Connect with us

International

മസ്ഹൂദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പുതിയ നീക്കവുമായി അമേരിക്ക

Published

|

Last Updated

യു എന്‍: പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജയ്ഷ്വ മുഹമ്മദ് ഭീകര ഗ്രൂപ്പിന്റെ തലവന്‍ മസ്ഹൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് യു എന്നില്‍ സമ്മര്‍ദം ചെലുത്താന്‍ പുതിയ നീക്കവുമായി അമേരിക്ക. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പിന്തുണയോടെ യു എന്‍ രക്ഷാസമിതിയില്‍ വീണ്ടും പ്രമേയം കൊണ്ടുവരാനാണ് ശ്രമം. രണ്ടാഴ്ച മുമ്പ് നീക്കത്തെ ചൈന എതിര്‍ത്തതോടെയാണ് അമേരിക്ക മറുവഴി തേടുന്നത്.

മസ്ഹൂദിന് ആയുധ, യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തുക, ആസ്തികള്‍ മരവിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ കരടു പ്രമേയമാണ് ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പിന്തുണയോടെ തയാറാക്കിയിട്ടുള്ളത്. 15 അംഗങ്ങളാണ് യു എന്‍ രക്ഷാസമിതിയില്‍ ഉള്ളത്. എന്നാല്‍, ചൈന എന്തു നിലപാടു സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെടുക. വിഷയത്തില്‍ സമഗ്രമായ അവലോകനം നടത്തിയിട്ടുണ്ടെങ്കിലും പ്രമേയം പരിഗണിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നാണ് ,ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഇതേക്കുറിച്ച് പ്രതികരിച്ചത്.

സമവായമുണ്ടായില്ലെങ്കില്‍ പ്രമേയം പാസാകുന്നതിന് ഒമ്പതംഗങ്ങളുടെ വോട്ടിനു പുറമെ ചൈന വീറ്റോ ചെയ്യാതിരിക്കുകയും വേണം. പ്രമേയം എന്നാണ് രക്ഷാസമിതിയില്‍ അവതരിപ്പിക്കുക എന്ന കാര്യം വ്യക്തമായിട്ടില്ല.