ഗവേഷണ രംഗത്തെ നിയന്ത്രണം പിന്‍വലിക്കണം

Posted on: March 28, 2019 8:36 pm | Last updated: March 28, 2019 at 8:36 pm

വിദ്യാഭ്യാസ മേഖലക്ക് പിന്നാലെ ഗവേഷണ രംഗത്തും കാവിവത്കരണം നടപ്പാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഗവേഷകര്‍ ഇനി മുതല്‍ “ദേശീയ താത്പര്യ’പ്രകാരമുള്ള വിഷയങ്ങളില്‍ മാത്രം പഠനങ്ങള്‍ നടത്തിയാല്‍ മതിയെന്നാണ് മാനവവിഭവ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ഗവേഷണ മേഖലകളുടെ പട്ടിക സര്‍വകലാശാല തന്നെ തയ്യാറാക്കും. അതില്‍ നിന്നായിരിക്കണം ഗവേഷണ വിദ്യാര്‍ഥികള്‍ വിഷയം തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലെടുത്ത തീരുമാനമാണിതെന്നും അപ്രസക്തമായ വിഷയങ്ങളിലുള്ള ഗവേഷണങ്ങള്‍ നിരുത്സാഹപ്പെടുത്തുകയാണ് ലക്ഷ്യമെന്നുമാണ് പറയപ്പെടുന്നതെങ്കിലും ഗവേഷണ രംഗത്ത് സംഘ്പരിവാറിന്റെ തീവ്രവലത് ആശയം അടിച്ചേല്‍പ്പിക്കാനും രാജ്യത്തെ യുവജനങ്ങളെ സംഘികളുടെ വരുതിയിലെത്തിക്കാനുമുള്ള അജണ്ടയായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. സംഘ്പരിവാര്‍ ആശയക്കാരാണ് സര്‍വകലാശാലയുടെ തലപ്പത്തിരിക്കുന്നവരില്‍ ഗണ്യമായൊരു വിഭാഗമെന്നത് പരസ്യമായ രഹസ്യമാണ്. അവരാണ് ഇത്തരമൊരു തീരുമാനത്തിന് പന്നിലെന്നാണ് വിവരം. “ദേശീയ താത്പര്യ’പ്രകാരമുള്ള വിഷയങ്ങളില്‍ മാത്രം ഗവേഷണം മതിയെന്നു പറയുമ്പോള്‍ എന്താണ് ദേശീയ താത്പര്യം, ആരാണ് ഇത് തീരുമാനിക്കുന്നത് എന്ന ചോദ്യം ഉയരുന്നു. അക്കാര്യം സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും, കേന്ദ്ര സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ടകള്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, അഡ്മിനിസ്‌ട്രേഷന്റെ വിരല്‍ ചൂണ്ടല്‍ എങ്ങോട്ടാണെന്ന് വ്യക്തമാണെന്ന് ഗവേഷക വിദ്യാര്‍ഥികള്‍ പറയുന്നു. അംബേദ്കര്‍ സ്റ്റഡീസ്, ദളിത് സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ് എന്നിങ്ങനെയുള്ള സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികള്‍ ക്യാമ്പസിന്റെ കാവിവത്കരണത്തിനെതിരെ വിയോജിപ്പുകള്‍ ഉയര്‍ത്തി വരുന്നുണ്ട്. അവരെ നിശ്ശബ്ദരാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. കേന്ദ്രത്തിന്റെ പുതിയ ഉത്തരവില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍വകലാശാലയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിന്ന് രാജിവെച്ച ഡോ. മീന ടി പിള്ള അഭിപ്രായപ്പെട്ടത്, രാജ്യത്തെ ക്യാമ്പസുകളില്‍ സാംസ്‌കാരിക നിശ്ശബ്ദത കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ആദ്യപടിയും അക്കാദമിക ഇടങ്ങളില്‍ കൂടുതല്‍ പേര്‍ ദേശദ്രോഹികളായി മുദ്രകുത്തപ്പെടാന്‍ പോകുന്നതിന്റെ മുന്നോടിയുമാണ് ഇതെന്നാണ്. സര്‍വകലാശാലകളിലെ ഗവേഷണത്തെ ഗോമൂത്രത്തിലും ചാണകത്തിലും തളച്ചിടുകയും സ്വതന്ത്ര ഗവേഷണം തടയുകയുമായിരിക്കും ഇതിന്റെ അനന്തര ഫലമെന്നും അവര്‍ അഭിപ്രായപ്പെട്ടു. പശുക്കളുടെയും ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും മേന്മകള്‍ “ശാസ്ത്രീയമായി’ പഠിക്കാന്‍ ഗവേഷക സമിതിയെ നിയോഗിച്ച സര്‍ക്കാറാണല്ലോ കേന്ദ്രത്തില്‍ വാഴുന്നത്. ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തു വിടുകയും ചെയ്യുന്ന ലോകത്തെ ഒരേയൊരു മൃഗമാണ് പശുവെന്ന് കണ്ടെത്തിയ വാസുദേവ് ദേവനാനി (രാജസ്ഥാന്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി), ആനയുടെ തല ഗണപതിയുടെ ഉടലുമായി ചേര്‍ന്നത് വേദകാലത്തെ വിദഗ്ധന്‍ നടത്തിയ പ്ലാസ്റ്റിക് സര്‍ജറിയിലൂടെയാണെന്നു കണ്ടെത്തിയ നരേന്ദ്ര മോദി, ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണാദ മുനി ആണവ പരീക്ഷണം നടത്തിയിരുന്നുവെന്നു കണ്ടെത്തിയ രമേഷ് പൊഖ്രിയാല്‍ (ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി) തുടങ്ങി കേവല ഐതിഹ്യങ്ങളായ മഹാഭാരതത്തിലെയും രാമായണത്തിലെയും പരാമര്‍ശങ്ങള്‍ക്ക് ശാസ്ത്ര പിന്‍ബലം അവകാശപ്പെടുന്ന “മഹാഗവേഷക പ്രതിഭകള്‍’ രാജ്യത്ത് ജീവിച്ചിരിപ്പുമുണ്ട്.
