Connect with us

Kerala

ആര്‍ എം പി യുവജന വിഭാഗത്തിലെ വെട്ടിനിരത്തല്‍: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോയെന്ന ആശങ്കയില്‍ നേതൃത്വം

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ സ്ഥാപിച്ച ആര്‍ എം പിയിലെ യുവജന സംഘടനയില്‍ നിന്ന് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ ഒഞ്ചിയത്ത് നിന്നുള്ളവരെ ഒഴിവാക്കിയതായി ആരോപണം. സി പി എമ്മില്‍ നിന്ന് ഇറങ്ങി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പാര്‍ട്ടി രൂപവത്ക്കരിച്ചത് മുതല്‍ ഒപ്പമുണ്ടായിരുന്ന ആദ്യാകല പ്രവര്‍ത്തകരെയാണ് ഒഴിവാക്കിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കുറ്റിപ്പുറത്ത് യൗവ്വനങ്ങളുടെ സംസ്ഥാനതല ഒത്തുചേരല്‍” എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് റെവല്യൂഷണറി യൂത്ത് സംസ്ഥാന കമ്മിറ്റി രൂപവത്കരിച്ചത്. തൃശൂര്‍ സ്വദേശി എന്‍ എ സഫീര്‍ സെക്രട്ടറിയും കുറ്റിപ്പുറം സ്വദേശി ഹരിദാസന്‍ അംബാള്‍ പ്രസിഡന്റുമായ 21 അംഗ സംസ്ഥാന കമ്മിറ്റിയാണ് രൂപവത്ക്കരിച്ചത്.

അന്ന് വരെ റെവല്യൂഷണറി യൂത്ത് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ആയിരുന്ന യുവജന സംഘടനയെ നയിച്ച ടി പി യുടെ ഒഞ്ചിയത്തെ കടുത്ത അനുയായികള്‍ പലരും പുതിയ കമ്മിറ്റിയില്‍ ഇല്ല. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് ഒഞ്ചിയത്തുള്ളവരെ വെട്ടിനിരത്തിയതെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ തുടക്കമെന്നോണം ഒരു നേതാവ് തന്റെ മകനെ പാര്‍ട്ടിയില്‍ തിരുകി കയറ്റാന്‍ ശ്രമിക്കുന്നത് ചോദ്യം ചെയ്തതിനാണ് ഒഞ്ചിയത്തെ പ്രവര്‍ത്തകരെ വെട്ടി നിരത്തിയതെന്നും ഇവര്‍ പറയുന്നു.

യു ഡി എഫിനെ പിന്തുണച്ച് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നേതൃത്വം സജീവമാണെങ്കിലും ഒഞ്ചിയത്തെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലരും വിട്ടുനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടരാനാകില്ലെന്നും ഇവര്‍ പറയുന്നു. നേതൃത്വത്തിന്റെ പല നിലപാടുകളോടും യോജിപ്പില്ലെന്നും ടി പിയെന്ന വികാരം മുന്‍നിര്‍ത്തിയാണ് പരസ്യ പ്രതികരണത്തിന് തയ്യാറാകാത്തതെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ ആര്‍ എം പിയില്‍ നയ വ്യതിയാനം സംഭവിക്കുന്നതായി ടി പിയുടെ നിഴലായി നടന്നവര്‍ പോലും രഹസ്യമായി സമ്മതിക്കുമ്പോള്‍ പാര്‍ട്ടിയില്‍ അത്തരം വിഷയങ്ങള്‍ ഇല്ലെന്ന നിലപാടിലാണ് നേതൃത്വം. എന്നാല്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ നിര്‍ണയിക്കപ്പെടുന്ന ഒരു തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നതില്‍ നേതൃത്വം ആശങ്കയിലാണ്.

എ പി ശമീര്‍