ജമാഅത്ത് സംഘടനക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസം

Posted on: March 27, 2019 3:43 pm | Last updated: March 27, 2019 at 3:44 pm

കൊച്ചി: തീവ്രഹിന്ദുത്വ വാദികള്‍ വെടിവെച്ചു കൊന്ന സി പി ഐ നേതാവ് ഗോവിന്ദ് പന്‍സാരയുടെ ചിത്രവും സി പി എം ആഭിമുഖ്യത്തിലുള്ള കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക സമരങ്ങളുടെ ചിത്രവും ഉള്‍പ്പെടുത്തി ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടി യു ഡി എഫിന് വേണ്ടി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിന് സോഷ്യല്‍മീഡിയയില്‍ പരിഹാസം.

സംഘ്പരിവാറിനെ രാഷ്ട്രീയാധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ യു ഡി എഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക എന്നെഴുതിയ വെല്‍ഫയര്‍ പാര്‍ട്ടിയുടെ പോസ്റ്ററിലാണ് മഹാരാഷ്ട്ര സ്വദേശിയും സി പി ഐയുടെ മുതിര്‍ന്ന നേതാവും ബുദ്ധിജീവിയുമായിരുന്ന ഗോവിന്ദ് പന്‍സാരെയുടെ ചിത്രം ഉപയോഗിച്ചിട്ടുള്ളത്. പന്‍സാരെക്കൊപ്പം മഹാരാഷ്ട്ര അന്ധവിശ്വാസ നിര്‍മാര്‍ജന സമിതിയുടെ സ്ഥാപകന്‍ നരേന്ദ്ര ദബോല്‍കറെ, ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി എന്നിവരുടെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്.

ഇതിനു പുറമെയായി കിസാന്‍സഭ നേതൃത്വം കൊടുത്തിട്ടുള്ള കിസാന്‍ ലോംഗ്മാര്‍ച്ചിന്റെ പ്രതീകമായി ഉപയോഗിച്ച ചിത്രവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.വിയോജിപ്പിന്റെ സ്വരമുയര്‍ത്തിയതിന്റെ പേരില്‍ സംഘ്പരിവാര്‍ വെടിയേറ്റുവീണ രക്തസാക്ഷികള്‍ എന്ന കുറിപ്പോടെയാണ് പോസ്റ്ററുള്ളത്. ഈ പോസ്റ്ററുകള്‍ക്കെതിരെയാണ് കനത്ത പ്രതിഷേധവും പരിഹാസവും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ഇടതുപക്ഷം തനിച്ച് നടത്തിയ കര്‍ഷക സമരങ്ങള്‍ രാജ്യത്തെ പിടിച്ചുകുലുക്കിയ ശേഷവും കോണ്‍ഗ്രസ് ഈ സമരങ്ങളോട് നിഷേധഭാവം പുലര്‍ത്തുകയും യജമാനനെ തോല്‍പിക്കുന്ന യജമാന ഭക്തി മോദിയോടും മോദിയുടെ നയങ്ങളോടും കാണിക്കുകയും ചെയ്തിട്ടും ഇടതുപക്ഷത്തിനെതിരെ വോട്ടു ചേദിക്കാന്‍ അവരുടെ ചിത്രങ്ങള്‍ വച്ചുള്ള പോസ്റ്ററുകള്‍ ഇറക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന വിമര്‍ശനമാണ് പൊതുവേ ഉന്നയിക്കപ്പെടുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷക നേതാക്കള്‍ക്കെതിരെ മുഴുവന്‍ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നുണ്ട്. മുംബൈയിലേക്ക് നടത്തിയ കിസാന്‍ ലോംഗ് മാര്‍ച്ചിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്ന ജെ പി ഗാവിത്ത് നാസിക്കിലെ ദിന്‍ഡോരി മണ്ഡലത്തില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്നതടക്കം വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസോ ബി ജെ പി യോ ഒന്നും നേരിട്ടിങ്ങനെയൊരു നെറികേട് കാട്ടി കണ്ടിട്ടില്ലെന്നും ഇത് ചെയ്യുന്നത് നീതികരിക്കാനാകില്ലെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

വെല്‍ഫെയര്‍ പാര്‍ട്ടി എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണെന്നുള്‍പ്പടെ അതി രൂക്ഷമായ പരിഹാസവും വിമര്‍ശവുമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നു വരുന്നത്.