ലുലുവും മലബാര്‍ അടുക്കളയും ചേര്‍ന്നൊരുക്കുന്ന നാടന്‍ ഭക്ഷ്യ മേളക്ക് വ്യഴാഴ്ച്ച തുടക്കം

Posted on: March 27, 2019 6:57 pm | Last updated: March 27, 2019 at 6:57 pm

ദമാം: രുചി ഭേദങ്ങളുടെ വിസ്മയരാവ് തീര്‍ക്കാനൊരുങ്ങി ലുലുവും മലബാര്‍ അടുക്കളയും ചേര്‍ന്നുള്ള തനി നാടന്‍ ഭക്ഷ്യ മേള.ലുലുവിന്റെ സൗദിശാഖകളില്‍ ആരംഭിച്ച ഫുഡ് ഫെസ്റ്റിവല്‍ 2019 നോടനുബന്ധിച്ചാണു നാടന്‍ വിഭവങ്ങള്‍ കൊണ്ടുള്ള രുചിയുടെ പൂരം ഒരുങ്ങുന്നത്.കിഴക്കന്‍ പ്രവിശ്യയില്‍ കോബാര്‍ ,ദമാം ഔട്ട് ലറ്റുകള്‍ കേന്ദ്രീകരിച്ചാണു നാടന്‍ ഭക്ഷ്യ മേള.വിവിദതരം പത്തിരി(കണ്ണൂര്‍ പത്തിരി,നെയ്പത്തിരി),തേങ്ങാ ചോറു, ഇടിയപ്പം,ചപ്പാത്തി,കപ്പ,ഊത്തപ്പം,ഇറച്ചിപ്പുട്ട്,ചെമ്മീന്‍ മസാല,കപ്പ ബിരിയാണി,ചിക്കന്‍ കിഴി,മൊഞ്ചത്തി ചിക്കന്‍,മീന്‍ പൊള്ളിച്ചത്,ചിക്കന്‍ പൊരിച്ചത്,ചില്ലി ചിക്കന്‍ കൂടാതെ സ്വാദേറും തേങ്ങാ മീന്‍ കറി,മട്ടന്‍ കുറുമ ,വെജിറ്റബിള്‍ കുറുമ,ബീഫ് റോസ്റ്റ്,ബീഫ് വരട്ടിയത് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അതിശയരുചികളുടെ അറവാതിലുകളാണു ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

മാര്‍ച്ച് 29,30,31 നുമായി കോബാറിലും ഏപ്രില്‍ നാലിനും ആറിനുമായി ദമാം ശാഖയിലുമായി സംഘടിപ്പിക്കുന്ന നാടന്‍ രുചിമേളയില്‍ കൈപ്പുണ്ണ്യമുള്ള വീട്ടമ്മമാരും, പാചകത്തില്‍ വൈവിധ്യ പരീക്ഷണങ്ങള്‍ നടത്തുന്ന മലബാര്‍ അടുക്കളയുടെ വിദഗ്ദരുമാണു തത്സമയ പാചക മേളക്കായി സംഗമിക്കുന്നത്..തനത് രുചിക്കൂട്ടുകള്‍ കൊണ്ട് ഒരുക്കുന്ന മലബാറിന്റെ ഭക്ഷ്യവിഭവങ്ങള്‍ കാണാനും രുചി നുകര്‍ന്ന് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനും പാചകാനുഭവങ്ങളും രുചിരഹസ്യങ്ങളും നേരിട്ട് മനസ്സിലാക്കാനും മേളയില്‍ അവസരമൊരുക്കുമെന്ന് ലുലുവിന്റേയും മലബാര്‍ അടുക്കളയുടേയും പ്രതിനിധികള്‍ സംയുക്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.