Connect with us

Travelogue

ചുമരുകളുടെ നഗരത്തിലെ ഒരു പകല്‍

Published

|

Last Updated

കശ്മീരിൽ നിന്നുള്ള മടക്കയാത്രയിലാണ് ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ പ്രവേശിച്ചത്. ജമ്മുവിൽ നിന്നും തുരന്തോ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിലായിരുന്നു യാത്ര. ജമ്മു- ഡൽഹി ട്രെയിൻ യാത്ര ഒരു ദിവസത്തിനടുത്തുണ്ട്. കശ്മീരിലെ അഞ്ച് ദിവസത്തെ സഞ്ചാരവും ജമ്മുവിലേക്കുള്ള ദുർഘട യാത്രയും കഴിഞ്ഞാണ് മടക്കമെന്നതിനാൽ എല്ലാവരും നന്നെ ക്ഷീണിച്ചിരുന്നു. തലേദിവസം ഉച്ചക്ക് യാത്ര ആരംഭിച്ച ഞങ്ങൾ, പിറ്റേദിവസം സൂര്യോദയത്തിനാണ് ഡൽഹി സറാഹി റോഹില്ല റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നത്. പുറത്ത് നല്ല മഞ്ഞുണ്ട്. കൂറ്റൻ കെട്ടിടങ്ങൾ തെളിഞ്ഞുവന്നു. യാത്രക്കാർ ലഗേജുകളെടുത്ത് ഇറങ്ങാനുള്ള ഒരുക്കത്തിലാണ്. ആ സമയത്താണ് അസ്വസ്ഥതയുണ്ടാക്കുന്ന ദുർഗന്ധമുണ്ടായതും ആ കാഴ്ച കണ്ടതും. കറുത്തിരുണ്ട ഒരു പ്രദേശം. ഇഷ്ടികകൾ അടുക്കിവെച്ചത് പോലെ ഇടുങ്ങിയ കുടിലുകൾ. എല്ലാം തകരം കൊണ്ടും ശീലക്കഷ്ണങ്ങൾ കൊണ്ടും വലിച്ചുകെട്ടി ഒപ്പിച്ചിരിക്കുന്നു. ഡൽഹിയിലെ ചേരി പ്രദേശമാണതെന്ന് മനസ്സിലായി.

പ്രത്യക്ഷ സൗന്ദര്യത്തിന് പിന്നിലെ
ഇരുൾ ജീവിതങ്ങൾ
ഇന്ത്യയിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനത്താണ് ഈ ചേരി. ഒന്നാമത് മുംബൈ. 2010ലെ കോമൺവെൽത്ത് ഗെയിംസിന് ഡൽഹി അരങ്ങൊരുങ്ങിയപ്പോൾ കൂറ്റൻ ഫ്ളക്സുകൾ ഉപയോഗിച്ച് ഈ ചേരിപ്രദേശം മറച്ചിരുന്നു. ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സിന് ഇടിവ് വരാതിരിക്കാനുള്ള ട്രപ്പീസ്. ചേരി നിവാസികൾ പ്രഭാത കൃത്യങ്ങൾ റെയിൽവേ ട്രാക്കിന്റെ ഇരുവശങ്ങളിൽ നിർവഹിക്കുന്നത് കണ്ടപ്പോൾ സഹതാപവും സങ്കടവും ഒന്നിച്ചുവന്നു. നമ്മുടെ തലസ്ഥാന നഗരിയുടെ പ്രത്യക്ഷ സൗന്ദര്യത്തിന് പിന്നിൽ സങ്കടം നിറഞ്ഞുനിൽക്കുന്ന ഒരു സമൂഹം ജീവിക്കുന്നുവെന്നത് ഖേദകരം തന്നെ. ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസിൽ നിസാമുദ്ദീനിലേക്ക്. സൂഫിവര്യരായ ഹസ്‌റത് നിസാമുദ്ദീൻ ഔലിയയുടെ അന്ത്യവിശ്രമ സ്ഥലം. നിസാമുദ്ദീനിൽ ഇറങ്ങി ലഗേജുകളെല്ലാം ദർഗക്കടുത്തുള്ള ലോഡ്ജിൽ വെച്ചതിന് ശേഷം സിയാറത്ത്. സുൽത്താൻ ഖാജാ മുഈനുദ്ദീൻ ചിശ്തി തങ്ങളുടെ ഖലീഫ ഖുത്ബുദ്ദീൻ ബഖ്തിയാർ കാക്കിദ്ദഹ്‌ലവി തങ്ങളുടെ ഖലീഫയാണ് ഹസ്‌റത് നിസാമുദ്ദീൻ ഔലിയ. എല്ലാ മതസ്ഥരും ഈ ദർഗ സന്ദർശിക്കാറുണ്ട്. ഇന്ത്യയിലെ തിരക്കേറിയ തീർഥാടന കേന്ദ്രങ്ങളിലൊന്ന്. മനോഹരമായ രീതിയിലാണ് മഖ്ബറയുടെ നിർമാണം. ഹസ്‌റത് നിസാമുദ്ദീൻ ഔലിയയോട് യാത്ര പറഞ്ഞ് ഞങ്ങൾ ഡൽഹി സഫാരിക്ക് വേണ്ടി പ്രത്യേകം തയ്യാർ ചെയ്ത ടൂറിസ്റ്റ് ബസിൽ യാത്രയാരംഭിച്ചു.