വിദ്യാര്‍ഥികള്‍ എന്തു പഠിക്കണമെന്ന് ഇപ്പോള്‍ തീരുമാനിക്കുന്നത് വിദ്യാഭ്യാസ വിചക്ഷണരോ ചിന്തകരോ അല്ല, നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തെ ഫാസിസ്റ്റ് നേതൃത്വങ്ങളാണ്. രാജ്യത്തെ ജാതിവിരുദ്ധ സമരങ്ങളില്‍ സുപ്രധാനമായ മാറുമറക്കല്‍സമരം(ചാന്നാര്‍ ലഹള) എന്‍ സി ഇ ആര്‍ ടി ഒമ്പതാം പാഠപുസ്തകത്തില്‍ നിന്ന് നീക്കി ഉത്തരവ് വന്നത് ഒരാഴ്ച മുമ്പാണ്. ദളിത്, പിന്നാക്ക വിഭാഗത്തിന്റെ മുന്നേറ്റത്തെ അടയാളപ്പെടുത്തുന്ന ഇത്തരം പാഠങ്ങള്‍ സവര്‍ണ മേധാവിത്വത്തിന് ദഹിക്കാതിരിക്കുക സ്വാഭാവികം. മലപ്പുറം ജില്ലയിലെ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ “വാഗണ്‍ ട്രാജഡി’ ചിത്രം ബി ജെ പിയുടെ ആവശ്യമനുസരിച്ച് റെയില്‍വേ മായ്ച്ചു കളഞ്ഞതും ചരിത്രത്തെ കേന്ദ്ര ഭരണാധികാരികള്‍ എങ്ങനെയാണ് സമീപിക്കുന്നത് എന്നതിന്റെ തെളിവാണ്. ഈ അസഹിഷ്ണുത തന്നെയാണ് ഗവേഷണ രംഗത്തെ നിയന്ത്രണങ്ങള്‍ക്ക് പിന്നിലും. ഇത് സ്വതന്ത്രമായി ചിന്തിക്കാനും ഗവേഷകര്‍ക്ക് താത്പര്യമുള്ള വിഷയങ്ങളില്‍ പഠനം നടത്താനുമുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുകയും ഗവേഷണ തത്പരരായ ഇന്ത്യന്‍ അക്കാദമിക്കുകളെ വിദേശങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഗവേഷണ രംഗത്തെ നിയന്ത്രിക്കാനുള്ള മാനവവിഭവശേഷി വകുപ്പിന്റെ ഉത്തരവ് നടപ്പാക്കാന്‍ കേരളത്തില്‍ തിടുക്കം കാണിച്ചത് കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയാണ്. വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പാക്കുകയും എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്നുവെന്ന് ഈ സര്‍വകലാശാല അധികൃതരെക്കുറിച്ച് നേരത്തെ പരാതിയുണ്ട്. അധികൃതരുടെ ഫാസിസ്റ്റ് വാഴ്ചക്കെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ചതിന് സ്ഥാപനത്തിലെ ഒരു വിദ്യാര്‍ഥിയെ അധികൃതര്‍ പുറത്താക്കുകയും തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തത് വന്‍ വിവാദമായിരുന്നു. വിഷയം സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കാതെ മുന്‍കൂട്ടി തയ്യാറാക്കിയ പട്ടികയില്‍ നിന്ന് ഒരു വിഷയം അനുവദിക്കുന്നത് സര്‍വകലാശാലകളില്‍ ഗവേഷണത്തിന്റെ മരണമണി മുഴങ്ങാനേ ഇടവരുത്തുകയുള്ളൂ. അക്കാദമിക് സ്വാതന്ത്രത്തെ തടയുകയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെയും മേല്‍ സ്വേച്ഛാപരമായ അധികാരം പ്രയോഗിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന ഈ ഉത്തരവ് പിന്‍വലിക്കാന്‍ ജനാധിപത്യ മതേതര വിശ്വാസികളില്‍ നിന്ന് ശക്തമായ സമ്മര്‍ദം ഉയര്‍ന്നു വരേണ്ടതുണ്ട്.