എളുപ്പമാകില്ല, നവീൻ ബാബുവിന്

Posted on: March 27, 2019 5:33 pm | Last updated: March 27, 2019 at 5:33 pm

രണ്ട് പതിറ്റാണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ അത്ര ചെറുതല്ലാത്ത കാലയളവാണ്. ദേശീയ പാർട്ടികളുടേതുൾപ്പെടെ പ്രതിപക്ഷത്ത് നിന്ന് കാര്യമായ ഭീഷണികളൊന്നുമില്ലാതെ നവീൻ പട്‌നായിക് ഒഡീഷയെ കൈവെള്ളയിൽ നിയന്ത്രിക്കാൻ തുടങ്ങിയിട്ട് പത്തൊമ്പത് വർഷമായി. മോദി തരംഗത്തിൽ പലരും ഒലിച്ചുപോയിട്ടും പിടിച്ചുനിന്ന ചുരുക്കം സംസ്ഥാനങ്ങളിലൊന്ന്. നവീൻ പട്‌നായിക് എന്ന മുഖ്യമന്ത്രിയുടെ പ്രതിച്ഛായ ഒന്നുമാത്രമായിരുന്നു ബി ജെ ഡിയുടെ കൈമുതൽ. ലോക്‌സഭക്കൊപ്പം തന്നെ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്ന ഇത്തവണ ശക്തമായ ഭരണവിരുദ്ധ വികാരമാണ് പട്‌നായിക് സർക്കാർ നേരിടുന്നത്. ഒപ്പം അതിലേറെ ശക്തമായ ത്രികോണ മത്സരവും. നാല് ഘട്ടമായാണ് ഒഡീഷയിൽ തിരഞ്ഞെടുപ്പ്.

ക്ഷേമ പദ്ധതികളുമായി ബി ജെ ഡി

ഭരണവിരുദ്ധ വികാരത്തെ നേരിടാൻ ക്ഷേമപദ്ധതികളുടെ പരമ്പരയുമായി ബി ജെ ഡി, അഴിമതിയും സ്ത്രീസുരക്ഷയും ഉയർത്തി ബി ജെ പി, തുടരുന്ന കർഷക ആത്മഹത്യയും കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയും ഉയർത്തി കോൺഗ്രസ്. വീണ്ടുമൊരു ഭരണത്തുടർച്ച ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ പട്‌നായിക്കിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. രാജ്യം മോദി മാജിക്കെന്ന് വാഴ്ത്തിയ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലും സംസ്ഥാനത്തെ 21 ലോക്‌സഭാ മണ്ഡലങ്ങളിൽ ഇരുപതും നേടിയാണ് ബി ജെ ഡി വിജയം ആഘോഷിച്ചത്. ഒരു മുന്നണിയുടെയും ഭാഗമല്ലാതിരുന്നിട്ടും ഒപ്പം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 147 സീറ്റിൽ 117ഉം നേടി നില മെച്ചപ്പെടുത്തുകയും ചെയ്തു. ദേശീയ പാർട്ടികളായ കോൺഗ്രസിന് പതിനാറും ബി ജെ പിക്ക് പത്തും സീറ്റ് മാത്രമേ നേടാനായുള്ളൂ. സ്വതന്ത്രരും മറ്റ് ചെറുകക്ഷികളും കൂടി നാല് സീറ്റ് നേടി.

കാര്യങ്ങൾ ഇപ്പോൾ പഴയപോലെയല്ല. വൻ ഭൂരിപക്ഷത്തിന് വിജയിച്ച പല എം എൽ എമാർക്കും സ്വന്തം മണ്ഡലങ്ങളിലെ വോട്ടർമാരെ അഭിമുഖീകരിക്കാനാകാത്ത അവസ്ഥയാണിന്ന്. ഇതേത്തുടർന്ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 28 മണ്ഡലങ്ങളിൽ പത്തിടത്ത് പുതുമുഖങ്ങളെ നിർത്താനാണ് ബി ജെ ഡി ആലോചന. ചിട്ടി തട്ടിപ്പ്, ഖനന അഴിമതി എന്നിവക്ക് പുറമെയാണ് കാർഷിക പ്രതിസന്ധിയും സ്ത്രീകൾ നേരിടുന്ന വെല്ലുവിളിയും. കോരാപുതിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂട്ട ബലാത്സംഗത്തിനിരയായ പെൺകുട്ടി നീതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തത് വൻ പ്രതിഷേധത്തിനാണിടയാക്കിയത്. സമാനമായ രീതിയിൽ നടന്ന പല സംഭവങ്ങളും സർക്കാറിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ പ്രതിഷേധങ്ങൾ മറികടക്കുക കൂടി ലക്ഷ്യമിട്ടാണ് ഇത്തവണ സ്ഥാനാർഥി പട്ടികയിൽ 33 ശതമാനം വനിതാ സംവരണം ഉറപ്പ് വരുത്തുമെന്ന് നവീൻ പട്‌നായിക് പ്രഖ്യാപിച്ചത്.
അറുപത് ശതമാനം കർഷകരുള്ള സംസ്ഥാനമാണ് ഒഡീഷ. കാർഷിക ഉത്പന്നങ്ങൾ താങ്ങുവിലയിലും താഴെ വിൽക്കേണ്ടി വരുന്നത് മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വർധിച്ചുവരുന്ന കർഷക ആത്മഹത്യ പ്രതിപക്ഷം ശക്തമായി ഉയർത്തുന്നുമുണ്ട്. ക്ഷേമ പദ്ധതികളുടെ പരമ്പര തന്നെ അവതരിപ്പിച്ചാണ് ഭരണവിരുദ്ധ വികാരത്തെ സർക്കാർ നേരിടുന്നത്. ബിജു സ്വാസ്ഥ്യ കല്യാൺ യോജന, ബിജു പക്കാ ഘർ യോജന, സംസ്ഥാന ഭക്ഷ്യസുരക്ഷാ നിയമം എന്നിവ അതിൽ ചിലത് മാത്രം. കർഷകർക്കും കാർഷിക മേഖലയിൽ ജോലി ചെയ്യുന്ന ഭൂരഹിതർക്കും നേരിട്ട് ധനസഹായം നൽകുന്ന കാലിയ പദ്ധതിക്ക് 10,180 കോടിയാണ് അനുവദിച്ചത്.

