തൊഴിലാളികള്‍ക്ക് പ്രതിമാസം 18000 രൂപ മിനിമം വേതനം; സി പി എം പ്രകടന പത്രിക പുറത്തിറക്കി

Posted on: March 28, 2019 3:32 pm | Last updated: March 29, 2019 at 10:47 am

ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്ക് പ്രതിമാസം 18000 രൂപ മിനിമം വേതനം ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി സി പി എം പ്രകടന പത്രിക. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. മുഴുവന്‍ കുടുംബങ്ങള്‍ക്കും പൊതു വിതരണ സംവിധാനം വഴി 35 കിലോ ഭക്ഷ്യധാന്യവും ദാരിദ്ര്യരേഖക്കു താഴെയുള്ളവര്‍ക്ക് രണ്ട് രൂപ നിരക്കില്‍ ഏഴ് കിലോ ഭക്ഷ്യധാന്യവും നല്‍കും. പ്രതിമാസം ആറായിരം രൂപ വാര്‍ധക്യകാല പെന്‍ഷനും കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉത്പാദനത്തിന്റെ 50 ശതമാനം വിലയും ഉറപ്പാക്കും.

സൗജന്യ ആരോഗ്യ പരിരക്ഷ, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യ മേഖലയിലെ ജോലിക്കും വിദ്യാഭ്യാസത്തിനും സംവരണം, മൂന്നിലൊന്ന് വനിതാ സംവരണം, വനിതകളുടെ സുരക്ഷക്ക് പ്രത്യേക സംവിധാനം തുടങ്ങിയവയും പ്രകടന പത്രിക മുന്നോട്ടുവെക്കുന്നു.