Connect with us

Sports

ബൂട്ടഴിച്ചു;  ടിം കാഹിലിന്റെ അടുത്ത ലക്ഷ്യം?

Published

|

Last Updated

സിഡ്‌നി: ആസ്‌ത്രേലിയന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ നായകന്‍ ടിം കാഹില്‍ പ്ലെയിംഗ് കരിയറിന് വിരാമമിട്ടു. മുപ്പത്തൊമ്പതുകാരന്റെ അടുത്ത ലക്ഷ്യം മാധ്യമങ്ങളില്‍ മത്സരം വിലയിരുത്തുകയും കോച്ചിംഗ് കരിയറുമാണ്.

ക്ലബ്ബ് ഫുട്‌ബോളില്‍ ഇംഗ്ലണ്ടില്‍ പതിനഞ്ച് വര്‍ഷം കളിച്ചു. മില്‍വാള്‍, എവര്‍ട്ടന്‍ ക്ലബ്ബുകളുടെ താരമായിരുന്നു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് കഴിഞ്ഞ റഷ്യ ലോകകപ്പോടെ കാഹില്‍ വിരമിച്ചിരുന്നു. അമ്പത് ഗോളുകളുമായി കാഹിലാണ് ആസ്‌ത്രേലിയയുടെ ടോപ് സ്‌കോറര്‍. നവംബറില്‍ ലെബനനെതിരെ കളിച്ചു കൊണ്ടാണ് കാഹില്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്.

അതിന് ശേഷമാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പുര്‍ എഫ് സിയിലെത്തിയത്.
ക്ലബ്ബ് ഫുട്‌ബോളില്‍ തുടരുമോ എന്ന ചോദ്യത്തിന് ഫുട്‌ബോള്‍ പ്രായപ്രകാരം ഞാന്‍ വയസനായിരിക്കുന്നു എന്നാണ് കാഹില്‍ മറുപടി നല്‍കിയത്.കോച്ചിംഗില്‍ എ ലൈസന്‍സിന് ശ്രമിക്കുന്ന കാഹില്‍ കുടുംബത്തോടൊപ്പം യാത്ര പോകാനുള്ള മാനസികാവസ്ഥയിലാണ്. പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനില്‍ കളിച്ചതിന് ശേഷം മേജര്‍ ലീഗ് സോക്കറില്‍ ന്യൂയോര്‍ക് റെഡ് ബുള്‍സിനായി കളിച്ചു. അവിടെ നിന്ന് ചൈനീസ് സൂപ്പര്‍ ലീഗില്‍ ഷാംഗ്ഹായ് ഷെന്‍ഹുവ, ഹാംഗ്‌ഷോ ഗ്രീന്‍ടൗണ്‍ ക്ലബ്ബുകള്‍ക്കായും കളിച്ചു.

2016 ല്‍ ആസ്‌ത്രേലിയന്‍ എ ലീഗില്‍ മെല്‍ബണ്‍ സിറ്റിയിലെത്തിയ കാഹില്‍ തന്റെ ആദ്യ ക്ലബ്ബായ മില്‍വാലിലേക്ക് മടങ്ങി. ഇംഗ്ലണ്ടില്‍ രണ്ടാം ഡിവിഷനിലായിരുന്നു മില്‍വാള്‍. 21 വര്‍ഷം നീണ്ട കരിയറില്‍ അഞ്ഞൂറിലേറെ ക്ലബ്ബ് മത്സരങ്ങള്‍ കളിച്ചു കാഹില്‍. തിരിഞ്ഞു നോക്കുമ്പോള്‍ സംതൃപ്തനാണെന്ന് ആസ്‌ത്രേലിയന്‍ താരം.

Latest