ബിജെപി സീറ്റ് വാഗ്ദാനം ചെയ്തു; താന്‍ നിരസിച്ചു: ടോം വടക്കന്‍

Posted on: March 29, 2019 3:13 pm | Last updated: March 29, 2019 at 6:38 pm

ന്യൂഡല്‍ഹി: ബിജെപി തനിക്ക് ലോക്‌സഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും താന്‍ നിരസിക്കുകയായിരുന്നുവെന്നും അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ ടോം വടക്കന്‍. എന്നാല്‍ ഏത് സീറ്റാണ് വാഗ്ദാനം ചെയ്തതെന്ന് ടോം വടക്കന്‍ വ്യക്തമാക്കിയില്ല. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

താന്‍ ബിജെപിയില്‍ പുതിയ ആളാണ്. പ്രവര്‍ത്തകരുമായി ബന്ധം സ്ഥാപിച്ച് വരുന്നതേയുള്ളു. ഇപ്പോള്‍ സ്ഥാനാര്‍ഥിയാകുന്നത് അവരെ വഞ്ചിക്കലാകും. എന്നാല്‍ ഭാവിയില്‍ ബിജെപിയുടെ സംഘടനാപരമോ തിരഞ്ഞെടുപ്പ്മായി ബന്ധപ്പെട്ടതോ ആയ ദൗത്യങ്ങള്‍ ഏറ്റെടുത്തേക്കാമെന്നും ടോം വടക്കന്‍ പറഞ്ഞു. ശബരിമലയിലെ സുപ്രീം കോടതിവിധി അംഗീകരിക്കാനാകില്ല. ഇക്കാര്യത്ത്ല്‍ കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും ടോം വടക്കന്‍ ആരോപിച്ചു. മുന്‍ എഐസിസി വക്താവ് കൂടിയായ ടോം വടക്കന്‍ പാര്‍ലമെന്റ് സീറ്റ് ലഭിക്കില്ലെന്ന സൂചനയെത്തുടര്‍ന്നാണ് ബിജെപി പാളയത്തിലെത്തിയത്.