Connect with us

National

കോണ്‍ഗ്രസിന്റെ ഭരണ പരാജയമാണ് എ എ പി രൂപവത്കരിക്കാന്‍ ഇടയാക്കിയത്: കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: വികസന കാര്യങ്ങളില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഡല്‍ഹിയെ അവഗണിച്ചതാണ് ആം ആദ്മി പാര്‍ട്ടിയുടെ രൂപവത്കരണത്തിന് ഇടയാക്കിയതെന്ന് അരവിന്ദ് കെജ്‌രിവാള്‍.

“പൂര്‍ണ സംസ്ഥാനമല്ലാതിരുന്നിട്ടും ഷീല ദീക്ഷിത് സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുന്നുണ്ടല്ലോയെന്നും എന്തുകൊണ്ട് നിങ്ങള്‍ക്ക് അതു കഴിയില്ലെന്നും മുമ്പ് ജനങ്ങള്‍ എന്നോടു ചോദിച്ചിരുന്നു. അവര്‍ ഒരു സര്‍ക്കാറിനാണോ നേതൃത്വം നല്‍കിയിരുന്നതെന്ന് ഞാന്‍ തിരിച്ചുചോദിക്കുകയാണ്. അവര്‍ക്ക് അതുപോലെ സര്‍ക്കാറിനെ കൊണ്ടുപോകാന്‍ കഴിയുമെങ്കില്‍ നമുക്കും സാധിക്കും. ഷീല ദീക്ഷിത് നന്നായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ എന്തിനാണ് നിങ്ങള്‍ ഞങ്ങളെ തിരഞ്ഞെടുത്തത്. എന്തിനാണ് ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്കു വോട്ട് ചെയ്തത്.”- വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഒരു പൊതു സമ്മേളനത്തില്‍ പ്രസംഗിക്കവെ എ എ പിയുടെ ദേശീയ അധ്യക്ഷന്‍ കൂടിയായ കെജ്‌രിവാള്‍ പറഞ്ഞു.

70 വര്‍ഷത്തോളം കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലായിരുന്നു രാജ്യം. നിങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ആം ആദ്മി പാര്‍ട്ടി നിലവില്‍ വരുമായിരുന്നില്ല.
ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ലഭിച്ചാല്‍ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകള്‍ മെച്ചപ്പെടുത്താന്‍ അത് ഉപകരിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

2015ല്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്തിന്റെ നിരവധി മേഖലകളില്‍ വികസനം കൊണ്ടുവരാന്‍ എ എ പി സര്‍ക്കാറിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, പ്രധാനപ്പെട്ട ചില രംഗങ്ങളില്‍ പൂര്‍ണ സംസ്ഥാന പദവി ലഭിച്ചാല്‍ മാത്രമെ കാര്യങ്ങള്‍ കൃത്യമായി നടപ്പിലാക്കാനാവൂ.

കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാറിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. കഴിഞ്ഞ നാലുവര്‍ഷമായി തന്റെ സര്‍ക്കാറിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

Latest