Connect with us

Ongoing News

സൈന്യത്തെ മോദി സേനയെന്ന് വിശേഷിപ്പിച്ച യോഗി വിവാദത്തിൽ

Published

|

Last Updated

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തെ മോദി സേന എന്ന് വിശേഷിപ്പിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടി വിവാദത്തിൽ. ഗാസിയാബാദിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നതിനിടെയാണ് യോഗി ആദിത്യനാഥ് വിവാദ പ്രസ്താവന നടത്തിയത്.

“കോൺഗ്രസുകാർ ഭീകരവാദികളെ ബിരിയാണി വിളമ്പി സത്കരിക്കുമ്പോൾ മോദിയുടെ സേന അവർക്ക് ബോംബുകളും വെടിയുണ്ടകളുമാണ് നൽകുന്നതെന്ന് യോഗി പറഞ്ഞു. മസൂദ് അസ്ഹറിനെപ്പോലെയുള്ള ഭീകരരുടെ പേരിനൊപ്പം ജി എന്ന് ചേർത്ത് അവരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും യോഗി ആരോപിച്ചു. യോഗിയുടെ പ്രസ്താവനയെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി. പരാമർശം സൈന്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. ലജ്ജാകരമായ പ്രസ്താവനയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.

ഇത്തരത്തിലൊരു പ്രസ്താവന സേനക്ക് അപമാനമുണ്ടാക്കിയതായും രാജ്യം ഒന്നടങ്കം പ്രതിഷേധിക്കണമെന്നും മമത പറഞ്ഞു. യോഗിയുടെ പരാമർശം നമ്മുടെ സായുധ സേനക്ക് അപമാനമാണെന്നും യോഗി മാപ്പ് പറയണമെന്നും എ ഐ സി സി മാധ്യമവിഭാഗം കൺവീനർ പ്രിയങ്ക ചതുർവേദി അഭിപ്രായപ്പെട്ടു. അവർ രാജ്യത്തിന്റെ സേനയാണ്. അല്ലാതെ മോദിയുടെ സ്വകാര്യ സേനയല്ലെന്നും അവർ പറഞ്ഞു.