Connect with us

Palakkad

കഞ്ചിക്കോട് കോച്ച് ഫാക്ടറി വോട്ടാക്കാൻ സ്ഥാനാർഥികൾ

Published

|

Last Updated

പാലക്കാട്: വരില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടും കഞ്ചിക്കോട് കോച്ച് ഫാക്ടറി കൈവിടാതെ രാഷ്ട്രീയ പാർട്ടികൾ. 1982ൽ തുടങ്ങിയ കഞ്ചിക്കോട് കോച്ച് ഫാക്ടറി വിവാദം 37 വർഷം പിന്നിട്ടിട്ടും ഒഴിയാബാധയായി തിരെഞ്ഞടുപ്പ് പ്രചാരണസമയത്ത് വോട്ടർമാരെ വേട്ടയാടുകയാണ്. 1982 ൽ നടന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനോടുനുബന്ധിച്ച് പാലക്കാട് കോട്ട മൈതാനത്ത് നടന്ന പൊതുയോഗത്തിലാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നെല്ലറക്ക് റെയിൽ കോച്ച് ഫാക്ടറി വാഗ്ദാനം നൽകിയത്.

പഞ്ചാബിൽ ഖലി്സ്ഥാൻ തീവ്രവാദം ആളികത്തിയപ്പോൾ പഞ്ചാബിനെ പ്രീണിപ്പിക്കാനായി കപൂർത്തലയിലേക്ക് കടത്തിയതോടെയാണ് കോച്ച് ഫാക്ടറിയുടെ വിവാദത്തിന് തിരികൊളുത്തുന്നത്. അന്ന് കേരളത്തിൽ കോച്ച് ഫാക്ടറി ലഭ്യമാകുന്നതിന് പഞ്ചാബ് മോഡൽ നടത്തണമെന്ന് പറഞ്ഞതിൽ കെ ബാലകൃഷ്ണ പിള്ളക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപനത്തിന് ശേഷം മറന്ന കോച്ച് ഫാക്ടറി 2008ൽ യു പി എ സർക്കാർ ഭരിക്കുന്നകാലത്താണ് അന്നത്തെ റെയിൽവേ മന്ത്രി ലാലുപ്രസാദ് യാദവ് ബജറ്റിലുടെ പ്രഖാപിച്ചതോടെയാണ് വീണ്ടും കോച്ച് ഫാക്ടറിക്ക് ജീവൻ വെച്ചത്. പിന്നെ ചലനമറ്റ കോച്ച് ഫാക്ടറിക്ക് മോദി സർക്കാർ അധികാരത്തിൽ വന്ന ബജറ്റിൽ തുക വകയിരുത്തുകയും ചെയ്തു. പക്ഷേ ഇത് വരെ തിരെഞ്ഞടുപ്പ് സമയത്ത് ചൂടേറിയ ചർച്ച വിഷയമാകുന്നതൊഴിച്ചാൽ കോച്ച് ഫാക്ടറി ശിലയിൽ തന്നെ കിടക്കുകയാണ്.

കേരളത്തിനൊപ്പം പ്രഖ്യാപിച്ച മറ്റു സംസ്ഥാനങ്ങളിലെ കോച്ച് ഫാക്ടറികൾ പ്രവർത്തനം തുടങ്ങി. കോച്ചും അനുബന്ധ സാമഗ്രികളും നിർമിച്ച് യുവാക്കൾ തൊഴിലെടുക്കുമ്പോൾ കേരളത്തിൽ മാത്രം വോട്ട് തട്ടാനുള്ള യന്ത്രമായി മാറുകയാണ് കോച്ച് ഫാക്ടറി. ഈ തിരെഞ്ഞടുപ്പിലും കോച്ച് ഫാക്ടറി ചർച്ച വിഷയമായി തീർന്നിട്ടുണ്ട്. സംസ്ഥാന സർക്കാർ കോച്ച് ഫാക്ടറിക്ക് വേണ്ട സ്ഥലവും അനുബന്ധ സൗകര്യവും നൽകിയിട്ടും മോദി സർക്കാർ തടസ്സം നിൽക്കുകയാണെന്ന് ഇടത് മുണണി സ്ഥാനാർഥി എം ബി രാജേഷ് ജനങ്ങളുടെ മുന്നിൽ വെക്കുന്നത്. യു ഡി എഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠൻ എം പിയുടെ കഴിവ് കേടിനെക്കുറിച്ചും കേന്ദ്രസർക്കാറിനെയും പഴിചാരുമ്പോൾ എൻ ഡി എ സ്ഥാനാർഥി ഇടത് പിന്തുണയോടെ യു പി എ സർക്കാറിന്റെ നടപ്പിലാക്കാത്ത കോച്ച് ഫാക്ടറിക്ക് ചിറക് മുളച്ചത് മോദി സർക്കാർ വന്നപ്പോഴാണെന്നും സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള നിസ്സഹകരണമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും പറയുന്നു. കോച്ച് ഫാക്ടറി തിരെഞ്ഞടുപ്പ് പ്രചരണായുധമാക്കി വോട്ട് തട്ടിയെടുക്കാനുള്ള തന്ത്രത്തിനെതിരെ പ്രതിഷേധവും വോട്ടർമാർക്കിടയിൽ ഉയർന്നിട്ടുണ്ട്.