Connect with us

Kerala

ലാവ്‌ലിൻ കേസ്: മധ്യവേനൽ അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി

Published

|

Last Updated

ന്യൂഡൽഹി: ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയതിനെതിരായ അപ്പീൽ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന ഊർജ വകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രന്റെ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ച് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. വേനലവധിക്ക് ശേഷം ഹരജികൾ പരിഗണിക്കും.

ജൂലായ് ഒന്നിനാണ് സുപ്രീം കോടതി വേനലവധി കഴിഞ്ഞ് തുറക്കുന്നത്. അതേസമയം, കേസിൽ അന്തിമ വാദത്തിന് തയ്യാറാണെന്ന് സി ബി ഐ ഇന്നലെ കോടതിയെ അറിയിച്ചു. നേരത്തേ കേസ് പരിഗണിച്ചപ്പോൾ സി ബി ഐക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും പിണറായിയുടെ അഭിഭാഷകൻ വി ഗിരിയും ഒരുപോലെ കേസ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസ് നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശ്യമെന്ന് കോടതി ചോദിക്കുകയും ചെയ്തു.

കേസിൽ വിശദമായ വാദത്തിന് കൂടുതൽ സമയം ആവശ്യമുണ്ടെന്നും അതിനാൽ അന്തിമവാദം തുടങ്ങുന്നത് ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലേതെങ്കിലുമൊന്നിലേക്കു മാറ്റണമെന്നുമായിരുന്നു അന്ന് തുഷാർ മേത്തയുടെ ആവശ്യം. എന്നാൽ ഇന്നലെ വാദിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയാണ് കോടതിയിൽ എത്തിയത്. 2017 ഒക്ടോബർ മുതൽ 13 തവണയാണ് ലാവ്‌ലിൻ കേസ് സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നത്.

Latest