ആദ്യം പോയത് ലോകത്തെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിലൊന്നായ ഇന്ത്യാഗേറ്റിലേക്ക്. 42 മീറ്റർ ഉയരമുള്ള ഇതിന് ചുറ്റും ഏറെ ഭംഗിയോടെ പരിപാലിക്കുന്ന ഉദ്യാനങ്ങളുണ്ട്. 1914- 21 കാലത്തെ ഒന്നാം ലോകമഹായുദ്ധത്തിലും മൂന്നാം ആംഗ്ലോ- അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ നിലനിർത്തുന്നതിന് വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണിത്. 1921ൽ തറക്കല്ലിട്ട് 1931ൽ നിർമാണം പൂർത്തിയായി. യുദ്ധത്തിൽ മരിച്ച സൈനികരുടെ പേരുകൾ ചുമരുകളിൽ കൊത്തിവെച്ചിട്ടുണ്ട്. ഇന്ത്യാ ഗേറ്റ് കമാനത്തിന്റെ താഴെ ജ്വലിക്കുന്ന ദീപമാണ് അമർ ജവാൻ ജ്യോതി. ഒരു യുദ്ധത്തോക്കും സൈനികന്റെ തൊപ്പിയും ഇതിനോടൊപ്പം പണിതിരിക്കുന്നു. 1971ലെ ഇന്ത്യ- പാക് യുദ്ധത്തിന്റെ ഓർമക്കായി 1972 ജനുവരി 26നാണ് ഇത് സ്ഥാപിക്കപ്പെട്ടത്. തുടർന്ന് ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മ്യൂസിയത്തിലേക്ക്. അവർ താമസിച്ചിരുന്ന വീടാണ് മ്യൂസിയമാക്കിയത്. ഇരുവരുടെയും ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം അവിടെ കണ്ടു. കൊല്ലപ്പെടുമ്പോൾ ധരിച്ച വസ്ത്രം പ്രത്യേകം പ്രദർശിപ്പിച്ചിട്ടുണ്ട്. മ്യൂസിയത്തിന് പുറത്ത് ഇന്ദിരാ ഗാന്ധി വെടിയേറ്റുവീണ സ്ഥലവും അടയാളപ്പെടുത്തിയിട്ടുണ്ട്.


