Connect with us

Malappuram

ചൂട് ഉയരുന്നു; എ സി വിപണിയില്‍ വന്‍ കുതിപ്പ്

Published

|

Last Updated

മലപ്പുറം: അന്തരീക്ഷത്തില്‍ ചൂടിന്റെ കാഠിന്യം കൂടിയതോടെ വിപണിയില്‍ എയര്‍കണ്ടീഷന്‍ (എ സി) വില്‍പ്പന കുതിച്ചുയര്‍ന്നു. ഗാര്‍ഹിക ഉപഭോക്താക്കളാണ് ചൂടില്‍ നിന്ന് രക്ഷ നേടാനായി എ സിയില്‍ അഭയം തേടുന്നത്.

പ്രളയ പശ്ചാത്തലത്തില്‍ ഗാര്‍ഹിക ഗൃഹോപകരണ രംഗത്ത് ബിസിനസ് പിന്നോട്ട് നിന്നിരുന്നു. ഈ ജനുവരിയോടെയാണ് ഇലക്‌ട്രോണിക്‌സ് വിപണന രംഗത്ത് എ സികളുടെ വില്‍പ്പന പച്ചപിടിച്ചത്. വേനലില്‍ ചൂട് കൂടിയതും പ്രശ്‌നത്തിന് കാരണമായി. എ സിയില്‍ ത്രീസ്റ്റാറുള്ള വണ്‍ ടണ്‍ എസികളാണ് വീടുകളിലേക്കായി ഉപഭോക്താക്കള്‍ കൊണ്ടുപോകുന്നത്. 25000 മുതലാണ് വിപണയില്‍ മികച്ച ഗുണമേന്മയുള്ള ബ്രാന്‍ഡുകളുടെ വിലനിലവാരം.

വൈദ്യുതിക്ഷമത കൂടുന്നതിന് അനുസരിച്ച് 35000 രൂപാ വരെ വിപണിയില്‍ വില വരുമെന്ന് കച്ചവടക്കാര്‍ പറഞ്ഞു.
ഓഫീസുകളിലേക്കും കച്ചവട സ്ഥാപനങ്ങളിലേക്കുമുള്ള വില്‍പ്പനയും ഇതിന് പുറമെയാണ്. ഇവിടങ്ങളിലേക്ക് ഒന്നര മുതല്‍ രണ്ട് ടണ്‍ വരെയുള്ള എസികളാണ് വിറ്റ് പോകുന്നത്.

അത് കടയുടെയോ, റൂമിന്റെയോ വിസ്തീര്‍ണം അനുസരിച്ച് മാറും. എസികള്‍ക്ക് ഫിനാന്‍സ് കമ്പനികള്‍ തുല്യമായ മാസ ഗഡു സംവിധാനം ഏര്‍പ്പെടുത്തിയതോടെ ബിസിനസ് വീണ്ടും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ സാധാരണ ഗതിയില്‍ ഒരു എസി എടുക്കാന്‍ ബജറ്റ് കരുതിയിരുന്ന ഉപഭോക്താവ്, ഒന്നില്‍ കൂടുതല്‍ എ സി വാങ്ങുന്നത് സ്ഥിതി വരെയുണ്ടെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. കൂടാതെ എസി സര്‍വീസ് സെന്ററുകളിലും തിരക്ക് കൂടിയീട്ടുണ്ട്.

പുതിയത് വാങ്ങാന്‍ സാധിക്കാത്തവര്‍ ചൂടിന്റെ കാഠിന്യം ഉയര്‍ന്നതോടെ കേടു വന്ന എ സികള്‍ നന്നാക്കുന്നതിനായി സര്‍വീസ് സെന്ററുകളെ ആശ്രയിക്കുകയാണ്. ഫെസ്റ്റിവെല്‍ സീസണ്‍ കൂടി എത്തുന്നതോടെ മികച്ച ഓഫറുകളുമായിട്ടായിരിക്കും കമ്പനികള്‍ വിപണിയില്‍ എ സികള്‍ വില്‍ക്കുക. ഇത് കൂടി വന്നാല്‍ വില്‍പ്പന ഇനിയും ഉയരുമെന്നാണ് കച്ചവടക്കാരുടെ കണക്കു കൂട്ടല്‍