പ്രതാപം വീണ്ടെടുക്കാൻ കോൺഗ്രസ്

നഷ്ടപ്രതാപം വീണ്ടെടുക്കാൻ രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടിയാണ് കോൺഗ്രസിന്റെ പ്രചാരണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ മൂന്ന് റാലികളിലാണ് രാഹുൽ പങ്കെടുത്തത്. കാർഷിക ഉത്പന്നങ്ങൾക്കുള്ള കുറഞ്ഞ താങ്ങുവില ഉയർത്തുന്നതും അയൽ സംസ്ഥാനമായ ഛത്തീസ്ഗഢിൽ നടപ്പാക്കിയതുപോലെ കാർഷിക കടം എഴുതിത്തള്ളുമെന്നതും കോൺഗ്രസ് മുന്നോട്ടുവെക്കുന്നു. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ ഛത്തീസ്ഗഢിൽ നിന്നുള്ള ഭൂപേഷ് ഭാഗേൽ, ടി എസ് സിംഗ് ദിയോ എന്നിവരെ ഇതിനകം കോൺഗ്രസ് പ്രചാരണത്തിനെത്തിച്ചു. ഇതിന് പുറമെ സി പി ഐ, സി പി എം, ജെ എം എം തുടങ്ങിയ കക്ഷികളെ ഒപ്പം നിർത്താനും കോൺഗ്രസ് ശ്രമിക്കുന്നു.
സ്ത്രീ സുരക്ഷയും അഴിമതിയും ഉയർത്തിക്കാട്ടിയാണ് ബി ജെ പിയുടെ പ്രചാരണം. ചിട്ടി തട്ടിപ്പും ‘കമ്മീഷൻ സംസ്‌കാരവും’ ഉയർത്തുമ്പോൾ തന്നെ കേന്ദ്ര പദ്ധതികൾ വോട്ടർമാരിലെത്തിക്കാനും ബി ജെ പി ശ്രമിക്കുന്നു. രണ്ട് വർഷം മുമ്പ് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നേടിയ വിജയവും ബി ജെ പിക്ക് പ്രതീക്ഷ നൽകുന്നു. 851 ജില്ലാ പഞ്ചായത്ത് സീറ്റിൽ 297 എണ്ണം നേടാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. പന്ത്രണ്ട് ലോക്‌സഭാ സീറ്റുകളാണ് ഇവിടെ നിന്ന് ബി ജെ പി ലക്ഷ്യമിടുന്നത്. കേന്ദ്ര മന്ത്രിയും രാജ്യസഭാംഗവുമായ ധർമേന്ദ്ര പ്രധാനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാനാണ് ബി ജെ പി ആലോചിക്കുന്നത്.

ബി ജെ പിയുമായും കോൺഗ്രസുമായും തുല്യ അകലം പാലിക്കുമ്പോഴും കേന്ദ്ര സർക്കാറിനോട് എന്നും മൃദുസമീപനമാണ് നവീൻ പട്‌നായിക് സ്വീകരിച്ചിട്ടുള്ളത്. 2009ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് വരെ എൻ ഡി എ ഘടകകക്ഷിയായിരുന്നു ബി ജെ ഡി. നോട്ട് നിരോധനത്തെ പിന്തുണക്കാനും മിന്നലാക്രമണത്തെ അഭിനന്ദിക്കാനും ജി എസ് ടി നടപ്പാക്കിയതിനെ വാഴ്ത്താനും പട്‌നായിക് തയ്യാറായി. രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർഥിയായി എൻ ഡി എ മുന്നോട്ടുവെച്ചപ്പോൾ സഖ്യകക്ഷിയല്ലാതിരുന്നിട്ടും പിന്തുണയുമായി ആദ്യം രംഗത്തെത്തിയത് ബി ജെ ഡിയാണ്. കർണാടകയിൽ കോൺഗ്രസ് പിന്തുണയോടെ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായപ്പോൾ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും ബംഗാളിൽ മമതാ ബാനർജി സംഘടിപ്പിച്ച പ്രതിപക്ഷ മഹാറാലിയിൽ നിന്നും നവീൻ പട്‌നായിക് വിട്ടുനിന്നു. ലോക്‌സഭയിൽ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നും റാഫേൽ വിഷയത്തിൽ പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിയപ്പോഴും ഒരു വാക്ക്‌കൊണ്ടു പോലും മോദിയെ നോവിക്കാതെയും നവീൻ വിശ്വസ്തനായി.
ഒഡീഷയിൽ ബി ജെ പി നടത്തിയ റാലിയിൽ നവീൻ പട്‌നായിക്കിനെയോ ബി ജെ ഡിയെയോ പേരെടുത്ത് വിമർശിക്കാൻ പ്രധാനമനത്രി നരേന്ദ്ര മോദിയും തയ്യാറായിട്ടില്ല. നിയമസഭയിലേക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ബി ജെ പി സഹായം സ്വീകരിക്കേണ്ടി വരുമെന്ന് ബി ജെ ഡി കരുതുന്നു. കേന്ദ്രത്തിൽ ബി ജെ പിയുടെ സ്ഥിതിയും വ്യത്യസ്തമല്ല.