അലൈദർവാസയും
അലൈമിനാറും
ഡൽഹിയിലെ എല്ലാ റോഡുകളിലും നല്ല തിരക്കുണ്ട്. വാഹനങ്ങളും ജനങ്ങളുമൊഴിഞ്ഞ നേരമില്ല. എങ്കിലും കുരുക്കിൽ പെട്ടില്ല. മഹാത്മാ ഗാന്ധിയുടെ ഓർമസ്ഥലമായ രാജ്ഘട്ട് തുറന്ന വിശാലമായൊരു പ്രദേശത്താണ്. ചുറ്റുഭാഗവും പൂന്തോട്ടങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. ഇതിന്റെ വടക്കുഭാഗത്ത് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ശവകുടീരമായ ശാന്തിവനം സ്ഥിതി ചെയ്യുന്നു. ഡൽഹിയിലൂടെ സഞ്ചരിക്കുന്നതിനിടയിൽ യു പി എസ് സി സെന്ററും എയിംസും കണ്ടു. ഇന്ത്യയുടെ പരമോന്നത നീതിന്യായ കോടതിയും രാഷ്ട്രപതിഭവനും പാർലിമെന്റ് മന്ദിരവും ദൂരെനിന്ന് കാണാനേ കഴിഞ്ഞുള്ളൂ. ഇന്ത്യാഗേറ്റിന്റെയും രാഷ്ട്രപതി ഭവന്റെയും മുന്നിലൂടെയുള്ള രാജ്പഥിലൂടെ സഞ്ചരിച്ചത്, ഇഷ്ടിക കൊണ്ട് നിർമിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമായ ഖുത്ബ് മിനാറിലേക്കായിരുന്നു. ഖുത്ബ് മിനാർ സന്ദർശിക്കുന്നതിന് മുമ്പ് അതിന് കാരണക്കാരനായ ഖുത്ബുദ്ദീൻ ബഖ്തിയാർ കാക്കിദ്ദഹ്‌ലവി തങ്ങളെ സന്ദർശിക്കാതിരുന്നാൽ അപമര്യാദയാകുമെന്ന് തോന്നി. ഖുത്ബ് മിനാറിനടുത്ത് വാഹനം പാർക്ക് ചെയ്ത് ഞങ്ങൾ കുറച്ച് ദൂരം നടന്നാണ് മഖ്ബറയിലെത്തിയത്. നല്ല തിരക്കുണ്ട്.

ഖുത്ബുദ്ദീൻ ബഖ്ത്തിയാർ തങ്ങളുടെ സ്മരണാർഥം ഭരണാധികാരിയായ ഖുത്ബുദ്ദീൻ ഐബക് നിർമിച്ചതാണ് ഖുത്ബ് മിനാർ. ഇതിന്റെ നിർമാണം പൂർത്തിയാക്കിയത് ഭരണാധികാരി ഇൽത്തുമിഷാണ്. ഇന്തോ- ഇസ്‌ലാമിക വാസ്തുശിൽപ്പ കലക്ക് ഉത്തമ ഉദാഹരണമാണ് ഈ ഗോപുരം. 73 മീറ്റർ ഉയരമുള്ള ഗോപുരത്തിന്റെ മുകളിലേക്ക് കയറുന്നതിന് 379 പടികളുണ്ട്. ചുറ്റും ഒരുപാട് ചരിത്ര സ്മാരകങ്ങൾ. ഖുത്ബ് മിനാറിനൊപ്പമുണ്ടായിരുന്ന ഖുവ്വത്തുൽ ഇസ്‌ലാം മസ്ജിദ് വലുതാക്കി പണിത അലാവുദ്ദീൻ ഖിൽജി, മസ്ജിദിലേക്ക് തെക്കുവശത്ത് നിന്ന് പ്രവേശിക്കുന്നതിനായി നിർമിച്ച കവാടമാണ് അലൈദർവാസ. മസ്ജിദിനൊപ്പം ഖിൽജി പണിയാനുദ്ദേശിച്ച വലിയ ഗോപുരമായ അലൈമിനാർ പണിപൂർത്തിയാകാതെ കിടപ്പുണ്ട്. 1981ൽ വൈദ്യുതി തകരാറിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്‌കൂൾ കുട്ടികളടക്കം 47 പേർ മിനാറിനുള്ളിൽ മരിച്ചതിനെ തുടർന്ന് അകത്തേക്ക് സന്ദർശനം നിരോധിച്ചു. ഈ വിലക്കിന് മുമ്പ് മിനാറിൽ നിന്ന് ചാടി പലരും ജീവനൊടുക്കിയിട്ടുമുണ്ട്. ഡൽഹി സുൽത്താനേറ്റിലേയും മുഗൾ സാമ്രാജ്യത്തിലേയും നിർമിതികളുടെ ചരിത്രം പഠനാർഹവും കൗതുകകരവുമാകുന്ന നിമിഷങ്ങളായിരുന്നു യാത്രയിലുടനീളം. ഏറെയും ചരിത്രസ്മാരകങ്ങൾ. വേറെയും ചരിത്രസ്മാരകങ്ങൾ ഖുത്ബ്മിനാറിന് ചുറ്റും പൊളിഞ്ഞുകിടപ്പുണ്ട്.

