“ന്യായ് ‘: വെല്ലുവിളികളും പ്രതീക്ഷകളും

മിനിമം വരുമാനം സാര്‍വത്രികമായി നടപ്പാക്കുന്ന പദ്ധതി- ന്യായ്- എളുപ്പമാകില്ലെന്നാണ് പ്രാഥമിക നിരീക്ഷണത്തില്‍ നിന്ന് മനസ്സിലാകുന്നത്. കാരണം, ഇത്രയധികം കുടുംബങ്ങള്‍ക്ക് പറഞ്ഞ തുക നല്‍കണമെങ്കില്‍ ആകെ ബഡ്ജറ്റിന്റെ 13 ശതമാനം വരുന്ന ഏകദേശം 3,60,000 കോടി രൂപ വേണ്ടിവരും. മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ നല്ലൊരു വിഹിതം ഈ വഴിക്ക് തിരിച്ചു വിടേണ്ടി വരുമെന്ന് സാരം. ഇതെങ്ങനെ പരിഹരിക്കുമെന്നും, "ന്യായ്' നടപ്പാക്കാനുള്ള പണം എവിടുന്ന് കണ്ടെത്തുമെന്നുമുള്ള ചോദ്യങ്ങള്‍ ബാക്കിയാണ്. ആകെയുള്ളത് ഇത് നടപ്പാക്കി കാണിക്കുമെന്നുള്ള കോണ്‍ഗ്രസ് അധ്യക്ഷന്റെ ആത്മവിശ്വാസം തന്നെയാണ്. അങ്ങനെയെങ്കില്‍, നിലവിലുള്ള തൊഴിലുറപ്പ് പദ്ധതി അടക്കം വിതരണം ചെയ്യപ്പെടുന്ന വിവിധ സബ്‌സിഡികള്‍ ഈ പദ്ധതിയിലേക്കായി ചേര്‍ക്കുന്നതായിരിക്കും ഒരു വഴി. എന്തായാലും അടുത്ത കാലത്തൊന്നും, പ്രത്യേകിച്ചും ഉദാരവത്കരണത്തിനു ശേഷം പരീക്ഷിക്കപ്പെടാത്ത സോഷ്യലിസ്റ്റ് സമീപനങ്ങള്‍ നടപ്പാക്കിയല്ലാതെ ഇത് യാഥാര്‍ഥ്യമാക്കുക ശ്രമകരമാകും.
Posted on: March 28, 2019 8:33 pm | Last updated: March 28, 2019 at 8:33 pm

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനമാണ് മിനിമം വരുമാനം സാര്‍വത്രികമായി നടപ്പാക്കുന്ന പദ്ധതി. മുമ്പ് തിരഞ്ഞെടുപ്പ് റാലികളില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഇത് പ്രഖ്യാപിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക അന്തിമമാകാനുള്ള പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷമാണ് ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. രാജ്യത്തെ ഏറ്റവും ദരിദ്രരായ 20 ശതമാനം പേര്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുന്ന ഈ പദ്ധതി അഞ്ച് കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ഇവര്‍ക്ക് 72,000 രൂപ വാര്‍ഷിക വരുമാനം ലഭ്യമാകും. ന്യുന്‍തന്‍ ആയ് യോജന “ന്യായ്’ എന്നാണ് പരിചയപ്പെടുത്തപ്പെടുന്നത്. നീതി എന്നര്‍ഥം വരുന്ന ഈ പ്രയോഗം സാമൂഹിക സമത്വത്തില്‍ ഊന്നിക്കൊണ്ടുള്ള വികസന സങ്കല്പത്തെയാണ് അഭിമുഖീകരിക്കുന്നത്.

ഈ പദ്ധതി അവതരിപ്പിച്ചു കൊണ്ടിരിക്കെ പത്രക്കാരോടും അവരിലൂടെ കേന്ദ്രം ഭരിക്കുന്നവരോടും രാഹുല്‍ ചോദിച്ചുകൊണ്ടിരുന്നത് “നിങ്ങള്‍ ഞെട്ടുന്നുണ്ടല്ലേ?’ എന്നായിരുന്നു. മോദിക്ക് രാജ്യത്തിന്റെ സമ്പത്തും സ്രോതസ്സുകളും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കാമെങ്കില്‍ കോണ്‍ഗ്രസിന് പാവങ്ങള്‍ക്ക് ഇത് കൊടുക്കാനും കഴിയും എന്ന് നിങ്ങള്‍ മനസ്സിലാക്കണം. മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ മുന്‍നിറുത്തിയാണ് രാഹുല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പ് നേരിടാന്‍ പോകുന്നതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഘ്പരിവാറിന്റെ വര്‍ഗീയ താത്പര്യങ്ങളെ എതിരിട്ടു ജയിക്കുന്നതിനേക്കാള്‍ കോണ്‍ഗ്രസിന് എളുപ്പമാവുക അത്യധികം ദയനീയമായ സാമ്പത്തിക രംഗം എടുത്തുകാട്ടി വോട്ടു ചോദിക്കുന്നതാകും എന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. അതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, സംഘ്പരിവാറിന്റെ വര്‍ഗീയ ഫാഷിസം മുഖ്യ വിഷയമാക്കി അവതരിപ്പിക്കണമെന്ന് അതിന്റെ ഇരകളായ മുസ്‌ലിംകളും ദളിതുകളുമടങ്ങുന്ന ന്യൂനപക്ഷങ്ങളും അധസ്ഥിതരുമായ ജനങ്ങളേക്കാള്‍ താത്പര്യപ്പെടുന്നത് അതിന്റെ ഉത്പാദകരും പ്രയോജകരും ഒടുവില്‍ കൊയ്ത്തു നടത്തുന്നവരുമായ സംഘ്പരിവാര്‍ ആണെന്ന വസ്തുത കോണ്‍ഗ്രസ് മനസ്സിലാക്കുന്നുണ്ട്. അഥവാ, സംഘ്പരിവാറിന്റെ തീവ്രഹിന്ദു നിലപാടിനോട് വിരുദ്ധമായ ഒരു സങ്കല്പം നിലവിലെ സാഹചര്യത്തില്‍ ധ്രുവീകരണം വര്‍ധിക്കാനേ സഹായകമാകൂ എന്ന് പാര്‍ട്ടി പേടിക്കുന്നു. മൃദുഹിന്ദുത്വം എന്ന് വിമര്‍ശകര്‍ ആരോപിക്കുന്ന ഹിന്ദുമത നവീകരണ പ്രവര്‍ത്തനങ്ങള്‍ ആ അര്‍ഥത്തില്‍ കോണ്‍ഗ്രസ് പുറത്തെടുക്കുന്നു. ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താനുള്ള വഴികളും കോണ്‍ഗ്രസ് അടിയന്തരമായി ചെയ്യുന്നുണ്ട്. മാത്രവുമല്ല, ന്യൂനപക്ഷങ്ങള്‍ക്ക് ഇക്കുറി കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു ചോയ്സ് ഉണ്ടായിരിക്കില്ലെന്ന അവരുടെ പരിമിതിയെ കോണ്‍ഗ്രസ് ഒരവസരമായി കാണുന്നു എന്നും നിരീക്ഷിക്കപ്പെടാം. വര്‍ഗീയത ഒരു വിഭാഗം ജനങ്ങളെ മാത്രം (പ്രത്യക്ഷമായി) ബാധിക്കുമ്പോള്‍ സാമ്പത്തിക രംഗം എല്ലാ ജനങ്ങളെയും ബാധിക്കുന്നു. ഇതാണ് രണ്ടാമത്തെ കാരണം. വര്‍ഗീയതയോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കും അവരുടെ ദുസ്സഹമായ ജീവിത സാഹചര്യങ്ങളില്‍ ഉണ്ടായേക്കാവുന്ന അമര്‍ഷത്തെ ബി ജെ പി വിരുദ്ധ വോട്ടാക്കി മാറ്റുകയാണ് നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നതെന്നും രാഹുല്‍ കണക്കുകൂട്ടിയിട്ടുണ്ട് എന്നതാണ് വാസ്തവം.

രാജ്യത്ത് രണ്ട് തരം ജനങ്ങള്‍ വേണ്ടെന്ന് തറപ്പിച്ചു പറയുന്ന രാഹുല്‍ നല്‍കുന്ന പ്രതീക്ഷ തീരെ ചെറുതല്ല. ദാരിദ്ര്യ നിര്‍മാര്‍ജന യജ്ഞത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനമാണ് ഇതെന്ന് അവകാശപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇതൊരു ചരിത്രപരമായ മുന്നേറ്റമാണെന്ന് ആത്മവിശ്വാസം കാണിക്കുക കൂടി ചെയ്തു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയുന്ന സാമ്പത്തിക നീക്കങ്ങളാണ് താന്‍ വിഭാവനം ചെയ്യുന്നതെന്ന് രാഹുല്‍ എപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്. 2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ യു പി എ സര്‍ക്കാര്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ഭക്ഷ്യ സുരക്ഷാ നിയമം എന്നിങ്ങനെ തുടങ്ങി വളര്‍ച്ചയുടെയും വികസനത്തിന്റെയും പങ്കാളിത്ത ബോധത്തിന്റെയും പ്രതീകങ്ങളായ ഒരുപിടി പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. ഇതില്‍ ഡോ. മന്‍മോഹന്‍സിംഗ്, പി ചിദംബരം, പ്രണബ് മുഖര്‍ജി, മണി ശങ്കര്‍ അയ്യര്‍, ജയറാം രമേശ് തുടങ്ങിയ സാമ്പത്തിക വിദഗ്ധരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം രാഹുല്‍ കൂടിയുണ്ടായിരുന്നു. അതേ കാഴ്ചപ്പാടിന്റെ തുടര്‍ച്ചയാണ് രാഹുല്‍ ഇപ്പോഴും നടപ്പാക്കുന്നത്.
ഈ പദ്ധതിയെ സംബന്ധിച്ച് മനസ്സിലാക്കേണ്ട കാര്യം, പ്രതിമാസം 12,000 രൂപയുടെ വരുമാനം സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്നാണ്. അതായത്, 6000 രൂപ വരുമാനമുള്ളയാള്‍ക്ക് അത്ര കൂടി ലഭിക്കുന്ന വഴികള്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തും. 10,000 പ്രതിമാസം വരുമാനമുള്ളയാള്‍ക്ക് 2,000 കൂടി സര്‍ക്കാര്‍ ഉറപ്പു വരുത്തും. ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത് എളുപ്പമാകില്ലെന്നാണ് പ്രാഥമിക നിരീക്ഷണത്തില്‍ നിന്ന് മനസ്സിലാകുന്നത്. കാരണം, ഇത്രയധികം കുടുംബങ്ങള്‍ക്ക് ഈ പറഞ്ഞ തുക നല്‍കണമെങ്കില്‍ ആകെ ബഡ്ജറ്റിന്റെ 13 ശതമാനം വരുന്ന ഏകദേശം 3,60,000 കോടി രൂപ വേണ്ടിവരും. മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ നല്ലൊരു വിഹിതം ഈ വഴിക്ക് തിരിച്ചു വിടേണ്ടി വരുമെന്ന് സാരം. ഇതെങ്ങനെ പരിഹരിക്കുമെന്നും, “ന്യായ്’ നടപ്പാക്കാനുള്ള പണം എവിടുന്ന് കണ്ടെത്തുമെന്നുമുള്ള ചോദ്യങ്ങള്‍ ബാക്കിയാണ്. ആകെയുള്ളത് ഇത് നടപ്പാക്കി കാണിക്കുമെന്നുള്ള കോണ്‍ഗ്രസ് അധ്യക്ഷന്റെ ആത്മവിശ്വാസം തന്നെയാണ്. അങ്ങനെയെങ്കില്‍, നിലവിലുള്ള തൊഴിലുറപ്പ് പദ്ധതി അടക്കം വിതരണം ചെയ്യപ്പെടുന്ന വിവിധ സബ്സിഡികള്‍ ഈ പദ്ധതിയിലേക്കായി ചേര്‍ക്കുന്നതായിരിക്കും ഒരു വഴി. അതായത്, ഇത്രയും പണം വരുമാനമായി വന്നു ചേരുന്നവര്‍ക്ക് മറ്റു സബ്സിഡികള്‍ അനിവാര്യമായി വന്നേക്കില്ല. അങ്ങനെയെങ്കില്‍ ഇത് കാര്യക്ഷമമാക്കി നടപ്പാക്കുക എന്നത് തന്നെയാണ് ഒരു വഴി. എന്നാല്‍, കോണ്‍ഗ്രസ് പറയുന്നത് നിലവിലുള്ള ഒരു സബ്സിഡിയും നിര്‍ത്തലാക്കാതെ ന്യായ് നടപ്പാക്കുമെന്നാണ്. മാത്രവുമല്ല, ഈ വരുമാനം വീട്ടമ്മമാരടക്കമുള്ള സ്ത്രീകളിലൂടെ വിതരണം ചെയ്യപ്പെടുന്നു എന്നതിലൂടെ സ്ത്രീ ശാക്തീകരണത്തിന്റെ മാനവും സന്ദേശവും കൂടി നല്‍കുകയാണ് കോണ്‍ഗ്രസ്. ഈ പദ്ധതിയിലേക്കുള്ള വിഹിതം കണ്ടെത്താനുള്ള മറ്റൊരു വഴി കോര്‍പറേറ്റ് നികുതിയില്‍ മാറ്റം വരുത്തുകയാകും. ആഡംഭര നികുതി ഉയര്‍ത്തിയും കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി എസ് ആര്‍) പരമാവധി ഉറപ്പ് വരുത്തിയും ഇതിലേക്കുള്ള വഴികള്‍ ആലോചിക്കാവുന്നതേയുള്ളൂ. ഈ അടുത്ത കാലത്തൊന്നും, പ്രത്യേകിച്ചും ഉദാരവത്കരണത്തിനു ശേഷം പരീക്ഷിക്കപ്പെടാത്ത സോഷ്യലിസ്റ്റ് സമീപനങ്ങള്‍ നടപ്പാക്കിയല്ലാതെ ഇത് യാഥാര്‍ഥ്യമാക്കുക ശ്രമകരമാകും.

കോണ്‍ഗ്രസ് ആത്മവിശ്വാസത്തോടെയും താത്പര്യത്തോടെയും ഇത് നടപ്പാക്കണമെന്ന് ആഗ്രഹിച്ചാല്‍ സാധ്യമാണെന്ന് സാരം. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനമുണ്ടായിരുന്നു. രാഹുല്‍ പറഞ്ഞതുപോലെ തന്നെ അധികാരത്തിലേറി പത്ത് ദിവസങ്ങള്‍ക്കകം അതത് കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ഇത് നടപ്പിലാക്കിയിരുന്നു. ഇപ്പോഴത്തെ വാഗ്ദാനം പൊള്ളയല്ലെന്ന് കാണിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാണിച്ചതും ഈ ഉദാഹരണങ്ങളാണ്. “ഇന്ത്യ തിളങ്ങുന്നു’ എന്ന വാജ്പേയി സര്‍ക്കാറിന്റെ പൊള്ളയായ അവകാശവാദങ്ങളെ തകര്‍ത്തുകൊണ്ട് 2004ല്‍ യു പി എ അധികാരത്തില്‍ വരുന്നത് തൊഴിലുറപ്പ് പദ്ധതി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയത് ഉയര്‍ത്തി കാണിച്ചു കൊണ്ടാണ്. അന്നും ഇതേ അമ്പരപ്പ് പലര്‍ക്കുമുണ്ടായിരുന്നു. 100 ദിവസത്തേക്ക് കൂലി ഉറപ്പുവരുത്തുക വഴി കോടിക്കണക്കിന് ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും ദാരിദ്ര്യത്തില്‍ നിന്ന് ആശ്വാസകരമായ മോചനം കാണിക്കാനും തൊഴിലുറപ്പ് പദ്ധതി കൊണ്ടായി. മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ കൊണ്ട് നിരാശരായ ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഇപ്പോള്‍ പുതിയ വാഗ്ദാനം രാഹുല്‍ മുന്നോട്ടുവെക്കുകയാണ്. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ് ലി പറഞ്ഞത് ഇത് വെറുമൊരു തിരഞ്ഞെടുപ്പ് ഗിമ്മിക്ക് ആണെന്നാണ്. അതായത്, കോണ്‍ഗ്രസിന്റെ ഈ പ്രഖ്യാപനം ബി ജെ പി ക്യാമ്പിനെ അസ്വസ്ഥമാക്കുന്നുണ്ട് എന്നര്‍ഥം. കേവലം വാഗ്ദാനത്തില്‍ ചുരുങ്ങാതെ മിനിമം വരുമാനം സാര്‍വത്രികമായി നടപ്പാക്കുന്ന പദ്ധതി വിജയകരമായി നടപ്പാക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്നാണ് ഇന്ത്യക്കാരുടെ ചോദ്യം.

– എന്‍ എസ് അബ്ദുല്‍ഹമീദ്‌