Connect with us

Kerala

ജാഗ്രത വളർത്തു മൃഗങ്ങളോടും വേണമെന്ന് നിർദേശം

Published

|

Last Updated

കോഴിക്കോട്: കടുത്ത ചൂടിൽ നിന്നും സൂര്യാഘാതത്തിൽ നിന്നും വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി.

അന്തരീക്ഷ താപനില 35 ഡിഗ്രിയിൽ കൂടുകയും ആപേക്ഷിക ആർദ്രത വർധിക്കുകയും ചെയ്യുന്നത് കറവപ്പശുക്കൾക്ക് സൂര്യാഘാതത്തിന് കാരണമാകാം. അണപ്പ് കൂടുക, വായിൽ നിന്ന് നുരയും പതയും വരുക, ശ്വാസോച്ഛാസ നിരക്കും ഹൃദയമിടുപ്പും ക്രമാതീതമായി ഉയരുക, തീറ്റ തിന്നാൻ മടുപ്പ്, പാലുത്പാദനം കുറയുക എന്നിവ ലക്ഷണങ്ങളാണ്.

പ്രതിരോധ മാർഗങ്ങൾ

  • വളർത്തുമൃഗങ്ങളെ തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടാതിരിക്കുക, തണലുള്ള സ്ഥലങ്ങളിൽ മാത്രം കെട്ടുക, മേയാൻ വിടുന്നത് രാവിലെ ഒമ്പതിന് മുമ്പും വൈകീട്ട് നാല് മണിക്ക് ശേഷവും മാത്രമാക്കുക.
    ആവശ്യത്തിന് വായു സഞ്ചാരമുള്ള ഷെഡ്ഡുകളിൽ പാർപ്പിക്കുക. മേൽക്കൂരയുടെ ഉയരം പരമാവധി കൂട്ടി വായു സഞ്ചാരം കൂട്ടാം.
  • ഓലമേഞ്ഞ തൊഴുത്ത് വേനൽച്ചൂടിനെ ചെറുക്കും. ഓടിട്ടതെങ്കിൽ വൈക്കോലോ ഓലയോ നിരത്തി ചൂട് കുറക്കാൻ കഴിയും. ചൂടിനെ പ്രതിരോധിക്കാൻ തൊഴുത്തിൽ ഫാൻ ഉപയോഗിക്കാം.
  • ചൂട് കുറഞ്ഞ സമയങ്ങളിൽ മാത്രം തീറ്റ നൽകാൻ ശ്രദ്ധിക്കുക. തീറ്റയിൽ വിറ്റാമിനുകളും ധാതുലവണങ്ങളും കൂടുതലായി ഉൾപ്പെടുത്തുക. തണുത്ത, ശുദ്ധമായ വെള്ളത്തിന്റെ ലഭ്യത എല്ലായ്‌പോഴും ഉറപ്പുവരുത്തുക.
    പശുക്കളെ ദിവസവും രണ്ട് നേരമെങ്കിലും കുളിപ്പിക്കുക. ദിവസം 1,520 മിനിട്ടു കൂടുമ്പോൾ വെള്ളം ശരീരത്ത് തളിച്ചാൽ ചൂടിനെ ഒരു പരിധിവരെ ശമിപ്പിക്കാം.
  • ഗുണമേയുള്ള ബൈപ്പാസ് പോഷകങ്ങൾ അടങ്ങിയ തീറ്റ നൽകുക. മേൽപ്പറഞ്ഞ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള മൃഗാശുപത്രിയിലേക്ക് വിവരം അറിയിക്കുക.
  • കോഴികളിൽ ഉയർന്ന ശ്വാസോച്ഛാസ നിരക്കും വായ തുറന്ന് അണക്കൽ, ചിറക് ശരീരത്തിൽ നിന്ന് അകത്തി പിടിക്കൽ, ക്ഷീണം മുതലായവ ലക്ഷണങ്ങളാണ്. ഇത് കാരണം തീറ്റ പരിവർത്തന ശേഷിയും മുട്ടയുത്പ്പാദനവും കുറയുന്നു.

പ്രതിരോധ മാർഗങ്ങൾ

ആവശ്യാനുസരണം ശുദ്ധമായതും തണുത്തതുമായ വെള്ളത്തിന്റെ ലഭ്യത എല്ലാപോഴും ഉറപ്പാക്കുക.
തീറ്റ ചൂട് കുറവുള്ള പകൽ സമയങ്ങളിൽ പ്രത്യേകിച്ചു രാവിലെ സമയങ്ങളിൽ നൽകേണ്ടതാണ്.

  • ചൂട് കാരണം ശരീരത്തിൽ നിന്ന് കൂടുതലായി നഷ്ടപ്പെടുന്ന ധാതുലവണങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി ധാതുലവണങ്ങളും വിറ്റാമിനുകളും (വിറ്റാമിൻ സി, ഇ) തീറ്റയിൽ 20 ശതമാനം വരെ വർധിപ്പിക്കാം. ഇലക്‌ട്രോലൈറ്റ്‌സ് തണുപ്പിച്ച് ഐസ് ക്യൂബായി കുടിക്കുന്ന വെള്ളത്തിൽ നൽകിയാൽ ചൂടിനെ നന്നായി പ്രതിരോധിക്കാൻ സാധിക്കും.
  • കൂട്ടിലെ മേൽക്കൂരയിൽ വെള്ളപൂശിയും കൂടിന്റെ മുകളിൽ വൈക്കോൽ ചണച്ചാക്ക് എന്നിവ നിരത്തിയും കൂടിന് സീലിംഗ് നൽകിയും സൂര്യന്റെ നേരിട്ടുള്ള ചൂട് കുറക്കാവുന്നതാണ്.
  • കോഴികളെ നല്ല വായു സഞ്ചാരമുള്ള കൂടുകളിൽ പാർപ്പിക്കേണ്ടതാണ്. തിങ്ങിപാർപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണ്. കൂടുകളിൽ നല്ല വായു സഞ്ചാരത്തിനായി ഫാൻ, ചൂട് കുറക്കുന്നതിനായി ഫോഗിംഗ് എന്നിവയും ഉപയോഗിക്കാം.
  • തറയിൽ വിരിക്കുന്ന ലിറ്ററിന്റെ കനം കുറക്കുകയും ലിറ്റർ നന്നായി ഇളക്കുകയും ചെയ്യുന്നത് അഭികാമ്യമാണ്.