പ്രധാനമന്ത്രിക്ക് നാടക ദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

    Posted on: March 27, 2019 2:57 pm | Last updated: March 27, 2019 at 3:02 pm

    ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ‘ലോക നാടക ദിനാശംസകള്‍’ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെയാണ് സാമൂഹിക മാധ്യമത്തിലൂടെ പരിഹാസവുമായി രാഹുല്‍ എത്തിയത്.

    മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിനു ശേഷം ഫേസ്ബുക്കിലും ട്വിറ്ററിലും രാഹുല്‍ ആശംസ സന്ദേശം കുറിച്ചു. ഇന്ത്യ വന്‍ ബഹിരാകാശനേട്ടം കൈവരിച്ചെന്നും മിഷന്‍ ശക്തി എന്നാണ് ദൗത്യത്തിന് പേരിട്ടതെന്നും ഇതിന്റെ ഭാഗമായി ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചെന്നുമാണ് മോദി പത്ത് മിനുട്ട് സമയം ദൈര്‍ഘ്യമുള്ള സ്റ്റുഡിയോയില്‍ പ്രത്യേകം നിര്‍മിച്ച വീഡിയോയിലൂടെ രാജ്യത്തെ അറിയിച്ചത്. ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് പരീക്ഷിച്ചതെന്നാണ് ദൃശ്യത്തില്‍ പറയുന്നത്.  ഇതിന് പിന്നാലെയാണ് രാഹുലിന്റെ പോസ്റ്റ്.

    ‘അഭിനന്ദനങ്ങള്‍ ഡിആര്‍ഡിഒ, നിങ്ങളുടെ പ്രവര്‍ത്തനത്തില്‍ അഭിമാനംകൊള്ളുന്നു, പ്രധാനമന്ത്രിക്ക് ലോക നാടക ദിനാശംസകള്‍ നേരുകയും ചെയ്യുന്നു’. എന്നായിരുന്നു രാഹുലിന്റെ കുറിപ്പ്. മാര്‍ച്ച് 27 ലോക നാടകദിനമായിട്ടാണ് ആഘോഷിക്കുന്നത്.