ്. ബംഗ്ലാദേശും സിറിയയും ഈ ദുരിതം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടന്നു. മ്യാന്‍മറില്‍ നിന്നുള്ള പത്ത് ലക്ഷത്തിലധികം അഭയാര്‍ഥികളാണ് ഈ രാജ്യങ്ങളില്‍ അഭയം തേടിയത്. രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെനസ്വേലയില്‍ ഇപ്പോഴത്തെ അവസ്ഥ നിലനിന്നാല്‍ ഈ വര്‍ഷം തന്നെ ഭക്ഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, 2017നെ അപേക്ഷിച്ച് 2018ല്‍ ദരിദ്രരുടെ എണ്ണം കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2017ല്‍ ലോകത്തെ ദരിദ്രരുടെ എണ്ണം 12.4 കോടിയായിരുന്നു.

Latest