തലസ്ഥാനത്തെ ചന്തകൾ
വെയിലിന് നല്ല ചൂടുണ്ട്. ഡൽഹിയിൽ ഒരു ദിവസത്തെ സന്ദർശനമാണുള്ളത്. ഖുത്ബ് മിനാർ സന്ദർശനം കഴിഞ്ഞിറങ്ങുമ്പോൾ ഉച്ച കഴിഞ്ഞ് മൂന്ന് മണി. നല്ല വിശപ്പ്. ഡൽഹി ഐ എൻ എ മാർക്കറ്റ് ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. ഡൽഹി മെട്രോയെ അടുത്തറിയലായിരുന്നു ലക്ഷ്യം. ഐ എൻ എ മാർക്കറ്റ് മെട്രോ സ്റ്റേഷനിലെത്തി. ആദ്യം ഭക്ഷണം കഴിക്കണം. അന്വേഷണത്തിനൊടുവിൽ ഒരു കേരള ഹോട്ടൽ കണ്ടുപിടിച്ചു. മലയാളികളായത് കൊണ്ട് അവർ നല്ല രൂപത്തിൽ സത്കരിച്ചു. വിശപ്പ് മാറിയ സന്തോഷത്തോടെയാണ് ജീവിതത്തിലെ കന്നി മെട്രോ ട്രെയിൻ യാത്രക്ക് ഒരുങ്ങുന്നത്. ഡൽഹി മെട്രോ റെയിൽവേ ഇന്ത്യയിലെ രണ്ടാമത്തെ ഭൂഗർഭ ഗതാഗത മാർഗമാണ്. ആദ്യത്തേത് കൊൽക്കത്ത മെട്രോ.

ഐ എൻ എ മാർക്കറ്റ് സ്റ്റേഷൻ ഭൂമിക്കടിയിലാണ്. മനോഹരമായ നിർമാണ രീതി. ഞങ്ങളുടെത് വൺടൈം യാത്രയായതിനാൽ ടോക്കൺ ടിക്കറ്റാണെടുത്തത്. ഓരോ സ്റ്റേഷനിലും ശരാശരി 20 സെക്കന്റ് മാത്രമേ നിർത്തുകയുള്ളൂ. ഞങ്ങൾ ഡൽഹി ജുമാമസ്ജിദ് സ്റ്റേഷനിലേക്കാണ് ടിക്കറ്റ് എടുത്തത്. ഭൂമിക്കടിയിലെ ഡൽഹി ജുമാമസ്ജിദ് സ്റ്റേഷനിലിറങ്ങി ഏകദേശം നാല് നിലയോളം ഉയരത്തിലേക്ക് കയറിയാണ് പുറത്തേക്കെത്തിയത്. ചാന്ദ്‌നി ചൗക്കിലൂടെയാണ് ഡൽഹി ജുമാമസ്ജിദിലേക്ക് പോകേണ്ടത്. നല്ല തിരക്കുണ്ട്. വിസ്തൃതിയുള്ള പഴയ മാർക്കറ്റ്. ഡൽഹി ജുമാമസ്ജിദും പുരാതനമാണ്. 1644- 56 കാലയളവിൽ മുഗൾ ചക്രവർത്തി ഷാജഹാനാണ് ഈ പള്ളി പണിതത്. ഡൽഹി ജുമാമസ്ജിദിലെ പെരുന്നാൾ നിസ്‌കാരത്തിന്റെ ഫോട്ടോ പത്രങ്ങളിൽ കാണുമ്പോൾ ഒന്നു കാണണം എന്ന ആശ ഏറെക്കാലമായുണ്ടായിരുന്നു. കുറേ പടവുകൾ കയറിവേണം പള്ളിയിലേക്ക് പ്രവേശിക്കാൻ. പള്ളിയുടെ ഉൾഭാഗത്ത് നടുവിലായി അംഗസ്‌നാനത്തിന് വേണ്ടി വലിയ ഹൗളുണ്ട്. തുറന്ന രൂപത്തിലുള്ള പള്ളിയാണ്. ഒരു സമയത്തെ കൂട്ട നിസ്‌കാരത്തിന് 25,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.

