വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയത്തില്‍ ഇത്തവണ വര്‍ധനയില്ല

Posted on: March 29, 2019 4:51 pm | Last updated: March 29, 2019 at 4:51 pm

ബംഗളൂരു: വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം ഈ സാമ്പത്തിക വര്‍ഷം വര്‍ധിപ്പിക്കേണ്ടതില്ലെന്ന് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി തീരുമാനിച്ചു. തേര്‍ഡ് പാര്‍ട്ടി പ്രീമിയത്തില്‍ എല്ലാ വര്‍ഷവും ഏപ്രില്‍ മാസം 10 മുതല്‍ 40 ശതമാനം വരെ വര്‍ധനവ് ഏര്‍പെടുത്താറുണ്ട്. ഈ വര്‍ഷം 20 മുതല്‍ 30 വരെ ശതമാനം വര്‍ധനവ് പ്രതീക്ഷിച്ചിരുന്നു.

അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ 2018 ഏപ്രിലില്‍ നിശ്ചയിച്ച തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിരക്ക് തുടരുമെന്ന് ഐആര്‍ഡിഎഐ വ്യക്തമാക്കി. ഇതനുസരിച്ച് 75 സിസിയില്‍ താഴെയുള്ള സ്‌കൂട്ടറുകള്‍ക്കും ടുവീലറുകള്‍ക്കും 427 രൂപയാണ് നിലവിലെ പ്രീമിയം. 75 മുതല്‍ 150 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 720 രൂപയും അതിലും കൂടിയവക്ക് 985 രൂപയുമാണ് തേര്‍ഡ് പാര്‍ട്ടി നിരക്ക്.

ചെറുകിട കാറുകള്‍ ക്ക് 1850, 1000-1500 സിസി പരിധിയില്‍ വരുന്ന സെഡാന്‍ കാറുകള്‍ക്ക് 2863, 1500 സിസിക്ക് മുകളില്‍ വരുന്ന എസ് യു വി കാറുകള്‍ക്ക് 7890 എന്നിങ്ങനെയാണ് നിരക്ക്. റിക്ഷകള്‍ക്കും ഇ റിക്ഷകള്‍ക്കും യഥാക്രമം 2595, 1685 എന്നിങ്ങനെയാണ് തേര്‍ഡ് പാര്‍ട്ടി പ്രീമിയം.