എടവണ്ണയില്‍ ബസും ജീപ്പും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു

Posted on: March 29, 2019 1:53 pm | Last updated: March 29, 2019 at 4:54 pm

മലപ്പുറം: എടവണ്ണയില്‍ ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരു വാഹനങ്ങളുടേയും ഉടമയും സഹോദരിയും മരിച്ചു. കുനിയില്‍ ഇരുമേടത്ത് മുഹമ്മദിന്റെ മക്കളായ മഹ്‌റൂഫ്(30), യാസ്‌മോള്‍(35) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ബസ് യാത്രക്കാരായ എട്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ പത്തിന് എടവണ്ണ -ഒതായി റോഡില്‍ മുണ്ടേങ്ങര മാലക്കാട് വളവില്‍വെച്ചാണ് അപകടം.

ചാത്തല്ലൂരില്‍നിന്നും എടവണ്ണയിലേക്ക് വരിക്കയായിരുന്ന ബസും എടവണ്ണയില്‍നിന്നും അരീക്കോടേക്ക് പോവുകയായിരുന്ന ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ട് വാഹനങ്ങളും മരിച്ച മഹ്‌റൂഫിന്റെ ഉടമസ്ഥതയിലുള്ളതാണ്. യാസ്‌മോളും കുട്ടികളും ശനിയാഴ്ച റിയാദിലെ ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനിരിക്കെയാണ് അപകടം.