സമയം സന്ധ്യയോടടുത്തു. ജുമാമസ്ജിദിന്റെ പുറത്ത് നിന്ന് നോക്കിയാൽ ചാന്ദ്‌നി ചൗക്ക് മാർക്കറ്റ് ഭംഗിയായി കാണാം. വസ്തുക്കൾക്ക് വിലക്കുറവുണ്ട്. ഏതായാലും പർച്ചേസിംഗ് നടത്താൻ തീരുമാനിച്ചു. യാത്ര പോകുന്ന നാട്ടിലെ പ്രത്യേകമായ വസ്തുക്കളും വിഭവങ്ങളും കുടുംബക്കാർക്ക് വാങ്ങിക്കൊണ്ടുപോകൽ യാത്രയുടെ മര്യാദയാണല്ലോ. ഇന്ത്യയുടെ തനതായ ഭക്ഷണങ്ങളും മധുര പലഹാരങ്ങളും സാരികളും ഇവിടെ കിട്ടും. വില കുറവായതിനാൽ ചിലതൊക്കെ വാങ്ങി. ഓരോ ഇനം കച്ചവടത്തിനും പ്രത്യേക വീഥികളുണ്ട്. വഴിയോര വിളക്കുകൾ പ്രകാശം പൊഴിച്ചു. പർച്ചേസിംഗും കഴിഞ്ഞ് നിസാമുദ്ദീനിലേക്ക് ബസ് കാത്തുനിൽക്കുമ്പോഴാണ് വിളക്കുകളുടെ പ്രകാശത്തിൽ ചുവപ്പുകോട്ട ദൃഷ്ടിയിൽ പതിഞ്ഞത്. രണ്ട് കിലോ മീറ്റർ ചുറ്റളവിൽ ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച ഈ കോട്ട വിസ്തരിച്ച് കാണാനായില്ല. എന്നാലും പുറത്തുനിന്ന് വേണ്ടുവോളം ആസ്വദിച്ചു. രാത്രിയിൽ വഴിവിളക്കുകളുടെ പ്രകാശത്താൽ നഗരം പകൽപോലെത്തന്നെ. തിരക്കൊഴിഞ്ഞിട്ടില്ലായിരുന്നു. കച്ചവടങ്ങൾ പൊടിപൊടിക്കുന്നുണ്ട്.

മനസ്സുറങ്ങാത്ത ഒരു പകൽ. ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ കാഴ്ചകൾ വിസ്മയകരമായിരുന്നു. മുഗൾ നിർമിതിയുടെ മനോഹാരിത അമ്പരപ്പിച്ചു. ചുവരുകളുടെ നഗരമായ പഴയ ഡൽഹിയിലെ ചെങ്കോട്ടയുടെ പുറംകാഴ്ച കണ്ടാണ് നിസാമുദ്ദീനിലേക്ക് യാത്ര തിരിച്ചത്. ലഗേജുകൾ അവിടെയാണല്ലൊ.

ബാസിത്തലി അദനി
.basithali31399@gmail.com

basithali31399@gmail.com

Latest