Connect with us

National

പ്രതിപക്ഷത്തിന്റെ പ്രധാന മന്ത്രി സ്ഥാനാര്‍ഥി ആരെന്നു ചോദിക്കാന്‍ മോദി ആരാണ്: മമത

Published

|

Last Updated

വിശാഖപട്ടണം: പ്രതിപക്ഷത്തിന്റെ പ്രധാന മന്ത്രി സ്ഥാനാര്‍ഥി ആരാണെന്നു ചോദിക്കാന്‍ നരേന്ദ്ര മോദി ആരാണെന്ന ചോദ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഞങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കാന്‍ ഞങ്ങള്‍ക്കറിയാമെന്നും രാജ്യത്തെ നയിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാകുമെന്നും ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നടന്ന തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെ മമത പറഞ്ഞു.

ബി ജെ പി ഇതര രാഷ്ട്രീയ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ സി ബി ഐ, ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് എന്നിവയെക്കൊണ്ടെല്ലാം റെയ്ഡുകള്‍ നടത്തിച്ച് ഭീഷണിപ്പെടുത്തുകയാണ് മോദിയെന്നും മമത പറഞ്ഞു. കര്‍ണാടക, ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെല്ലാം ഇത്തരം റെയ്ഡുകള്‍ നടത്തുന്നു.

ചായ്‌വാല (ചായ വില്‍പനക്കാരന്‍) യില്‍ നിന്നാണ് മോദി ഛൗക്കിദാര്‍ (കാവല്‍ക്കാരന്‍) ആയത്. എന്നാല്‍, അദ്ദേഹം ജനങ്ങളുടെയല്ല, സമ്പന്നരുടെയും അഴിമതിക്കാരുടെയും മറ്റും കാവല്‍ക്കാരനാണ്. മോദിയുടെ ഭരണത്തില്‍ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നും തൊഴിലിലല്ലായ്മ രൂക്ഷമായതായും മമത ആരോപിച്ചു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരും റാലിയില്‍ പങ്കെടുത്തു. തെലുഗുദേശം പാര്‍ട്ടി അധ്യക്ഷനായ നായിഡു ആന്ധ്രയില്‍ നടത്തുന്ന ഭരണത്തെ മമത പ്രകീര്‍ത്തിച്ചു. ലോകമാകെ ആന്ധ്രയുടെ പ്രശസ്തിയുയരാന്‍ ഇടയായത് അദ്ദേഹത്തിന്റെ ഭരണമാണ്. സംസ്ഥാനത്ത് നായിഡു തന്നെ വീണ്ടും അധികാരത്തില്‍ വരണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു.