സ്വയം പ്രഖ്യാപിത ഖലീഫമാര്‍ കളങ്കപ്പെടുത്തുന്നതാരെ?

Posted on: March 28, 2019 7:37 pm | Last updated: March 28, 2019 at 8:47 pm

ഇസ്‌ലാം ഹിംസയെ നിരാകരിക്കുകയും സമാധാനത്തിനും നീതിക്കും ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. അക്രമവും ഇസ്‌ലാമും തമ്മില്‍ ഒരു ബന്ധവുമില്ല. എന്നിട്ടും ഭീകരവാദികള്‍ ഇസ്‌ലാമിന്റെ വിലാസം മറപിടിക്കുന്നതിന്റെയും സ്വയം പ്രഖ്യാപിത ഖലീഫമാര്‍ ആകുന്നതിന്റെയും താത്പര്യം എന്താണ്?
ബ്രിട്ടീഷ് ചരിത്രകാരന്‍ ചാള്‍സ് അലന്‍ ഇന്നത്തെ ഭീകരവാദ പശ്ചാത്തലങ്ങളെ സവിസ്തരം വിശകലനം ചെയ്യുന്നുണ്ട്. ചാള്‍സ് എഴുതുന്നു: “ആധുനിക മുസ്‌ലിം തീവ്രവാദത്തിന്റെ പ്രത്യയശാസ്ത്രം വഹാബിസമാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ അസഹിഷ്ണുത അറേബ്യന്‍ മരുഭൂമിയില്‍ നാമ്പിട്ടു. അതിന്റെ അനുയായികള്‍ സ്ഥാപകന്റെ പേരിനോട് (മുഹമ്മദ് ഇബ്നു അബ്ദില്‍ വഹാബ്)ചേര്‍ത്ത് വഹാബികള്‍ എന്ന് അറിയപ്പെട്ടു. പ്രസ്തുത ചിന്താധാര ഇന്ത്യയിലും ശേഷം അഫ്ഗാന്റെ വടക്ക്കിഴക്ക് അതിര്‍ത്തിയിലും പടര്‍ന്നു’.

1702ല്‍ അറേബ്യന്‍ ഉപദ്വീപിലെ നജ്ദിലാണ് അദ്ദേഹം ജനിക്കുന്നത്. മറ്റുള്ള അറബ് ദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി നജ്ദിന് നിഷേധാത്മക സംസര്‍ഗമാണുള്ളത്. യഥാര്‍ഥ ഇസ്‌ലാമിനെ നിരാകരിച്ച് 1744ല്‍ ഇബ്നു അബ്ദില്‍ വഹാബ് വഹാബിസം എന്ന പേരില്‍ പുതിയ ആശയത്തിന് രൂപം നല്‍കി. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് ഉള്‍പ്പടെയുള്ള മുസ്‌ലിം സമൂഹം വഹാബിസത്തെ ശക്തമായി എതിര്‍ത്തു.
പിന്നീട്, നിഷ്‌കളങ്കരായ ആളുകളുടെ ചോര കൊണ്ടാണ് വഹാബി ചരിത്രം എഴുതപ്പെട്ടിരിക്കുന്നത്. 1792 ജൂണ്‍ രണ്ടിന് 24 ഭാര്യമാരെയും 18 കുട്ടികളെയും ബാക്കിയാക്കി ഇബ്നു അബ്ദില്‍ വഹാബ് അന്തരിച്ചു. അദ്ദേഹത്തിന്റെ മരുമകന്‍ അബ്ദുല്‍ അസീസ്, ഇബ്നു അബ്ദില്‍ വഹാബിന്റെ അക്രമ പ്രവര്‍ത്തനങ്ങളും മതപരിവര്‍ത്തനവും തുടര്‍ന്നു. 1802ല്‍ അബ്ദുല്‍ അസീസ് കര്‍ബല അക്രമിക്കുകയും ഹുസൈന്റെ മഖ്ബറ തകര്‍ക്കുകയും ചെയ്തു. ലഫ്റ്റനന്റ് ഫ്രാന്‍സിസ് വാര്‍ഡന്‍ എഴുതുന്നു: ഹുസൈന്റെ മഖ്ബറയില്‍ ഉണ്ടായിരുന്നതെല്ലാം അവര്‍ കൊള്ളയടിച്ചു. 5,000 തദ്ദേശവാസികളെ അരും കൊല ചെയ്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും സമാനമായ ആക്രമണങ്ങള്‍ അരങ്ങേറി.

1804ല്‍ വഹാബി സൈന്യം മരുഭൂമി താണ്ടി ഹിജാസില്‍ എത്തി. നബിയുടെ ഖബര്‍ ശരീഫ് ഉള്‍പ്പടെ ജന്നത്തുല്‍ ബഖീഇലെ പ്രവാചക കുടുംബത്തിന്റെ ഖബ്റുകള്‍, മദീനയിലെ പുരാതന മഖ്ബറ മുതലായവ അവര്‍ തകര്‍ത്തു. 1925ല്‍ പ്രവാചക പുത്രി ഫാത്വിമയുടെയും പൗത്രന്റെയും ഖബ്റുകള്‍ തകര്‍ത്തു.
വഹാബി- സലഫി ആശയങ്ങള്‍ പിന്നീടിങ്ങോട്ട് ഭീകരതയുടെയും അസഹിഷ്ണുതയുടെയും നിലപാടുകളെ മാത്രം സ്വീകരിക്കുകയായിരുന്നു. വഹാബിസത്തെ ഇസ്‌ലാമിക സിദ്ധാന്തമായി തെറ്റിദ്ധരിക്കരുത്. അവയുടെ വക്താക്കള്‍ യഥാര്‍ഥ വിലാസം വെളിപ്പെടുത്താതെ സുന്നി മുസ്‌ലിമിന്റെ മറപിടിക്കുകയും ഭീകര സംഘടനകള്‍ക്ക് പരമ്പരാഗത ഇസ്‌ലാമിക നാമങ്ങള്‍ കൊടുക്കുകയും ചെയ്യുന്നു. വഹാബിസം ഒരു മതകീയ അസഹിഷ്ണുത മാത്രമാണ്. വഹാബി കൊള്ളസംഘത്തിന്റെ അക്രമം ഏല്‍ക്കാത്ത ഒരു സ്ഥലവും ലോകത്തില്ല. ഇപ്പോള്‍ ലോകം നേരിടുന്ന വലിയ ഭീഷണികളിലൊന്നാണ് ഇസില്‍ തീവ്രവാദം. ഇതിന്റെ ആശയധാരയും വഹാബിസമാണ്. ഇസ്‌ലാമിക ഖിലാഫത്താണ് ഇവരുടെ പരമമായ ലക്ഷ്യം.

2015ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ബി ബി സിയോടും മറ്റു മാധ്യമങ്ങളോടും വ്യക്തമാക്കിയത് ഇങ്ങനെയാണ്. നിങ്ങള്‍ ഇസിലിനെ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കുന്നത് നിര്‍ത്തുക. കാരണം, അതൊരു ഇസ്‌ലാമിക് സ്റ്റേറ്റല്ല. യുവാക്കളെ തങ്ങള്‍ക്കു വേണ്ടി പോരാടാന്‍ പ്രലോഭിപ്പിക്കുന്ന മരണവിഷമാണത്. 2016ല്‍ ദേശീയ ആഭ്യന്തര മന്ത്രാലയം ഇസിലിനെ പരാമര്‍ശിക്കുമ്പോള്‍ ഔദ്യോഗിക കൈമാറ്റങ്ങളില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് എന്നതിന്റെ സ്ഥാനത്ത് ദാഇശ് എന്ന് നല്‍കുകയാണ് ചെയ്തത്. മേല്‍ പറഞ്ഞ കാരണങ്ങളാല്‍ ജിഹാദി പ്രസ്ഥാനത്തെ ഇസ്‌ലാമിക് സ്റ്റേറ്റ് എന്നു വിളിക്കുന്നത് ലോക മുസ്‌ലിംകളെയെല്ലാം തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നുവെന്ന അവകാശവാദത്തിന് സാധുത നല്‍കുന്നതു പോലെയാണ്.

ഭീകരവാദികളെ കൊല്ലുക എന്നത് ശാശ്വതമായ പരിഹാരമല്ല. അവരുടെ ചിന്താധാരയുടെ അടിവേരറുക്കുകയാണ് ഏക മാര്‍ഗം. ഭീകരവാദികളെ തുരത്തുക സുരക്ഷാ സൈന്യത്തിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ ഭീകരവാദത്തെ തുടച്ചു നീക്കുക പണ്ഡിത ധര്‍മമാണ്. ഇസ്‌ലാമിന്റെ യഥാര്‍ഥ ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് യുവാക്കള്‍ക്ക് ബോധവത്കരണം നടത്താന്‍ പണ്ഡിതര്‍ മുന്നോട്ട് വരണം. സര്‍ക്കാറും പണ്ഡിത സഭയും സഹകരിച്ച് കൃത്യമായ ഇടവേളകളില്‍ നടപ്പാക്കുന്ന സെമിനാര്‍, സമ്മേളനം, ശില്‍പശാല എന്നിവയിലൂടെ മാത്രമേ ലക്ഷ്യം നേടുകയുള്ളൂ. അല്ലെങ്കില്‍ ഇസ്‌ലാം എന്നെന്നേക്കുമായി കളങ്കപ്പെടും.

ഹസന്‍ കുര്‍ശിദ്

കടപ്പാട്: ദി പൈനീര്‍
(ഭാഷാന്തരം: ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി)