Connect with us

Kerala

നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ഐഎന്‍എല്ലില്‍ ലയിച്ചു

Published

|

Last Updated

കോഴിക്കോട്: പി ടി എ റഹീം എം എല്‍ എയുടെ നേതൃത്വത്തിലുള്ള നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ഐഎന്‍എല്ലില്‍ ലയിച്ചു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന ലയന സമ്മേളനത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കോണ്‍ഗ്രസ് എസ് നേതാവും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രന്‍, മന്ത്രി കെ ടി ജലീല്‍, എന്‍ സി പി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രന്‍, കാരാട്ട് റസാഖ് എം എല്‍ എ, ലോക്താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാര്‍, ജനാധിപത്യ കേരളാകോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആന്റണി രാജു തുടങ്ങിയവര്‍ പങ്കെടുത്തു. എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവനും ലയന സമ്മേളനത്തിനെത്തിയിരുന്നു.

ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണകൂടം ജനങ്ങളെ ഭിന്നിപ്പിച്ച് തമ്മില്‍ തല്ലിക്കാനുള്ള ശ്രമം നടത്തുമ്പോള്‍ വ്യത്യസ്ത അഭിപ്രായം പുലര്‍ത്തുന്നവര്‍ ലയിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മതേതരത്വ നിലപാടുകളെടുത്ത ഐ എന്‍ എല്ലിനെ ഇടതുമുന്നണിയിലേക്ക് ചേര്‍ത്തണമെന്ന ചര്‍ച്ച വന്നപ്പോള്‍ എല്‍ ഡി എഫിനുള്ളില്‍ ആര്‍ക്കും ഒരഭിപ്രായവ്യത്യാസവുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ലയന സമ്മേളനം ഐ എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫ: മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ഇടത് ചേരിയുടെ ഭാഗമായതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഐ എന്‍ എല്ലിന്റെ ഉത്തരവാദിത്വം വര്‍ധിച്ചിരിക്കുകയാണെന്ന് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. രാജ്യത്ത് ഇടതുപക്ഷം അത്യാവശ്യമാണ്. ബി ജെപിയുടേയും കോണ്‍ഗ്രസിന്റേയും കോര്‍പറേറ്റ് നയങ്ങളെ ചെറുക്കുന്നതിന് ഇടതുചേരി രാജ്യത്ത് വളരേണ്ടതുണ്ട്- അദ്ദേഹം വ്യക്തമാക്കി.

എന്‍ എസ് സി സംസ്ഥാന ചെയര്‍മാന്‍ അഡ്വ: പി ടി എ റഹീമാണ് ലയന പ്രഖ്യാപനം നടത്തിയത്. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രതീക്ഷ നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുള്‍ വഹാബ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാര്‍ എം എല്‍ എ, എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പങ്കജാക്ഷന്‍, ഐ എന്‍ എല്‍ അഖിലേന്ത്യാ ജന: സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, ഐ എന്‍ എല്‍ അഖിലേന്ത്യാ ട്രഷറര്‍ ഡോ: എ എ അമീന്‍, ഐ എന്‍ എല്‍ സംസ്ഥാന ട്രഷറര്‍ ബി ഹംസഹാജി തുടങ്ങിയവര്‍ സംസാരിച്ചു. ഐ എന്‍ എല്‍ സംസ്ഥാന ജന: സെക്രട്ടറി കാസിം ഇരിക്കൂര്‍ സ്വാഗതവും ജലീല്‍ പുനലൂര്‍ നന്ദിയും പറഞ്ഞു.